ഡീസല്‍ സുസുക്കി

നമ്മുടെ സുസുക്കിക്ക് 63 വയസ്സായി. ഇത്രയും കാലം ജീവിച്ചത് ചില ചിട്ടവട്ടങ്ങളൊക്കെ പാലിച്ചാണ്. മക്കള്‍ക്കൊക്കെ പെട്രോളേ കുടിക്കാന്‍ നല്‍കൂയെന്നതാണ് ഇതില്‍ പ്രധാനം. പെട്രോളിന് സ്വയംകത്തി ചാകാന്‍ തോന്നുന്നത്ര വിലയുള്ള ഇന്ത്യയിലൊക്കെ വന്നപ്പോഴാണ് ആരോഗ്യത്തിന് ഡീസലാണ് കൂടുതല്‍ നല്ലതെന്ന് മനസ്സിലായത്. പക്ഷേ, ഡീസല്‍ ഉപയോഗിക്കുന്ന ആന്തരദഹനയന്ത്രം സ്വന്തമായി ഇല്ലാത്തത് വല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചു. സുസുക്കിയെന്ന് എഴുതിവെച്ചാല്‍ ഏത് കാറും വിറ്റുപോകുന്ന നാടാണ് അന്ന് ഇന്ത്യ. ഡീസല്‍ എന്‍ജിന്‍ കൂടിയുണ്ടായാല്‍ കാര്യങ്ങള്‍ ബഹുകേമമാവും. എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുമ്പോഴാണ്  സമാനരീതിയില്‍ സങ്കടം അനുഭവിക്കുന്ന മറ്റൊരു വിരുതനെ കണ്ടത്. സാക്ഷാല്‍ ഫിയറ്റ്. ഇന്നത്തെ ഫിയറ്റല്ല അന്നുള്ളത്. ഇന്ത്യന്‍ വിപണിയെക്കുറിച്ചോ ഇന്ത്യക്കാരുടെ സ്വഭാവത്തെക്കുറിച്ചോ വലിയ പിടിയൊന്നുമില്ലാത്ത ഒരു സാധു. ഫിയറ്റ് എന്ന് എഴുതിവെച്ചാല്‍ ബെന്‍സ് പോലും വിറ്റുപോകാത്ത കാലത്തെ പഴിച്ച് കഴിയുകയായിരുന്നു അവര്‍. ജാപ്പനീസ് ബുദ്ധി ഉണര്‍ന്നു. ഫിയറ്റിന്‍െറ എന്‍ജിന്‍ എടുത്ത് സുസുക്കിയില്‍ വെച്ചു. സംഗതി സക്സസ്. ഇത് ചരിത്രം, സ്വിഫ്റ്റ് മുതല്‍ എര്‍ട്ടിഗ വരെയുള്ളവര്‍ ഫിയറ്റിന്‍െറ ഹൃദയവുമായി നാടുകീഴടക്കുന്നു. ഇത് വര്‍ത്തമാനം. ഇനിയുള്ളത് ഭാവിയാണ്. അതാവട്ടെ മൂടല്‍ മഞ്ഞുള്ള ദിവസത്തെ ശ്രീനഗര്‍ എയര്‍പോര്‍ട്ട് പോലെ കിടക്കുകയാണ് ഒന്നും വ്യക്തമല്ല.

 

ചെറിയ പെട്രോള്‍ എന്‍ജിനുകള്‍ ഉണ്ടാക്കി ചെറിയ കാറുകളില്‍ ഘടിപ്പിച്ച് ചെറിയ കുടുംബങ്ങള്‍ക്ക് വില്‍ക്കാന്‍വെച്ച് ചെറിയതോതില്‍ ജീവിക്കുന്നവരാണ് സുസുക്കി. ലോകംമുഴുവന്‍ സുസുക്കി എത്തിയതും ചെറിയ കുടുംബങ്ങളുടെ പോര്‍ച്ചുകളുടെ തണലിലാണ്. ഫിയറ്റ് തന്ന എന്‍ജിന്‍വെച്ച് ഇനി അധികം ഓടാനാവില്ല. ഫിയറ്റ് സ്വന്തം നിലക്കുതന്നെ വലിയ ആളായി മാറിക്കൊണ്ടിരിക്കുകയാണ്. പുന്തോ കണ്ട് ആളുകള്‍ അന്തം വിട്ട് നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ സ്വന്തമായി ഒരു ഡീസല്‍ എന്‍ജിന്‍ ഇല്ളെങ്കില്‍ ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ലായെന്ന് സുസുക്കിക്ക് അറിയാം. പ്രത്യേകിച്ചും ഇന്ത്യയില്‍. തല്ലിക്കൊന്നാലും പെട്രോളില്‍ നിന്ന് പിടിവിടില്ലായെന്ന് പറഞ്ഞിരുന്ന ഹോണ്ട പോലും ഡീസല്‍ എന്‍ജിന്‍ ഉണ്ടാക്കി. അതിന്‍െറ ഗുണം അവക്ക് കിട്ടുകയും ചെയ്തു. ഇതൊക്കെ കണ്ടാവാം സുസുക്കിയും  ഡീസല്‍ എന്‍ജിന്‍ ഉണ്ടാക്കാന്‍ പോവുകയാണ്.

വലിയ ഇടപാടൊന്നുമല്ല. പതിവുപോലെ ചെറുത്. വെറും 800 സി.സി രണ്ട് സിലിണ്ടര്‍ എന്‍ജിന്‍. ഇതുംകൊണ്ട് ജപ്പാനിലോ, അമേരിക്കയിലോ ചെന്നാല്‍ നാട്ടുകാര്‍ വീല്‍ക്കപ്പൂരി ബോണറ്റിലടിക്കും. അതുകൊണ്ട് ഈ എന്‍ജിന്‍െറ പ്ളാനിങ്ങും പദ്ധതിയുമൊക്കെ മുഴുവനായും ഇന്ത്യയിലാണ് നടത്തിയത്. ഇത്രയുംകാലത്തെ ജീവിതത്തില്‍ ആദ്യമായാണ് ഡീസല്‍ എന്‍ജിനില്‍ പണി നടത്തുന്നത്. മേയിലോ, ജൂണിലോ ഈ എന്‍ജിന്‍ വെച്ച കാറുകള്‍ നിരത്തിലത്തെിയേക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നമ്മുടെ സെലേറിയോയിലായിരിക്കും ഈ എന്‍ജിന്‍ ആദ്യംവരിക. 45 ബി.എച്ച്.പി ശക്തിയുള്ള എന്‍ജിന് 30 കിലോമീറ്റര്‍ മൈലേജ് ഉണ്ടാകുമെന്നാണ് സൂചന. എ.ബി.എസ് അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടാകുമെങ്കിലും ഡീസല്‍ സെലേറിയോക്ക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉണ്ടാവാന്‍ സാധ്യതയില്ല.

സെലേറിയോയെ ഈ കോലത്തില്‍ അവതരിപ്പിക്കുന്നതിനുപിന്നില്‍ വേറൊരു ലക്ഷ്യമുണ്ട്. ടാറ്റയുടെ ഏയ്സ് പോലൊരു വണ്ടിയുണ്ടാക്കി വിറ്റാല്‍ കൊള്ളാമെന്ന് സുസുക്കിക്ക് ആഗ്രഹമുണ്ട്. പാസഞ്ചര്‍ കാര്‍ വിപണി പൂട്ടിപ്പോയാലും ജീവിക്കേണ്ടേ. വൈ നയന്‍ ടി എന്ന കോഡ് നാമത്തില്‍ ഈ യുട്ടിലിറ്റി വണ്ടിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഓംനിയുടെ പിന്നില്‍ ചില കൈക്രിയകള്‍ നടത്തിയാല്‍ ഏയ്സ് പോലെയാക്കാമല്ളോ. പിക്അപ്പും പുതിയത്, അതിലെ എന്‍ജിനും പുതിയത് എന്നുപറഞ്ഞാല്‍ ആരെങ്കിലും വാങ്ങുമോയെന്നാണ് സുസുക്കിയുടെ സംശയം. അതിനാല്‍ എന്‍ജിന്‍ ആദ്യം നാട്ടുകാരെ ബോധിപ്പിക്കാന്‍ പുറത്തുവിടുന്നൂവെന്ന് മാത്രം. ഡീസല്‍ എന്‍ജിന്‍ ഉണ്ടാക്കി പരിചയമില്ലാത്തതിനാല്‍ കുറച്ച് പ്രതിബന്ധങ്ങളൊക്കെ സുസുക്കിക്ക് ഉണ്ടായി. ശബ്ദവും വിറയലും കുറക്കാന്‍ എന്തുചെയ്യണമെന്ന് അറിയാതെപോയി എന്നതാണ് ഇതില്‍ പ്രധാനം. ഇപ്പോള്‍ ഏറെക്കുറെ ഇത് പരിഹരിച്ചിട്ടുണ്ട്. ഇപ്പോള്‍ പരീക്ഷണയോട്ടം നടത്താവുന്ന സ്ഥിതിയായിട്ടുണ്ട്. ബാക്കിയൊക്കെ ഡീസല്‍ സെലേറിയോ റോഡിലിറങ്ങിയാലെ അറിയാന്‍ പറ്റൂ. 
ജൂവിന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.