15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 15 വർഷം പഴക്കമുള്ള വാഹനങ്ങൾ ഒഴിവാക്കണമെന്ന ഉത്തരവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. അടുത്ത ആറ് മാസത്തിനുള്ളിൽ ഇത്തരം വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തലാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഒഴിവാക്കുന്ന വാഹനങ്ങളിൽ കൂടുതലും ബി.എസ് 4 യൂനിറ്റുകളാണ്. സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങൾക്കും ഉത്തരവ് ബാധകമാണ്.

2019 ലെ കണക്ക് പ്രകാരം, പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ 15 വർഷത്തിലധികം പഴക്കമുള്ള 1,820,382 സ്വകാര്യ വാഹനങ്ങളുണ്ട്. സംസ്ഥാനത്തുടനീളം 65 ലക്ഷത്തിലധികം സ്വകാര്യ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കേണ്ടതുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കൊൽക്കത്തയിൽ ഇപ്പോഴും ഓടുന്ന വാണിജ്യ വാഹനങ്ങളിൽ, കുറഞ്ഞത് 219,137 യൂനിറ്റുകളെങ്കിലും ഒഴിവാക്കേണ്ടതുണ്ട്. സംസ്ഥാനത്തുടനീളമുള്ള 697,635 വാണിജ്യവാഹന യൂനിറ്റുകളും സ്ക്രാപ്പിങ് സെന്ററുകളിലേക്ക് അയക്കപ്പെടും.

ജസ്റ്റിസ് ബി. അമിത് സ്ഥലേക്കറും വിദഗ്ധ അംഗം സൈബൽ ദാസ് ഗുപ്തയും ഉൾപ്പെട്ട ഗ്രീൻ ട്രൈബ്യൂണലിന്റെ കിഴക്കൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പഴയ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതിനനുസരിച്ച് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി) ബസുകളും ഇലക്ട്രിക് ബസുകളും അവതരിപ്പിക്കുന്നതോടെ കൂടുതൽ സുരക്ഷിതവും ഹരിതവുമായ അന്തരീക്ഷം സംസ്ഥാനത്ത് ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.


കൊൽക്കത്തയിലേയും ഹൗറയിലെയും മലിനീകരണത്തിന് പിന്നിലെ പ്രധാന കാരണങ്ങളിൽ ഒന്ന് റോഡുകളിൽ ഓടുന്ന വാഹനങ്ങളാണെന്നാണ് വിലയിരുത്തൽ. 2021ൽ ദേശീയ ഹരിത ട്രൈബ്യൂണലിൽ ഹർജി സമർപ്പിച്ച ഹരിത പ്രവർത്തകനായ സുഭാഷ് ദത്ത ഉത്തരവിനെ ചരിത്രപരമാണെന്ന് വിശേഷിപ്പിച്ചു. 'ഇത് തുടക്കം മാത്രമാണ്. ഇവിടെ നിന്ന് നാം ആരംഭിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഏകദേശം 10 ദശലക്ഷത്തോളം പഴയ വാഹനങ്ങൾ ഓടുന്നുണ്ട്. ആറ് മാസത്തിനുള്ളിൽ അവയെല്ലാം ഒഴിവാക്കാൻ കഴിഞ്ഞേക്കില്ല. ഞങ്ങൾ ഇതിനെക്കുറിച്ച് ആശങ്കാകുലരാണ്, ഈ വിഷയം കൂടുതൽ സജീവമായി പിന്തുടരും'-സുഭാഷ് ദത്ത പറഞ്ഞു.

കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും മലിനീകരണം കുറയ്ക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചതായി സംസ്ഥാന സർക്കാർ ട്രൈബ്യൂണലിൽ അറിയിച്ചു. ഇലക്‌ട്രിക്, സി.എൻ.ജി ബസുകൾ ഹരിതാഭമാക്കൽ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ മലിനീകരണം തടയാൻ 1200 ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നുണ്ട്.

Tags:    
News Summary - Vehicles older than 15 years to be phased out in this state by year-end: NGT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.