അതിവിശിഷ്ട സുരക്ഷാഭടന്‍

 കാറ്റും മഴയുമേല്‍ക്കാതെ യാത്ര ചെയ്യാനാണ് നാം പ്രധാനമായും കാറുപയോഗിക്കുന്നത്. പിന്നെ അല്‍പസ്വല്‍പം സ്വകാര്യതയും ഇടതുവില്ലാത്ത യാത്രയും ഇവ നല്‍കും. കാറുകളില്‍ ബെന്‍സാണ് ഉന്നതനെന്നും നമുക്കറിയാം. വല്ലപ്പോഴും കാണാന്‍ പറ്റുമെന്നല്ലാതെ ഒരു ബെന്‍സില്‍ കയറാനുള്ള ഭാഗ്യം അധികമാര്‍ക്കും ലഭിച്ചിട്ടില്ല. നിരത്ത് നിറഞ്ഞൊഴുകുന്ന ബെന്‍സുകള്‍ കാഴ്ച്ചക്കാര്‍ക്ക് പലപ്പോഴും ആവേശവും അതിലുപരി രോമാഞ്ചവുമുണ്ടാക്കിയിരുന്നു. ബെന്‍സ് കുടുംബത്തിലെ ആര്യപുത്രനാണ് എസ് ക്ളാസ്. ലിമോസിനുകളുടെ രൂപവും എണ്ണിയാലൊടുങ്ങാത്ത സവിശേഷതകളുമുള്ള പതാകവാഹകന്‍. സാധാരണ എസ് ക്ളാസിന് ഒരു കോടി മുതലാണ് വില. ഇത് പോരാത്തവര്‍ക്ക് എ.എം.ജി എന്ന ബാഡ്ജിങ്ങില്‍ വില കൂടിയതും കരുത്ത് കൂടിയതുമായ ബെന്‍സ് ലഭിക്കും. എന്നാലിനി പറയാന്‍ പോകുന്നത് ഇതിലൊന്നുംപെടാത്ത മറ്റൊരു ബെന്‍സിനെ പറ്റിയാണ്. വഴിയില്‍ കിടക്കുന്ന കല്ലുകളുടെ കൂട്ടത്തില്‍ ബോംബുണ്ടായാലും പ്രശ്നമല്ലാത്ത ഒരു ഘടാഘടിയന്‍. ആകാശത്ത്നിന്നും മഴക്കൊപ്പം മിസൈല്‍മഴ പെയ്താലും ഇവന്‍ അതിജീവിക്കും. പേര് ബെന്‍സ് S 600 ഗാര്‍ഡ്. 


ലോകത്തിലെ ഏറ്റവും മികച്ച വാഹനങ്ങള്‍ ഉപയോഗിക്കുന്നത് ആരാണ്. ബില്‍ഗേറ്റ്, വാറന്‍ ബഫറ്റ്, അമ്പാനി തുടങ്ങിയ പേരുകളായിരിക്കും മനസ്സിലേക്കത്തെുക. എന്നാല്‍ ഓരോ രാജ്യത്തെയും പട്ടാളമാണ് ഏറ്റവും ആധുനികവും കരുത്തുറ്റതുമായ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. ജര്‍മനി, ഓസ്ട്രേലിയ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ പട്ടാളത്തിന് വാഹനങ്ങള്‍ ഉണ്ടാക്കി നല്‍കുന്നത് ബെന്‍സാണ്. ഇത്തരം വാഹനങ്ങളുടെ പ്രത്യേകതകളും സിവിലിയന്‍ ആവശ്യങ്ങളും കോര്‍ത്തിണക്കി ബെന്‍സ് പുറത്തിറക്കുന്ന വിഭാഗമാണ് ഗാര്‍ഡ്. S ഗാര്‍ഡ്, E ഗാര്‍ഡ്, M ഗാര്‍ഡ്, G ഗാര്‍ഡ് തുടങ്ങിയവയാണ് ഈ കുടുംബത്തിലെ അംഗങ്ങള്‍. ഇതിലെ ഏറ്റവും പുതിയ അവതാരമാണ് S600 ഗാര്‍ഡ്. വെടിയുണ്ടയേല്‍ക്കാത്ത പുറംചട്ടയും ഗ്ളാസുകളും, ഗ്രനേഡും കുഴിബോംബുകളും തോറ്റുപോകുന്ന അടിവശം, യാത്രാസുഖത്തിന് എയര്‍മാറ്റിക് സസ്പെന്‍ഷന്‍, ഇന്‍റലിജന്‍റ് ഡ്രൈവര്‍ അസിസ്റ്റന്‍സ്, കരുത്തുറ്റ V12 എന്‍ജിന്‍ എന്നിങ്ങനെ സുരക്ഷക്കും യാത്രാസുഖത്തിനും വേണ്ടതെല്ലാം ഗാര്‍ഡിലുണ്ട്. 


നിര്‍മാണം 
ഓരോ S ഗാര്‍ഡുകളും വിദഗ്ധരായ എന്‍ജിനീയര്‍മാരുടെ കരസ്പര്‍ശമേറ്റാണ് ജര്‍മനിയിലെ സില്‍ഡെല്‍ഫിഗെന്‍ മെര്‍ക് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങുന്നത്. ജര്‍മനിക്ക് പുറത്ത് മറ്റൊരു രാജ്യത്തും ഗാര്‍ഡുകളുടെ നിര്‍മാണമോ കൂട്ടിയോജിപ്പിക്കലോ ഇല്ല. പൂര്‍ണാര്‍ഥത്തില്‍ ഹാന്‍ഡ്മെയ്ഡാണ് S ഗാര്‍ഡ്. ഉരുക്കില്‍ തീര്‍ത്ത അകംചട്ടക്ക് പുറത്ത് സ്റ്റീലുകളുടെ ആവരണം പല പാളികളായി ഇണക്കിചേര്‍ക്കുന്നു. ഏറെ വെല്ലുവിളി നിറഞ്ഞതാണ് ഗ്ളാസ് ഏരിയകളുടെ നിര്‍മാണം. സുതാര്യത ഉറപ്പുവരുത്തി സുരക്ഷയൊരുക്കാന്‍ പോളികാര്‍ബണേറ്റുകളുടെ ആവരണമാണ് ഗ്ളാസുകളില്‍ ഉപയോഗിക്കുന്നത്. 10 mm കനമുള്ള ദൃഡീകരിച്ച ഗ്ളാസുകള്‍ക്ക് മാത്രം 135 കിലോയോളം ഭാരം വരും. സാധാരണ കൈത്തോക്കില്‍നിന്നുള്ളതിനേക്കാള്‍ രണ്ട് മടങ്ങ് വേഗത്തില്‍ വരുന്ന വെടിയുണ്ടകളെ വരെ ഇവ പ്രതിരോധിക്കും. പൂര്‍ണമായും അടച്ചുമൂടിയ അടിവശമാണ് വാഹനത്തിന്. ഗ്രനേഡുകളും മൈനുകളും പ്രതിരോധിക്കത്തക്കവിധമാണ് നിര്‍മാണം. ഇത്തരം വാഹനങ്ങളില്‍ നിര്‍ണായകമാണ് ഇന്ധന ടാങ്കിന്‍െറ രൂപകല്‍പന. എല്ലാത്തരം അപകടഘട്ടങ്ങളേയും അതിജീവിക്കാന്‍ ശേഷിയുള്ളതാണ് S ഗാര്‍ഡിന്‍െറ ടാങ്ക്. ശക്തമായ സ്ഫോടനത്തില്‍ പൊട്ടലോ മറ്റോ ഉണ്ടായാല്‍ ഇവ സ്വയം സീല്‍ ചെയ്ത് ഇന്ധന ചോര്‍ച്ച തടയും. കാര്‍ബണ്‍ ഫൈബര്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഉള്‍വശം കൂടിയാകുമ്പോള്‍ സുരക്ഷ പൂര്‍ണമാകുന്നു. ഇത്തരം കൂട്ടിച്ചേര്‍ക്കലുകളിലൂടെ സാധാരണ എസ് ക്ളാസിനേക്കാള്‍ 2165 കി.ഗ്രാം ഭാരം കൂടുതലാണ് ഗാര്‍ഡിനുണ്ടാകുന്നത്. വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് നല്‍കുന്ന UR9 റേറ്റിങ് ലഭിച്ച ഏക സിവിലിയന്‍ വാഹനവും ഗാര്‍ഡാണ്. 


മറ്റ് സൗകര്യങ്ങള്‍
സാധാരണ S ക്ളാസിലെ മുഴുവന്‍ ആഡംബരങ്ങളും ഗാര്‍ഡിലുമുണ്ട്. 5 സീറ്റ്, 4 സീറ്റ് എന്നിങ്ങനെ വാഹനം ലഭ്യമാണ്. ഇതൊന്നും പോരാത്തവര്‍ക്ക് ചില അധികസൗകര്യങ്ങള്‍ തെരഞ്ഞെടുക്കാനുള്ള അവസരവും ബെന്‍സ് നല്‍കുന്നു. എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന പാനിക് അലാം, ഓട്ടോമാറ്റിക് ഫയര്‍ എക്സ്റ്റിങ് ഗുഷര്‍, വാഹനം പുകകൊണ്ട് നിറഞ്ഞാല്‍ ഉപയോഗിക്കാവുന്ന എമര്‍ജന്‍സി ഫ്രെഷ് എയര്‍ സിസ്റ്റം, പിന്നില്‍ പ്രത്യേകം ക്രമീകരിക്കാവുന്ന എല്‍.ഇ.ഡി റീഡിങ് ലൈറ്റ്, ചൂടാക്കാവുന്ന വില്‍ഡ്സ്ക്രീനും സൈഡ് മിററുകളും തുടങ്ങിയവ ഉടമകള്‍ക്ക് ഓപ്ഷണലായി തെരഞ്ഞെടുക്കാം. 


സാങ്കേതിക മികവുകള്‍ 
S ഗാര്‍ഡിന് കരുത്തേകുന്നത് 12 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. 530 ബി.എച്ച്.പി കരുത്തുല്‍പാദിപ്പിക്കും ഈ ഭീമാകാരന്‍. പുത്തന്‍ 7 ജി. ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഗാര്‍ഡിനുള്ളത്. മികച്ച ഇന്ധന ക്ഷമതയും കുതിപ്പും എന്‍ജിന്‍ നല്‍കും. വലിയ ബ്രേക്കുകളാണ് ഗാര്‍ഡിന്. വാഹനത്തിന്‍െറ അധികഭാരം നിയന്ത്രിക്കാനുതകുന്ന വലിയ ഡിസ്കുകളും ആറ് പിസ്റ്റണോട് കൂടിയ കാലിപ്പറുകളും മികച്ച നിയന്ത്രണം തരും. എയര്‍മാറ്റിക് സസ്പെന്‍ഷന്‍ യാത്ര സുഖപ്രദമാക്കുന്നു. ഭാരക്കൂടുതല്‍ കൊണ്ട് കുറയുന്ന ഗ്രൗണ്ട് ക്ളിയറന്‍സ് പരിഹരിക്കാന്‍ കൂടുതല്‍ സ്റ്റീന്‍ സ്പ്രിങ്ങുകള്‍ നല്‍കിയിട്ടുണ്ട്. സ്റ്റാന്‍ഡേര്‍ഡ് എസ് ഗാര്‍ഡിലുള്ള മിച്ചലിന്‍ റണ്‍ ഫ്ളാറ്റ് ടയറുകളാണ് ഗാര്‍ഡിലും. തകരാറിലായാലും നിരവധി കിലോമീറ്ററുകള്‍ ഓടാനിവക്കാകും. പത്ത് കോടിയിലധികം മുടക്കാന്‍ മടിശീലയില്‍ കനമുള്ളവര്‍ക്ക് S 600 ഗാര്‍ഡിനെ പോര്‍ച്ചിലത്തെിക്കാം. 


ബാക്കിവെച്ചത്: രണ്ട് വീലുകളും എട്ട് കാലുകളുമുള്ള കാള വണ്ടിയില്‍ യാത്ര ചെയ്ത് ശീലമുള്ളവരാണ് ഇന്ത്യയിലെ ദരിദ്ര്യ കോടികള്‍. രണ്ട് ലക്ഷം കൊടുത്താല്‍ കിട്ടുന്ന ‘ഒരു ലക്ഷ’ത്തിന്‍െറ നാനോ വന്യസ്വപ്നങ്ങളില്‍പോലുംകാണാനാകാത്തവര്‍. എന്നാല്‍ ഇവിടെയുമുണ്ട് S.ഗാര്‍ഡ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവര്‍. അതില്‍ രാഷ്ടീയക്കാരും കച്ചവടക്കാരും സ്പോര്‍ട്സ് താരങ്ങളും മാഫിയാ തലവന്മാരും ഉള്‍പ്പെടും.

ഷബീര്‍ പാലോട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.