ഇ.വികളോടുള്ള വിമുഖത മാരുതി യുഗത്തിന്​ അന്ത്യം കുറിക്കുമോ; ഹൈബ്രിഡ്​-സി.എൻ.ജി പ്രണയകാലത്തെ ചിന്തകൾ

ലോകത്തെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം തിരക്കിട്ടുള്ള മാറ്റത്തിന്‍റെ പാതയിലാണ്​. വൈദ്യുതിയാണ്​ ഭാവിയുടെ ഇന്ധനമെന്ന തിരിച്ചറിവ്​ ഏതാണ്ട്​ എല്ലാവർക്കും ഉണ്ടായിട്ടുമുണ്ട്​. ഇതിനിടയിലും ലോകത്തിലെത​െന്ന ഒരു പ്രമുഖ നിർമാതാവ്​ വൈദ്യുത വാഹനങ്ങളോട്​ മുഖംതിരിഞ്ഞുനിൽക്കുകയാണ്. ​ഇന്ത്യൻ വാഹന ലോകത്തെ അതികായരായ മാരുതിയാണ്​ ആ നിർമാതാവ്​. വൈദ്യുതിയേക്കാൾ സി.എൻ.ജിയും ഹൈബ്രിഡ്​ വാഹനങ്ങളുമാണ്​ നല്ലതെന്ന ധാരണയിലും ആത്മവിശ്വാസത്തിലുമാണ്​ കമ്പനി.


ചരിത്രവും വർത്തമാനവും

ഒരു കാലത്ത്​ ലോകത്തിന്‍റെ കാമറ വ്യവസായം നിയന്ത്രിച്ചിരുന്നത്​ ​േകാഡാക്​ കമ്പനിയാണ്​. കാമറയും ഫിലിമും നിർമിച്ച്​ കുത്തകയായ കമ്പനിയാണിത്​. ഇവരുടെ തകർച്ചയെപറ്റി പറയുന്നൊരു കഥയുണ്ട്​. ഡിജിറ്റർ യുഗം ആരംഭിച്ചപ്പോൾ ലോകത്തെ പ്രമുഖ കാമറ നിർമാതാക്കളെല്ലാം അങ്ങോ​േട്ടക്ക്​ മാറാൻ ആരംഭിച്ചു. എന്നാൽ കോഡാകിനുമാത്രം അത​ത്ര നല്ല കാര്യമായി തോന്നിയില്ല. കാമറക്കൊപ്പം ഫിലിമും നിർമിക്കുമായിരുന്നല്ലോ കോഡാക്​. അവർ​ നിർമിക്കുന്ന ഫിലിം വൻതോതിൽ വിറ്റഴിക്കപ്പെട്ട കാലംകൂടിയായിരുന്നു അത്​. കൂടാതെ വൻതോതിൽ ഫിലിം നിർമിച്ച്​ സ്റ്റാക്ക്​ ചെയ്യുകകൂടി ചെയ്​തിരുന്നു കമ്പനി. ഫിലിം കാമറ ഇല്ലാതായാൽ ഫിലിം വ്യവസായം തകരുമെന്നും അതുകൊണ്ട്​ തങ്ങളുടെ ഉത്​പറ്റത്തിന്​ ഡിമാൻഡ്​ നഷ്​ടപ്പെടുമെന്നുമൊരു മൂഡവിശ്വാസം കോഡാക്​ കമ്പനിക്കുണ്ടായി. എല്ലാവരും ഡിജിറ്റൽ കാമറകൾ നിർമിക്കാൻ തുടങ്ങിയപ്പോൾ കോഡാക്​ ഫിലിം കാമറകളുമായി മുന്നോട്ടുപോയി.


കുറച്ചുനാൾ കഴിഞ്ഞപ്പോൾ കമ്പനിയുടെ കാമറയും ഫിലിമും ആർക്കും വേണ്ടാതായെന്നാണ്​ ചരിത്രം. ഇതിവിടെ ഓർമിക്കാൻ കാരണം മാരുതി സുസുക്കിയുടെ നയവും ഏതാണ്ട്​ ഇതിന്​ തുല്യമായതുകൊണ്ടാണ്​. 2020ൽതന്നെ വൈദ്യുത വാഹനം നിർമിക്കാൻ ആലോചിച്ച കമ്പനിയാണ്​ മാരുതി. അന്നത്തെ പദ്ധതി അനുസരിച്ച് എല്ലാം അനുകൂലമായി നടന്നിരുന്നെങ്കിൽ മാരുതിയുടെ ആദ്യ ഇവി 2020ൽതന്നെ പുറത്തുവരുമായിരുന്നു. ഇപ്പോഴും തങ്ങൾ ഇ.വി നിർമാണത്തിലാണെന്ന്​ കമ്പനി പറയുന്നുണ്ടെങ്കിലും ഇതുവരെ ഒരു ഉത്​പന്ന രൂപം ഉണ്ടായിട്ടില്ല. വാഗൺ ആർ അധിഷ്‌ഠിത ഇ.വിയുടെ ചിത്രങ്ങൾ പലപ്പോഴായി പുറത്തുവന്നിരുന്നു. ഇതുവരെ 50ഓളം പ്രോട്ടോടൈപ്പുകൾ കമ്പനി റോഡ് പരിശോധനയ്ക്ക് വിധേയമാക്കിയെന്നും വിവരമുണ്ട്​. പക്ഷെ അനിവാര്യമായ പ്രൊഡക്ഷൻ സ്​പെക്​ ഇ.വി മാത്രം ഇനിയും നിരത്തിലെത്തിയിട്ടില്ല.

സി.എൻ.ജിയും ഹൈബ്രിഡും

പ്രമുഖ വാഹന‌ നിർമാതാക്കളെല്ലാം‌ ഇ‌വികൾ‌ വിപണിയിൽ‌ അവതരിപ്പിച്ചപ്പോഴും മാരുതി നിശബ്​ദത തുടരുകയാണ്​. ഇതേപറ്റി മാരുതി സുസുകി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറയുന്നത്​ ഇങ്ങിനെയാണ്​. 'യഥാർഥത്തിൽ വലിയ തോതിലും പ്രായോഗികമായും സുസ്ഥിരവുമായി ഇ.വികൾ നിർമിക്കാൻ സാധിച്ചില്ലെങ്കിൽ പരിസ്ഥിതിയിൽ നിങ്ങൾക്ക് കൃത്യമായ മാറ്റം വരുത്താൻ കഴിയില്ല. ഇവികളുടെ കാര്യത്തിൽ അത്തരമൊരു അവസ്​ഥയിലേക്ക് എത്താൻ ഒരു നിർമാതാവിനും ഇനിയും കഴിഞ്ഞിട്ടില്ല' -ശശാങ്ക് പറയുന്നു. മാരുതിയുടെ വീക്ഷണത്തിൽ ഇ.വികളുടെ കാര്യത്തിൽ നാം ഇപ്പോഴും പ്രാഥമികഘട്ടത്തിലാണെന്നാണ്​. പൂർണതക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ്​ കമ്പനിയെന്നും കാണാം. പക്ഷെ കച്ചവടമെന്നത്​ കാത്തിരിക്കുന്നവരുടെ തട്ടകമല്ല എന്നതിന്​ ചരിത്രം സാക്ഷിയാണ്​. അവസരങ്ങളെ അതിവേഗം കൈക്കലാക്കുകയാണ്​ ബിസിനസിലെ ഒരേയൊരു വിജയ തന്ത്രം. സി.എൻ.ജി, ഹൈബ്രിഡ്​ സാ​ങ്കേതികതകളെയാണ്​ മാരുതി നിലവിൽ വൈദ്യുതിക്ക്​ ബദലായി കാണുന്നത്​. തങ്ങളുടെ മൊത്തം വിൽപ്പനയുടെ 11 ശതമാനം സി.എൻ.ജി വാഹനങ്ങളാണെന്നാണ്​ മാരുതി പറയുന്നത്​.

മാരുതി സുസുകി മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ

ഉത്സവ സീസണോടെ ഡീസലിൽ പ്രവർത്തിക്കുന്ന ബ്രെസ്സ, എർട്ടിഗ എന്നിവയുടെ ഉത്പാദനം ആരംഭിക്കാനും മാരുതിക്ക്​ ഉദ്ദേശമുണ്ട്​. ഇ.വികളിലേക്ക് ചുവടുമാറും മുമ്പ്​ ഹൈബ്രിഡുകളെ ആശ്രയിക്കാം എന്നതും കമ്പനിയുടെ നയമാണ്​. നിലവി​ലെ ബിസിനസ്സ് അന്തരീക്ഷം ഇവികൾക്ക് അനുയോജ്യമല്ലെങ്കിലും, വ്യവസായം ഒടുവിൽ അവിടേക്ക് കുടിയേറുമെന്ന് തന്നെയാണ്​ ശ്രീവാസ്തവ വിശ്വസിക്കുന്നത്​. 'എത്ര വേഗത്തിലാണ് എന്നതാണ്​ ചോദ്യം. ഇവയെല്ലാം ബാറ്ററി സാങ്കേതികവിദ്യയുടെ വികാസത്തെ ആശ്രയിച്ചിരിക്കുന്നു. ഇത് ഇവികളുടെ ഏറ്റെടുക്കൽ ചെലവ് കുറയ്ക്കാൻ സഹായിക്കും'- അദ്ദേഹം പറയുന്നു. ചില മോഡലുകൾക്ക് വേരിയന്‍റായി 'സ്മാർട്ട് ഹൈബ്രിഡ്' സംവിധാനം വാഗ്ദാനം ചെയ്യുന്ന മാരുതി, പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക്​ മാറ​ുന്നതിനുള്ള വഴിയായാണ്​ ഇതിനെ കാണുന്നത്​. 'വൈദ്യുതീകരണത്തിലേക്കുള്ള വഴി ഹൈബ്രിഡൈസേഷനിലൂടെയായിരിക്കുമെന്ന് ഞാൻ കരുതുന്നു. സർക്കാർ പിന്തുണക്കേണ്ട മറ്റൊരു മേഖലയാണിത്​. കാരണം ഈ പവർട്രെയിൻ ഘടകങ്ങൾ പ്ലഗ്-ഇൻ ഹൈബ്രിഡുകൾക്കും ഇവികൾക്കുമിടയിൽ ഒരുപോലെണ്'-ശ്രീവാസ്തവ പറഞ്ഞു. ഇ.വിയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ പ്രാദേശികവൽക്കരിക്കുന്നതിന് ഹൈബ്രിഡൈസേഷൻ തന്ത്രവും സർക്കാർ പിന്തുണയും സഹായിക്കുമെന്നും ഇ.വികൾക്കുള്ള കയറ്റുമതി അടിത്തറയായി ഇന്ത്യയെ മാറ്റാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിലയിലെ അന്തരം

ശശാങ്ക് ശ്രീവാസ്തവ പറയുന്ന മറ്റൊരു കാര്യം വൈദ്യുത വാഹനങ്ങളും ഇ​േന്‍റണൽ കംപാഷൻ എഞ്ചിൻ വാഹനങ്ങളും തമ്മിലുള്ള വിലയിലെ ഭീമമായ അന്തരമാണ്​. ഒരു ഇ.വിയുടെയും ആന്തരിക ജ്വലന എഞ്ചിൻ (ഐസിഇ) വാഹനത്തിന്‍റെയും പവർട്രെയിൻ ചെലവുകൾ തുല്യമാകുമ്പോഴേ വിപണി മത്സരാധിഷ്​ടിതമാകൂ എന്ന്​ ശശാങ്ക് പറയുന്നു. യു‌എസ്‌എ, യൂറോപ്പ്​ എന്നിവിടങ്ങളിൽ ഒരു ഐ‌സി‌ഇ പവർ‌ട്രെയിനിന്‍റെ വില 8,000-9,000 യുഎസ് ഡോളറാണ് (ഏകദേശം 5.8-6.5 ലക്ഷം രൂപ). ഇവി പവർ‌ട്രെയിനിന് 16,000 യുഎസ് ഡോളർ (ഏകദേശം 11.6 ലക്ഷം രൂപ) വിലവരും. പുതിയ നിയന്ത്രണങ്ങൾ, എമിഷൻ മാനദണ്ഡങ്ങൾ കർശനമാക്കൽ, ഐസിഇ വാഹനത്തിന്‍റെ വില ഉയർത്തൽ, ബാറ്ററി വില കുറക്കൽ എന്നിവയിലൂടെ ഇവി വ്യവസായത്തിന് വരും വർഷങ്ങളിൽ മുന്നേറാമെന്നാണ്​ മാരുതിയുടെ പ്രതീക്ഷ.


രണ്ടുതരം വാഹനങ്ങളും തമ്മിൽ ഒരിക്കൽ തുല്യത കൈവരിക്കപ്പെട്ടാൽ ഇവികളിലേക്ക് എളുപ്പത്തിൽ മാറാം. കാരണം ഇവികളുടെ പ്രവർത്തന ചെലവ് കുറവാണ്. ഗവൺമെന്‍റുകൾ കൂടുതലായി ഇവികളെ പ്രോത്സാഹിപ്പിക്കുന്നതിനാൽ കാര്യങ്ങൾ ഇവികൾക്ക് അനുകൂലമാകും. 'ഏകദേശം ആറുവർഷം മുമ്പ് കരുതിയിരുന്നത്​ 2023ൽ ഈ വ്യതിചലന ഘട്ടത്തിലെത്തുമെന്നായിരുന്നു. എന്നാൽ ഇന്ന് ആളുകൾ പറയുന്നത് അഞ്ചോ ആറോ വർഷത്തിനുള്ളിൽ എത്തുമെന്നാണ്- ശ്രീവാസ്തവ പറയുന്നു. നിലവിലെ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നെറ്റ്‌വർക്കും ഒരു തടസ്സമായി മാരുതി കാണുന്നു.

സി‌എൻ‌ജിയെ വിശ്വസിച്ച്​ മാരുതി

ഇവി മാർക്കറ്റിൽ നിന്നുള്ള താൽക്കാലിക പിന്മാറ്റത്തിലും മാരുതിക്ക്​ ആശ്വാസമാകുന്നത്​ സി.എൻ.ജി വാഹനങ്ങളാണ്​. വർധിച്ചുവരുന്ന ഡീസൽ, പെട്രോൾ വില സി‌എൻ‌ജിയിൽ ഓടുന്ന വാഹനങ്ങൾക്ക് അനുകൂലമാണ്​. 2020 ഏപ്രിൽ-ഡിസംബർ കാലയളവിൽ പാസഞ്ചർ വാഹന വിപണിയിൽ 17 ശതമാനം ഇടിവുണ്ടായപ്പോൾ സിഎൻജി വാഹന വിഭാഗത്തിൽ 25 ശതമാനം വളർച്ചയുണ്ടായതായി ശ്രീവാസ്തവ ചൂണ്ടിക്കാട്ടുന്നു. രണ്ട് വർഷം മുമ്പ് വരെ, മാരുതി സുസുക്കിയുടെ വിൽപ്പനയിൽ നാലിലൊന്ന് അതിന്‍റെ ഡീസൽ വേരിയന്‍റുകളിൽ നിന്നാണ് വന്നത്. ഡീസൽ വാഹനങ്ങളുടെ ആവശ്യം കുറയുന്ന പുതിയ കാലത്ത്​ സി‌എൻ‌ജി വേരിയന്‍റുകൾ‌ക്ക് കമ്പനിയുടെ വിൽ‌പന ശൂന്യത നികത്താൻ‌ കഴിഞ്ഞുവെന്ന് ശ്രീവാസ്തവ പറയുന്നു. 'സി‌എൻ‌ജി വളരെ നല്ലതാണ്. ഞങ്ങളുടെ പോർട്ട്‌ഫോളിയോയുടെ വിപുലീകരണത്തിന്​ അവ സഹായിച്ചു'-ശ്രീവാസ്തവ പറഞ്ഞു. 2020 മുതൽ 2021 ജനുവരി വരെ മാരുതി സുസുക്കി 1,10,350 സി‌എൻ‌ജി വാഹനങ്ങൾ വിറ്റു. ഇത് മൊത്തം വിൽ‌പനയുടെ 11 ശതമാനമാണ്​. കമ്പനിയുടെ സി‌എൻ‌ജി വാഹന വിൽ‌പന 2021 സാമ്പത്തിക വർഷം 1,40,000 യൂണിറ്റിലെത്തുമെന്നാണ്​ പ്രതീക്ഷ.

മാരുതിയുടെ ഭാവി

മാരുതിയുടെ ചില അഭിപ്രായങ്ങൾക്ക്​ പഴയ കോഡാക്​ കമ്പനിയുടെ വാദങ്ങളുമായി സാമ്യം തോന്നിയാൽ ആരേയും കുറ്റം പറയാനാകില്ല. വ്യവസായങ്ങളുടെ ഭാവി നിർണയിക്കുന്നത്​ രണ്ടോ മൂന്നോ വർഷ​െത്ത പദ്ധതികൾ മുൻകൂട്ടികണ്ടുകൊണ്ടാവരുത്​. അങ്ങിനെയുള്ളവരെ മറികടന്നുപോകാൻ എതിരാളികളുടെ വൻനിരതന്നെ കാത്തിരിപ്പുണ്ടെന്നതാണ്​ യാഥാർഥ്യം. വൈദ്യുത വാഹന വിപണിയിൽ തുടക്കക്കാരുടെ തള്ളിക്കയറ്റം വൻതോതിൽ നടക്കുന്നുണ്ട്​. മികച്ച സാ​ങ്കേതിക വിദ്യ കൈവശമുള്ളവരായിരിക്കും ഭാവിയിൽ അതിജീവിക്കുക. രാജ്യം നിലവിൽ കാത്തിരിക്കുന്നത്​ മധ്യവർഗത്തിന്​ കയ്യിലൊതുങ്ങുന്ന വിലയും മൈലേജും മറ്റ്​ ഫീച്ചറുകളുമുള്ള ഒരു ചെറു ഇ.വിക്കായാണ്​. പണ്ട്​ 800 ൽ തീർത്ത വിപ്ലവം ഇ.വികളിൽ ആവർത്തിക്കാനായാൽ മാരുതി ഇന്ത്യയിൽ കിരീടംവയ്​ക്കാത്ത രാജാവായി തുടരും. സി.എൻ.ജിയും ഹൈബ്രിഡും എന്നുള്ള മന്ത്രങ്ങളുമായി ഇരിപ്പുറപ്പിച്ചാൽ അത്​ ഈ അതികായന്‍റെ പതനത്തിലേക്കാവും നയിക്കുക. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.