ഇൗ ക്വിഡ്​ പെട്രോളിലും ഇലക്​ട്രിക്കിലും ഒാടും, മൈലേജ്​ 48!!

വണ്ടി പെട്രോളോ ഡീസലോയെന്ന ചോദ്യത്തിന് ഇതിൽ രണ്ടും പോകുമെന്ന് പറഞ്ഞ മോഹൻലാൽ ഡയലോങ് ഹിറ്റായി. ആ തിയറി കാറിൽ പരീക്ഷിച്ച് മറ്റൊരു ഹിറ്റാകുകയാണ് എറണാകുളം രാജഗിരി സ്കൂൾ ഓഫ് എഞ്ചിനിയറിങ് ആൻഡ് ടെക്നോളജിയിൽ നിന്ന് പഠിച്ചിറങ്ങിയ അഞ്ച് ബിടെക് വിദ്യാർഥികൾ. ചെറിയൊരു മാറ്റമുണ്ട്. പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടോറും ഒരുമിച്ചുള്ള റെനോ ക്വിഡാണ് സംഗതി.

ഹൈമോട്ടീവ് ടെക്നോളജി

റെനോയുടെ ഹാച്ച് ബാക്ക് പെട്രോൾ ക്വിഡിലാണ് ഇവർ ഇലക്ട്രിക് മോട്ടോറുകളും ബാറ്ററിയും കൂട്ടിച്ചേർത്തത്. ഇലക്ട്രിക് വാഹനങ്ങൾ ഇറങ്ങുന്നുണ്ടെങ്കിലും അതിലേക്ക് അടുക്കാൻ ആളുകൾക്ക് പേടിയുണ്ട്. ചാർജിങ് സ്റ്റേഷനുകളെല്ലാം ശൈശവ ദശയിലാണ്. ഇലക്ട്രിക് കാറുമായി റോഡിലിറങ്ങി ചാർജ് തീർന്ന് തള്ളേണ്ട സ്ഥിതി വരുമോയെന്നാണ് ചിന്ത.

ഇത്തരം ആശങ്കകൾ കൂടി പരിഹരിക്കുകയാണ് ഹൈമോട്ടീവ് ടെക്നോളജി. ജനങ്ങളെ ഇലക്ട്രിക് വാഹന യുഗത്തിലേക്ക് പോകാൻ മാനസികമായി തയാറാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ടീം പറയുന്നു. പരീക്ഷണഘട്ടത്തിലായ സംരഭത്തെ പിന്തുണക്കാൻ ആളെത്തിയാൽ വാണിജ്യപരമായി കാറുകളുടെ ഉൽപാദനം ആരംഭിക്കും.

പെട്രോൾ+ഇലക്ട്രിക്

800 സി.സി പെട്രോൾ എഞ്ചിനുള്ള ക്വിഡിൽ ഇലക്ട്രിക് മോട്ടോർ കൂടി നൽകിയാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. മുൻവശത്ത് കമ്പനി നൽകിയ പെട്രോൾ എഞ്ചിനും പിന്നിൽ ഇലക്ട്രികും. പിൻവശത്തെ രണ്ട് ചക്രങ്ങൾക്കുള്ളിലും ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചുള്ള ഇൻ വീൽ മോട്ടോർ ടെക്നോളജിയാണ് (IN Wheel motor Technology). മുൻവശത്തെ ചക്രങ്ങൾ പെട്രോൾ എഞ്ചിനിെൻറ കരുത്തിൽ കറങ്ങുേമ്പാൾ പിന്നിലേത് ഇലക്ട്രിക് കരുത്ത് ഉപയോഗിക്കുന്നു. ബാറ്ററിയുടെ ചാർജ് തീർന്നാൽ പിന്നിലെ ഇലക്ട്രിക് മോട്ടോർ ഒഴിവാക്കി മുന്നിലെ പെട്രോൾ എഞ്ചിൻ മാത്രം ഉപയോഗിച്ച് സഞ്ചരിക്കാം. വഴിയിൽ കിടക്കില്ലെന്ന് ചുരുക്കം. ഒരേസമയം പെട്രോളും വൈദ്യുതിയും ഉപയോഗിക്കാം. അങ്ങനെയാവുേമ്പാൾ സാധാരണ ക്വിഡുകളിൽനിന്ന് കിട്ടുന്നതിനേക്കാൾ അധികം കരുത്ത് ലഭിക്കും.

സ്വിച്ചിടും പോലെ എളുപ്പം

ഒരു സ്വിച്ചിട്ടാൽ ഇലക്ട്രിക് മോട്ടോർ ഓണാകും. ഇലക്ട്രികിൽ ഒറ്റ ചാർജിൽ പരമാവധി 150 കി.മീ മൈലേജ്. പരമാവധി 30 എച്ച്.പി കരുത്തും ലഭിക്കും. മണിക്കൂറിൽ 100 കിലോ മീറ്ററാണ് പരമാവധി വേഗം. സുരക്ഷക്കായി നാല് ടയറുകളിലും ഡിസ്ക്ബ്രേക്ക് ഉണ്ട്. നിലവിൽ കാറിലെ ബാറ്ററിൽ ഫുൾ ചാർജാവാൻ പരമാവധി അഞ്ച് മണിക്കൂർ വേണം.

എഞ്ചിനും ഇലക്ട്രിക് മോട്ടോറും ഉപയോഗിച്ച് ഓടിക്കുേമ്പാൾ പരമാവധി 48 കിലോ മീറ്ററാണ് പെട്രോൾ എഞ്ചിനിൽ നിന്ന് ലഭിക്കുന്ന മൈലേജ്. ഇൗ ഓട്ടത്തിൽ 65 ശതമാനം കരുത്തും നൽകുന്നത് പിന്നിലെ ഇലക്ട്രിക് മോട്ടോറുകളാണ്. ബാക്കി 35 ശതമാനത്തിന് മാത്രമായാണ് പെട്രോൾ എഞ്ചിനെ ആശ്രയിക്കുക. ഇലക്ട്രികിൽ ഓടുേമ്പാൾ ഒരു കിലോ മീറ്റർ സഞ്ചരിക്കാൻ ശരാശരി 95 പൈസ മാത്രമാണ് ചെലവാകുക. പെട്രോൾ എഞ്ചിനിെൻറ മലിനീകരണം പരമാവധി കുറക്കുന്ന ഉപകരണവും ഇവർ വികസിപ്പിച്ചിട്ടുണ്ട്. മലിനീകരണം 60 ശതമാനം വരെ കുറക്കാം.

ഉറങ്ങാതെ നോക്കാനും ഹൈമോട്ടീവ്

വാഹനയാത്രക്കിടെ ഉറക്കം വരുേമ്പാൾ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന ഉപകരണത്തിെൻറ പരീക്ഷണവും നടത്തിയിട്ടുണ്ട് ഹൈമോട്ടീവ് സംഘം. കൺപോളകളുടെ ചലനങ്ങൾ നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകും ഉപകരണം. കണ്ണടക്ക് സമാനമായ ഉപകരണമാണ് നിർമിച്ചത്. ഒരാൾ ഉറക്കത്തിലേക്ക് വഴുതിയാൽ വൈബ്രേഷനിലൂടെ മുന്നറിയിപ്പ് നൽകും. എന്നിട്ടും 'ഉണർന്നില്ലെങ്കിൽ' സ്പീക്കറുകളിലെ അലാറം ശബ്ദിക്കും. ഇലക്ട്രിക് ത്രീ വീലറുകളുടേയും കാർഗോ വാഹനങ്ങളുടേയും ഡിസൈനും കാർഷിക രംഗത്തുപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടേയും നിർമ്മാണവുമാണ് സ്റ്റാർട്ട് അപ് സംരംഭകർ നടത്തുന്നത്.

സംഗതി വേറിട്ടൊരു ഹൈബ്രിഡ്

പെട്രോളിലും കറൻറിലും ഓടുന്ന വാഹനം ഹൈബ്രിഡ് തന്നെയല്ലേ എന്ന് തോന്നാം. ഹൈബ്രിഡ് വാഹനങ്ങൾ ഉയർന്ന പവറിനും ഇന്ധനക്ഷമതക്കുമായാണ് ഇലക്ട്രിക് മോട്ടോർ ഉപയോഗിക്കുന്നത്. കുറഞ്ഞ സ്പീഡിൽ ഇലക്ട്രിക് മോട്ടോറിലും വേഗത കൂടുേമ്പാൾ പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിനിലേക്കും മാറുന്ന ടെക്നോളജി.


ഇത്തരം വണ്ടികളിൽ ഇലക്ട്രിക് മോട്ടോറിെൻറ ബാറ്ററി ചാർജ് ചെയ്യുന്ന പതിവില്ല. ബ്രേക്ക് ചെയ്യുേമ്പാഴും എഞ്ചിൻ പ്രവർത്തിക്കുേമ്പാഴുമുള്ള ഊർജം ബാറ്ററികളിൽ സംഭരിക്കുകയാണ് പതിവ്. ഹൈബ്രിഡ് വാഹനങ്ങൾ ഒരിക്കലും പൂർണമായും ഇലക്ട്രിക് മോട്ടോർ മാത്രം ഉപയോഗിച്ച് ഓടിക്കാൻ കഴിയില്ല. നിശ്ചിത വേഗപരിധി കഴിഞ്ഞാൻ മറ്റ് എഞ്ചിെൻറ സഹായം തേടേണ്ടി വരും. ഇവിടെയാണ് ഹൈമോട്ടീവ് ടെക്നോളജിയുടെ സാങ്കേതികവിദ്യ വ്യത്യസ്തമാവുന്നത്. 150 കിലോ മീറ്റർ ദൂരം വരെ ഇവരുടെ ക്വിഡിന് ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് ഓടാൻ സാധിക്കും.

സാരഥികൾ ഇവർ

രാജഗിരി കോളജിൽ നിന്നും ബി.ടെക് മെക്കാനിക്കൽ എൻജിനയറിങ് പഠിച്ചിറങ്ങിയ ജെഫിൻ ഫ്രാൻസിസ്, അലൻ ജോൺസ്, ജെസ്വന്ത് മാത്യു, ആനന്ദ് കൃഷ്ണൻ, അരവിന്ദ് അജിത്ത് എന്നിവരാണ് ഹൈമോട്ടീവ് എന്ന സംരംഭത്തിന് പിന്നിൽ. ഇവർക്ക് പിന്തുണയുമായുള്ള പ്ലാൻറർ ഐപ്പ് കോശിയും ചേരുന്നതാണ് ഹൈമോട്ടീവിെൻറ സൂപ്പർ മോട്ടീവ് ടീം.

Tags:    
News Summary - this kwid runs on petrol and electric, Mileage 48 !!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.