വീട്ടിലിരുന്നും സ്റ്റാർട്ട് ചെയ്യാം, പാട്ടുകേൾക്കാൻ സോണി ത്രീഡി സറൗണ്ട്; സ്കോർപ്പിയോയിലെ ഞെട്ടിക്കുന്ന ഫീച്ചറുകൾ

സ്കോർപ്പിയോ എന്നാൽ മഹീന്ദ്ര സംബന്ധിച്ച് വല്ലാത്തൊരു വികാരമാണ്. വില്ലീസ് പോലുള്ള വിദേശ ജീപ്പുകളും പിന്നെ ട്രാക്ടറും ഒക്കെ നിർമിച്ച് നടന്നിരുന്ന മഹീന്ദ്രക്ക് സ്വന്തമായൊരു മേൽവിലാസം ഉണ്ടാകുന്നത് 2002ൽ സ്കോർപ്പിയോ നിർമിക്കുമ്പോഴാണ്. 90 ശതമാനവും തദ്ദേശീയമായി നിർമിച്ച വാഹനമായിരുന്നു ഇത്. മഹീന്ദ്ര എം എം 775, മാർഷൽ, അർമാഡ, അർമാഡ ഗ്രാൻഡ് തുടങ്ങിയ വാഹന​ങ്ങളേക്കാൾ കമ്പനി ഇഷ്ടപ്പെട്ടതും സ്നേഹിച്ചതും സ്കോർപ്പിയോയെത്തന്നെ.

സെഡാനുകളുടെ ഫീച്ചറുകൾ ഉള്ള എസ്.യു.വിയായിരുന്നു ആദ്യംമുതലേ സ്കോർപ്പിയോ. ലാഡർ ഫ്രെയിം ഷാസിയിൽ ആധുനിക സ്പോർട്സ് യൂട്ടിലിറ്റി വാഹനത്തിനു വേണ്ട എല്ലാ സൗകര്യങ്ങളുമായെത്തിയ വാഹനം. 20 വർഷങ്ങൾക്കുശേഷം പുതിയ തലമുറ സ്കോർപ്പിയോ വരുമ്പോൾ അതൊരു സമ്പൂർണ്ണ ഫാമിലി എസ്.യു.വിയായി മാറിയിരിക്കുന്നു. സിനിമയിൽ നായകനെ അനുഗമിക്കാനും വില്ലൻമാർക്ക് തലകുത്തി മറിക്കാനും പൊലീസുകാർക്ക് സ്റ്റണ്ട് നടത്താനുമായിരുന്നു ഇതുവരെ സ്കോർപ്പിയോ ഉപയോഗിച്ചിരുന്നത്. എന്നാലിനി ഏത് മെഗാ സ്​റ്റാറിനും സ്റ്റൈലിൽ വന്നിറങ്ങാൻ പാകത്തിനുള്ള വാഹനമായി പുതിയ സ്കോർപ്പിയോ മാറിയിട്ടുണ്ട്.

പുത്തൻ ഷാസി മുതൽ സസ്‍പെൻഷൻവരെ

എസ്.യു.വികളുടെ ആത്മാവ് അതിന്റെ ഷാസിയും സസ്‍പെൻഷനുമാണ്. സ്കോർപ്പിയോ പണ്ടുമുതലേ ലാഡർ ഫ്രെയിം ഷാസി വാഹനമാണ്. പുതിയ മോഡലിലും ഇത് നിലനിർത്തിയിട്ടുണ്ട്. ഭാരം കുറഞ്ഞ് കാഠിന്യം കൂടിയ പുത്തൻ ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്. 10 കിലോ തൂക്കം കുറഞ്ഞ് 213 കിലോയിലെത്തുന്ന പുതിയ ഷാസി 80 ശതമാനത്തിലധികം കാഠിന്യമുള്ള ഉരുക്കിലാണ് തീർത്തത്. വാഹനത്തിന്റെ തൂക്കം 10 ശതമാനം കുറയ്ക്കാൻ ഷാസി സഹായിക്കും.


ലാഡർ ഫ്രെയിം ഷാസിയായതിനാൽ സസ്പെൻഷന് വളരെ പ്രാധാന്യമുണ്ട്. ഹാൻഡ്‌ലിങ്, യാത്രാസുഖം എന്നിവയിൽ നിർണായകമാണ് സസ്പെൻഷൻ. പണ്ടൊക്കെ ലീഫ് സ്പ്രിങ്ങുകളായിരുന്നു എസ്.യു.വികളുടെ സസ്പെൻഷനെങ്കിൽ പുതിയ മഹീന്ദ്രയിൽ ആധുനിക ഇൻഡിപെൻഡന്റ് സസ്പെൻഷനാണ്. അലോയ് ഘടകങ്ങൾ കൊണ്ട് 40 ശതമാനത്തോളം തൂക്കം കുറച്ചിട്ടുള്ള സസ്പെൻഷനിൽ പിറകിൽ 5 ലിങ്ക് സംവിധാനമാണ്. ആധുനിക എസ്‌യുവികളിൽ കണ്ടെത്താവുന്ന വാട്ട്സ് ലിങ്കേജ് ഏർപ്പാട് വാഹനം വശങ്ങളിലേക്കു കുലുങ്ങുന്നത് ഗണ്യമായി കുറയ്ക്കും. പുതിയ ഡാംപറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അകത്ത് പന്തുകളിക്കാൻ ഇടം

പഴയ മോഡലിനെക്കാൾ നീളവും വീതിയും കൂടിയ വാഹനമാണ് പുതിയ സ്കോർപ്പിയോ. ഉയരം ലേശം കുറഞ്ഞിട്ടുണ്ട്. 206 മിമി നീളം, 97 മിമി വീതി, 70 മിമി വീൽ ബേസ് എന്നിങ്ങനെ വർധിച്ചു. പഴയ മോഡലിലെ 1995 മിമി ഉയരം 1870 മിമി ആയി കുറഞ്ഞു. ബോഡി പാനലുകൾ ഒന്നു പോലും പഴയ മോഡലുമായി പങ്കിടുന്നില്ല. ലോഗോ ഉൾപ്പടെ മാറിയിട്ടുണ്ട്.

മഹീന്ദ്രയുടെ പുതിയ തലമുറ എൻജിനുകളായ 2 ലീറ്റർ, 4 സിലിണ്ടർ, 203 ബിഎച്ച്പി എം സ്റ്റാലിയൻ പെട്രോൾ. 2.2 ലീറ്റർ , നാലു സിലിണ്ടർ എം ഹോക്ക് ഡീസൽ എന്നിവയാണ് നൽകിയിരിക്കുന്നത്. ശക്തി 132 ബിഎച്ച്പിയും 175 ബിഎച്ച്പിയുമായി ട്യൂൺ ചെയ്തിരിക്കുന്നു. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് ഗിയർ ബോക്സുകൾ. പ്രാഥമികമായി പിൻ വീൽ ഡ്രൈവ് വാഹനമാണെങ്കിലും പുതിയ സ്കോർപിയോ ആധുനികമായ നാലു വീൽ ഡ്രൈവ് മോഡലിലും എത്തുന്നുണ്ട്. നോർമൽ, ഗ്രാസ്, ഗ്രാവൽ, സ്നോ, മഡ്, റട്സ്, സാൻഡ് എന്നിങ്ങനെ ടെറൈൻ മോഡുകളുമുണ്ട്.


അദ്ഭുത ഫീച്ചറുകൾ

ഫീച്ചറുകളുടെ കാര്യത്തിൽ മഹീന്ദ്ര പണ്ടേ ഒരു ധാരാളിയാണ്. ആദ്യ തലമുറ സ്കോർപ്പിയോ മുതൽ അത് നാം അനുഭവിച്ചിട്ടുണ്ട്. ക്രൂസ് കൺട്രോൾ, ഫോളോ മീ ഹെഡ്‍ലാമ്പ്, ടയർ പ്രഷർ മോണിറ്റർ, റെയിൻ സെൻസിങ് വൈപ്പർ, റിവേഴ്സ് സെൻസർ തുടങ്ങിയവ സംവിധാനങ്ങൾ 2007 മുതൽ സ്കോർപ്പിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ കേൾക്കുമ്പോൾ തമാശ ​തോന്നുമെങ്കിലും ഇതെല്ലാം അന്നത്തെ ആഡംബരങ്ങളായിരുന്നു എന്നതാണ് വാസ്തവം. പുതിയ വാഹനത്തിലും ഫീച്ചറുകളുടെ നീണ്ട നിരയാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ഞെട്ടിക്കുന്ന ഉൾവശവും മനോഹരമായ ഡാഷും കൺസോളുകളുമാണ് വാഹനത്തിന്. ക്യാപ്റ്റൻ സീറ്റുകളും ബെഞ്ച് സീറ്റ് മോഡലും ലഭ്യമാണ്.

അലക്സ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, വയർലെസ് ഫോൺ ചാർജിങ്, 8 ഇഞ്ച് ടച്ച് സ്ക്രീൻ, റിമോട്ട് സ്റ്റാർട്ടിങ് അടക്കമുള്ള കണക്ടഡ് ടെക്നോളജി, 12 സ്പീക്കർ സോണി സിസ്റ്റം, എൽഇഡി ഹെഡ്‌ലാംപ്, ഇലക്ട്രിക് സൺറൂഫ്, ഡ്യൂവൽ സോൺ ക്ലൈമാറ്റിക് കൺട്രോൾ, കീ ലെസ് എൻട്രി എന്നിങ്ങനെ പോവുന്നു പുതിയ സൗകര്യങ്ങൾ. മഹീന്ദ്രയുടെ സ്വന്തം അഡ്രിനോക്സ് കണക്ടിവിറ്റിയാണ് മറ്റൊരു സവിശേഷത. ഇതുപയോഗിച്ച് വാഹനം റിമോട്ടായി സ്റ്റാർട്ട് ചെയ്യാനും എ.സി ഇടാനുമെല്ലാം സാധിക്കും. ഓഫീസിൽ നിന്നിറങ്ങുമ്പോഴോ, വെയിലത്ത് പാർക്ക് ചെയ്ത് തിരികെ വരുമ്പോഴോ വാഹനം സ്റ്റാർട്ട് ചെയ്ത് സജ്ജമാക്കി നിർത്താമെന്ന് സാരം.ഓട്ടോമാറ്റികിൽ മാത്രമാണ് ഈ സംവിധാനമുള്ളത്.

സോണിയുടെ ത്രീഡി സറൗണ്ട് സിസ്റ്റമാണ് ഉയർന്ന വകഭേദങ്ങളിൽ എന്റർടെയിൻമെന്റിനായി നൽകിയിട്ടുള്ളത്. 12 സ്പീക്കറുകൾ ഇതിലുണ്ട്. മികച്ച സബ്‍വൂഫറും സോണി സിസ്റ്റത്തിൽ ഉൾപ്പെടുന്നു. 6 എയർ ബാഗ്, ഇഎസ്പി, റോൾ ഓവർ സുരക്ഷ, ബ്രേക്ക് ഡിസ്ക് വൈപ്പിങ്, ഹിൽ ഡിസെൻഡ് കൺട്രോൾ, മുൻ പിൻ ക്യാമറകൾ എന്നിങ്ങനെ സുരക്ഷയുടെ കാര്യത്തിലും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സ്കോർപ്പിയോയുടെ കാര്യത്തിൽ മഹീന്ദ്ര സ്വീകരിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.