മോഷ്ടിക്കാൻ എളുപ്പം ഈ കാറുകൾ; വിഡിയോ വൈറലായതോടെ അങ്കലാപ്പിലായി കമ്പനികൾ

വാഹന സുരക്ഷ എന്ന് പറയുമ്പോൾ വാഹനത്തിൽ ഉള്ളവരുടെ സുരക്ഷ എന്നാകും നാം ആദ്യം മനസിലാക്കുക. എന്നാൽ വാഹനങ്ങൾ മോഷ്ടിക്കപ്പെടാതെ ഇരിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളും വാഹന സുരക്ഷയിൽപ്പെടുന്നതാണ്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ചില വിഡിയോകളാണ് വാഹനങ്ങളുടെ സുരക്ഷ വീണ്ടും ചർച്ചയാകാൻ കാരണം. ഈ വിഡിയോകൾ ലോകത്തിലെ രണ്ട് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെയും കിയയുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്.

വൈറലായി ടിക് ടോക് വിഡിയോകൾ

അടുത്ത കാലത്ത് അമേരിക്കയില്‍ ഒരു ടിക്‌ടോക് ചലഞ്ച് വീഡിയോ വൈറലായിരുന്നു. 2015 മുതല്‍ 2019 വരെ വിറ്റ കിയ, ഹ്യുണ്ടായി കാറുകളില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടെന്നായിരുന്നു വിഡിയോയുടെ ഉള്ളടക്കം. കള്ളന്‍മാര്‍ക്ക് മോഷ്ടിക്കാന്‍ ഏറ്റവും എളുപ്പമുള്ള കാറുകള്‍ ഹ്യുണ്ടായിയുടെയും കിയയുടേതുമാണെന്നായിരുന്ന വീഡിയോയില്‍ പറയുന്നത്. യു.എസ്.ബി കോഡും സ്‌ക്രൂഡ്രൈവറും ഉപയോഗിച്ച് എങ്ങനെ കാര്‍ കടത്താം എന്നായിരുന്നു വിഡിയോ വിശദീകരിക്കുന്നത്. കാറുകളില്‍ ഇമൊബിലൈസര്‍ ഇല്ലാത്തതിനാലാണ് ഇത് സാധ്യമായിരുന്നത്.

പ്രതിസന്ധിയുടെ ആഴം

വിഡിയോ വൈറലായതിന് പിന്നാലെ യു.എസിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കാറുകള്‍ മോഷണം പോയി. വിഡിയോ വൈറലായതോടെ തകരാറുണ്ടെന്ന് പറഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കയില്‍ കാര്‍ വാങ്ങിയ ഉപഭോക്താക്കളില്‍ പലരും അത് പരിശോധനക്ക് വിധേയമാക്കി. പരിശോധനയില്‍ സംഗതി സത്യമാണെന്ന് കണ്ടെത്തി. ഇതോടെയാണ് വിഷയം വലിയ ചര്‍ച്ചയായത്.


ഇതോടെ അമേരിക്കയിലെ പ്രധാനപ്പെട്ട രണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രത്യേക വര്‍ഷങ്ങളില്‍ നിര്‍മിച്ച ഹ്യുണ്ടായി, കിയ കാറുകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കുക വരെ ചെയ്തു. ഇതേത്തുടര്‍ന്നാണ് യുഎസിലെ നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഈ വിഷയത്തില്‍ ഇടപെട്ട് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ ഈ കാറുകള്‍ എളുപ്പത്തില്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും താക്കോലില്ലാതെ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചപോകാമെന്നും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രശ്ന പരിഹാരം

വിഷയം പുറത്തറിഞ്ഞതോടെ യൂസ്ഡ് കാര്‍ വിപണിയില്‍ ദക്ഷിണ കൊറിയന്‍ കമ്പനികളുടെ കാര്‍ വിലയില്‍ വന്‍ ഇടിവ് നേരിട്ടു. തകരാര്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞ വര്‍ഷങ്ങളില്‍ ഇറങ്ങിയ ഹ്യുണ്ടായി, കിയ കാറുകള്‍ വാങ്ങാന്‍ ആരും തയ്യാറാകാതെവന്നു. തുടർന്ന് പ്രശ്നപരിഹാരത്തിന് കിയയും ഹ്യുണ്ടായും നേരിട്ട് രംഗത്ത് ഇറങ്ങുകയായിരുന്നു. 2015-നും 2019-നും ഇടയില്‍ വിറ്റുപോയ 83 ലക്ഷം കാറുകളില്‍ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇരുകമ്പനികളും.

ഈ കാറുകള്‍ക്ക് ആന്റി-തെഫ്റ്റ് ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ ഹ്യൂണ്ടായി പ്രഖ്യാപിച്ചത്. കാറുകള്‍ മോഷണം പോയാലും അവ കണ്ടെത്താന്‍ അവയില്‍ ഘടിപ്പിച്ച ഉപകരണം സഹായിക്കും. എന്നാല്‍ കാര്‍ ഉപഭോക്താക്കളില്‍ പലരും ആന്റി തെഫ്റ്റ് ഉപകരണങ്ങളില്‍ വിശ്വാസം കാണിച്ചില്ല. മാത്രമല്ല പണം കൊടുത്ത കാറിന്റെ സുരക്ഷക്കായി വീണ്ടും നമ്മള്‍ തന്നെ പണം കൊടുക്കണമെന്ന സംഗതി വേണ്ടെന്ന് അവര്‍ തീരുമാനിച്ചു.

ഈ ഉപകരണത്തിന് പണം നല്‍കാന്‍ ആരും തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് രണ്ട് കമ്പനികള്‍ക്കും പ്രശ്‌നത്തിന്റെ ആഴം മനസ്സിലായത്. ഇതിന്റെ ഭാഗമായിട്ടാണ് അവര്‍ ഒരു ശാശ്വത പരിഹാരം തേടിയത്. കാറിലെ ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്തിയാല്‍ കാര്‍ മോഷണം തടയാം എന്ന പോംവഴി അവര്‍ എത്തി. പ്രശ്നം നേരിടുന്ന കാറുകളില്‍ ഈ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് സൗജന്യമായി നല്‍കാന്‍ ഹ്യുണ്ടായിയും കിയയും തീരുമാനിച്ചു.

38 ലക്ഷം കാറുകള്‍ക്ക് ഹ്യുണ്ടായിയും 45 ലക്ഷം കാറുകള്‍ക്ക് കിയയും സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് നല്‍കാന്‍ ഒരുങ്ങുകയാണ്. ഈ സോഫ്റ്റ്വെയര്‍ അപ്ഡേറ്റിലൂടെ കാറിന്റെ കീ സ്ലോട്ടില്‍ താക്കോല്‍ ഉണ്ടെങ്കില്‍ മാത്രമേ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ സാധിക്കൂ. നേരത്തെയുണ്ടായിരുന്നു വയര്‍ലെസ് കീ ഫീച്ചര്‍ ഒഴിവാക്കും. ജൂണ്‍ മാസത്തോടെ കാറുകളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് പൂര്‍ത്തിയാക്കാനാണ് ഇരു കമ്പനികളുടെയും ലക്ഷ്യമിടുന്നത്.

Tags:    
News Summary - viral car theft videos on YouTube, TikTok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.