സൺറൂഫ് ചോർച്ചക്ക് പിന്നാലെ മറ്റൊരു പ്രശ്നംകൂടി; സ്കോർപ്പിയോയുടെ പേരിൽ മഹീന്ദ്രയെ വിടാതെ യൂ ട്യൂബർ

വെള്ളച്ചാട്ടത്തിന് അടിയില്‍ പാര്‍ക്ക് ചെയ്ത സ്‌കോര്‍പിയോ എൻ എസ്.യു.വിയുടെ സണ്‍റൂഫ് ചോര്‍ന്നത് വലിയ വാർത്തയായിരുന്നു.അതിന് ബദലായി ചോരാത്ത രീതിയിൽ വെള്ളച്ചാട്ടത്തിന് അടിയിൽ സ്കോർപ്പിയോ നിർത്തിയിട്ട് വിഡിയോ എടുത്ത് മഹീന്ദ്രയും പോസ്റ്റ് ചെയ്തിരുന്നു. ഈ തർക്കം എസ്‌.യു.വി ഉടമയായ അരുണ്‍ പവാറും മഹീന്ദ്രയും തമ്മില്‍ സോഷ്യല്‍ മീഡിയ പോരിലേക്കാണ് നീങ്ങുന്നത്. സ്‌കോര്‍പിയോക്കെതിരെ പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അരുണ്‍ പവാര്‍ ഇപ്പോള്‍.

തന്റെ വാഹനത്തിന്റെ സണ്‍റൂഫ് അടയ്ക്കാന്‍ സാധിക്കുന്നില്ലെന്നാണ് യൂട്യൂബറുടെ പുതിയ പരാതി. വെള്ളം കയറിയുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് സണ്‍റൂഫ് പകുതിയിൽ കുടുങ്ങിയതായി കാണിച്ച് അരുണ്‍ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. സണ്‍റൂഫ് ഇപ്പോഴും കുടുങ്ങിയിരിക്കുകയാണെന്നും പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് വിഡിയോയില്‍ പറയുന്നത്.

വെളളച്ചാട്ടത്തില്‍ നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് സണ്‍റൂഫ് ചോര്‍ന്ന് സ്‌കോര്‍പിയോ N-ന്റെ ക്യാബിനുള്ളില്‍ വെള്ളമെത്തിയിരുന്നു. ഇതിന് ശേഷം എസ്‌.യു.വിയുടെ ഇലക്ട്രിക്കല്‍ യൂനിറ്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഒപ്പം തന്നെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സണ്‍റൂഫും പ്രവര്‍ത്തിക്കാതെയായി. ഇതിൽ ചിലത് പിന്നീട് ശരിയായെങ്കിലും സൺറൂഫ് ഇപ്പോഴും പാതി തുറന്നനിലയിലാണ്.



എസ്‌.യു.വിയുമായി ഹിമാചല്‍ പ്രദേശിലെ സ്പിറ്റി വാലിയില്‍ എത്തിയലതായിരുന്നു അരുണ്‍. വിദൂര സ്ഥലമായതിനാല്‍ തന്നെ കാര്‍ സര്‍വീസ് സെന്ററില്‍ എത്തിക്കാതെ അവര്‍ യാത്ര തുടരുകയായിരുന്നു. വാഹനത്തിനകത്തെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സംഭവം നടന്ന് കുറച്ച് സമയങ്ങള്‍ക്ക് ശേഷം പൂര്‍വ്വസ്ഥിതിയിലായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നാല്‍ സണ്‍റൂഫ് യൂനിറ്റ് അടയ്ക്കാനായിരുന്നില്ല.

അരുണും സുഹൃത്തും ചേര്‍ന്ന് കാര്‍ ഹിമാചല്‍ പ്രദേശിലെ വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി. ആ സാഹചര്യങ്ങളിലെന്നും സണ്‍റൂഫ് പൂര്‍ണമായി അടയുന്നുണ്ടയിരുന്നില്ല. ഈ സമയം സണ്‍റൂഫ് ബ്ലൈന്‍ഡ് ഇട്ടായിരുന്നു സഞ്ചാരം. താപനില നെഗറ്റീവിലെത്തുകയും മഞ്ഞുവീഴ്ചയുണ്ടാകുകയും ചെയ്ത സാഹചര്യങ്ങളില്‍ അവര്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. യൂട്യൂബറുടെ വീഡിയോ വലിയ ചര്‍ച്ചയായി മാറിയിരുന്നു.


ഇതോടെ മഹീന്ദ്രയ്ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നതോടെ ഇതിനെല്ലാം ഒരു പ്രതികരണമെന്ന നിലയിലാണ് കമ്പനി സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവെച്ചത്. ഹിമാചല്‍ പ്രദേശില്‍ അരുണ്‍ കാര്‍ പാര്‍ക്ക് ചെയ്ത അതേ വെള്ളച്ചാട്ടത്തിന് അടിയില്‍ വണ്ടിവെച്ചാണ് മഹീന്ദ്ര മറുപടി വീഡിയോ ചെയ്തത്. സ്‌കോര്‍പിയോയുടെ മുകളില്‍ ശക്തിയായി വെള്ളം വീഴുന്നുണ്ടെങ്കിലും യാതൊരു ചോര്‍ച്ചയും ഉണ്ടായില്ല. എന്നാലിത് അനുകരിക്കരുതെന്ന് മഹീന്ദ്ര അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തേയുണ്ടായ ചോർച്ചയുടെ കാരണം വിശദീകരിക്കുകയോ ഇനിയൊരു ചോർച്ചയും ഉണ്ടാകില്ല എന്ന് ഉറപ്പുനൽകാതെയുമുള്ള കമ്പനിയുടെ വിഡിയോ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് വിമർശനം ഉയരുന്നത്.

Tags:    
News Summary - Youtuber with sunroof leak has new issue: Mahindra Scorpio-N sunroof won’t close

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.