ലാന്‍ഡ്റോവറിന്‍െറ കണ്ടുപിടിത്തം

ബ്രിട്ടീഷുകാര്‍ ആരംഭിച്ചതും ഇപ്പോള്‍ ഇന്ത്യയുടെ സ്വന്തം ടാറ്റയുടെ ഉടമസ്ഥതയിലുള്ളതുമായ വാഹന നിര്‍മ്മാണ കമ്പനിയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍. ഇങ്ങിനെ പറയുമ്പോഴും കേള്‍ക്കുമ്പോഴും കിട്ടുന്നൊരു സന്തോഷമുണ്ട്. നൂറ്റാണ്ടുകള്‍ നമ്മെ അടക്കിഭരിച്ച കൂട്ടരുടെ നാട്ടിലെ ഏറ്റവും വലിയ കമ്പനികളിലൊന്നിപ്പോള്‍ നമുക്ക് സ്വന്തമെന്നൊരു തോന്നലാണ് ആ സന്തോഷത്തിന് കാരണം. കുഴഞ്ഞുമറിഞ്ഞ ചരിത്രമാണ് ജാഗ്വാര്‍ ലാന്‍ഡ്റോവറിന്‍േറത്. പേരുപോലെ രണ്ട് കമ്പനികളായിരുന്നു ഇവര്‍ ആദ്യം. ഇതില്‍ ലാന്‍ഡ് റോവറിന്‍െറ ചരിത്രമാരംഭിക്കുന്നത് 1878ലാണ്. അന്ന് റോവര്‍ മാത്രമേ ഉള്ളൂ. നിര്‍മിക്കുന്നത് സൈക്കിളുകള്‍.

1925ല്‍ റോവര്‍ കമ്പനി ജീപ്പിനെ മാതൃകയാക്കി ലാന്‍ഡ് റോവര്‍ എന്ന ഓഫ് റോഡര്‍ നിര്‍മിച്ചു. പിന്നീട് ഈ പേരുതന്നെ കമ്പനിക്ക് ലഭിക്കുകയായിരുന്നു. 1968 വരെ റോവര്‍ പലതരം വാഹനങ്ങള്‍ നിര്‍മിച്ചു. പിന്നീടിവയെ ലെയ്ലന്‍ഡ് വാങ്ങി. ഈ സമയമാണ് ബി.എം.സി. എന്ന ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പ്പറേഷന്‍ സീനിലേക്ക് വരുന്നത്. ഇവര്‍ ആ സമയം തന്നെ ജാഗ്വാറിനെ സ്വന്തമാക്കിയിരുന്നു. ലെയ്ലന്‍ഡിനെ കൂടി ഏറ്റെടുത്തതോടെ എല്ലാം ഒരു കുടക്കീഴിലായി. 1978ലാണ് ലാന്‍ഡ് റോവര്‍ ഒരു പ്രത്യേക വാഹന നിര്‍മ്മാണ വിഭാഗമായി മാറുന്നത്. ഇവര്‍ റേഞ്ച് റോവര്‍, ഡിസ്കവറി, ഫ്രീലാന്‍ഡര്‍, ഡിഫെന്‍ഡര്‍ തുടങ്ങിയ മോഡലുകള്‍ അവതരിപ്പിച്ചു.

ചരിത്രം മറ്റൊരുതരത്തില്‍ ആവര്‍ത്തിക്കും എന്ന് പറയുന്നത് ലാന്‍ഡ് റോവറിന്‍െറ കാര്യത്തില്‍ വളരെ ശരിയാണ്. കാരണം തങ്ങളുടെ മോഡലുകളുടെ പേരില്‍ അറിയപ്പെടാനായിരുന്നു പിന്നീട് ലാന്‍ഡ് റോവറിന്‍െറ വിധി. റേഞ്ച് റോവറായിരുന്നു ആദ്യം പ്രശസ്തനായത്. വാഹനങ്ങളിലെ എഴുത്തില്‍പോലും റേഞ്ച് റോവര്‍ ആധിപത്യം നേടി. പിന്നീട് ഈ പേരില്‍ സ്പോര്‍ട്സും ഇവോക്കും വന്നു. ചരിത്രമറിയാത്തവര്‍ റേഞ്ച് റോവറിന്‍െറ വണ്ടികളാണിതെന്ന് പറഞ്ഞ് നടന്നു. ലാന്‍ഡ് റോവറിന്‍െറ ഈ തന്ത്രത്തിന് പിന്നിലൊരു മന$ശാസ്ത്രമുണ്ട്. ജനപ്രിയമായവയെ അങ്ങിനെ തന്നെ വിറ്റഴിക്കുക. ഇത്രയൊക്കെ നീട്ടിപ്പരത്തിപ്പറയാന്‍ കാരണമുണ്ട്. ലാന്‍ഡ് റോവര്‍ തങ്ങളുടെ ജനപ്രിയ ഓഫ്റോഡറായ ഡിസ്കവറിയേയും ഉയര്‍ത്തുകയാണ്. സ്വയം ഒരു ബ്രാന്‍ഡായി. സ്വന്തം കാലില്‍ നില്‍ക്കുന്ന കുഞ്ഞുങ്ങളെ സ്വതന്ത്രമാക്കുന്ന പരിപാടി തന്നെ. പുതിയ അവതാരത്തിന്‍െറ പേര് ഡിസ്കവറി സ്പോര്‍ട്സ്.


ഡിസ്കവറി സ്പോര്‍ട്സ് ആകുമ്പോള്‍
ലാന്‍ഡ് റോവറിന്‍െറ ആഡംബര എസ്.യു.വികളാണ് റേഞ്ച് റോവറുകള്‍. വെറും ഓഫ് റോഡറുകളാണ് ഡിസ്കവറിയും ഫ്രീലാന്‍ഡറുമൊക്കെ. കൃത്യമായി പറഞ്ഞാല്‍ മഹീന്ദ്രയുടെ നാടന്‍ ജീപ്പും എക്സ്.യു.വി 5OOയും തമ്മിലുള്ള വ്യത്യാസം തന്നെ. ഈ കടുപ്പക്കാരനായ ഓഫ് റോഡറില്‍ കുറച്ച് ആഢംബരം നിറച്ചാണ് ഡിസ്കവറി സ്പോര്‍ട്സ് ആക്കിയിരിക്കുന്നത്. നമ്മുടെ ഥാറിലൊക്കെ ചെയ്തിരിക്കുന്ന പരിപാടി. റേഞ്ച് റോവര്‍ സ്പോര്‍ട്സിന് കോടികള്‍ മുടക്കേണ്ടി വരുമ്പോള്‍ ഡിസ്കവറി സ്പോര്‍ട്സ് 46ലക്ഷം മുതല്‍ ലഭിക്കും. പ്രധാന എതിരാളികള്‍ ബി.എം.ഡബ്ളു X3, ഓഡി Q5, വോള്‍വോ XC60 തുടങ്ങിയവയാണ്. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥമായി ഏഴ് സീറ്റുകള്‍ സ്പോര്‍ട്സിനുണ്ട്.

ഏറ്റവും പിന്നിലേത് കുട്ടികള്‍ക്ക് ഉപയോഗിക്കാം. ഒരാഡംബര വാഹനത്തിന് വേണ്ട എല്ലാ പ്രത്യേകതകളും ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. നാല് വേരിയന്‍െറുകളില്‍ വാഹനം ലഭിക്കും. 2.2ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് രണ്ട് പവര്‍ ഓപ്ഷനുകളാണുള്ളത്. 147ബി.എച്ച്.പിയും 187 ബി.എച്ച്.പിയും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ് എതിരാളികളിലൊന്നും കാണാത്തത്. ഫ്രീലാന്‍ഡര്‍ എന്ന തങ്ങളുടെ കരുത്തനെ ഒഴിവാക്കിയാണ് ലാന്‍ഡ് റോവര്‍ പുതിയ വാഹനത്തെ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ തികഞ്ഞ ഓഫ്റോഡര്‍ ആണ് ഡിസ്കവറി സ്പോര്‍ട്സ്.
ടി.ഷബീര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.