ഇത് മൈക്കിളപ്പയുടെ സ്വന്തം ടൊയോട്ട ലാൻഡ്ക്രൂസർ; വാഹനമെത്തിയത് സിംഗപ്പൂരിൽ നിന്ന്, സിനിമയിൽ പുതുമുഖം

ഭീക്ഷ്മപർവ്വം സിനിമയിൽ നായകനായ മൈക്കിളിനോടൊപ്പം പ്രശസ്തമായ മറ്റൊരു താരം കൂടിയുണ്ട്. അതൊരു ടൊയോട്ട ലാൻഡ് ക്രൂസർ എസ്.യു.വിയാണ്. സിനിമ പുറത്തിറങ്ങുംമുമ്പ് പോസ്റ്ററുകളിലൂടെ ലാൻഡ് ക്രൂസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ വാഹന പ്രേമികൾക്കിടയിൽ താരമാകുകയാണ് മൈക്കിളപ്പന്റെ കെസിഎഫ് 7733 എന്ന നമ്പറുള്ള ലാൻഡ് ക്രൂസർ.

ലാൻഡ് ക്രൂസറിന്റെ കഥ

കോഴിക്കോട് സ്വദേശി അശ്വിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണീ‌ 1983 മോഡൽ ലാൻ‍ഡ് ക്രൂസർ. റൈറ്റ് ഹാൻഡ് ഡ്രൈവ് ആയ വാഹനം സിംഗപ്പൂരിൽ നിന്ന് ഖത്തർ വഴിയാണ് കേരളത്തിലെത്തിയത്. KL-11-J-7733 എന്ന നമ്പറിലുള്ള വാഹനത്തിന് കരുത്തുപകരുന്നത് 4.2 ലീറ്റർ ഇൻലൈൻ 6 സീലിണ്ടർ ഡീസൽ എൻജിനാണ്. 2006ലാണ് വാഹനം അശ്വിന്റെ സ്വന്തമായത്.


ലാൻഡ് റോവറിന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ജെ പ്രത്യേക പതിപ്പാണ് ഈ വാഹനം എന്ന് അശ്വിൻ പറയുന്നു. വളരെ കുറച്ചു മാത്രമേ ഇത് നിർമിക്കപ്പെട്ടിട്ടുള്ളൂ. അതുകൊണ്ടുതന്നെ വാഹനം കേടായാൽ പാർട്സുകൾ കിട്ടാൻ വളരെ പ്രയാസമാണ്. 2012ൽ എൻജിൻ പണി വന്നതിന് ശേഷം 2017–ലാണ് പാർട്സ് എല്ലാം ലഭിച്ച് വാഹനം വീണ്ടും റണ്ണിങ് കണ്ടീഷനാക്കുന്നത്.

വാഹനം മുഴുവൻ പണിതിട്ടും എൻജിന്റെ ഒരു ഘടകം കിട്ടാൻ ഏറെ ബുദ്ധിമുട്ടി. കമ്പനിയെ സമീപിച്ചെങ്കിലും അതില്ലെന്നും പഴയ എൻജിനുകളിൽ നിന്ന് കിട്ടുകയാണെങ്കിൽ എടുത്തു ഘടിപ്പിക്കുന്നതാണ് നല്ലതെന്നുമാണ് കിട്ടിയ മറുപടി. ഡൽഹിയിൽ അന്വേഷിച്ചപ്പോൾ അവിടെയുമില്ല. പിന്നീട് വാഹനത്തോടുള്ള എന്റെ താൽപര്യം മനസിലാക്കിയ ഒരു വർക്ക്ഷോപ്പ് ഉടമ വളരെ റിസ്ക് എടുത്ത് പാക്കിസ്ഥാനിൽ നിന്ന് പൊളിച്ച ഒരു വാഹനത്തിലെ പാർട്സ് ഇവിടേക്ക് കൊണ്ടുവരികയായിരുന്നു.


ഭീക്ഷ്മയിലേക്ക്

മമ്മൂട്ടിയുടെ ലാൻഡ്ക്രൂസർ പ്രണയം എല്ലാവർക്കും അറിവുള്ളതാണ്. ദീർഘകാലം നടന്റെ ഗ്യാരേജിലെ പ്രിയ വാഹനങ്ങളിലൊന്നായിരുന്നു ലാൻഡ് ക്രൂസർ. വിന്റേജ് മോഡലായതിനാൽ തന്റെ ലാൻഡ്ക്രൂസർ ആർക്കും അധികം ഓടിക്കാൻ കൊടുക്കാറില്ലെന്നാണ് അശ്വിൻ പറയുന്നത്. എൻജിനോ മറ്റു ഘടകങ്ങൾക്കോ പണി വന്നാൽ പിന്നെ നന്നാക്കാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ മമ്മൂട്ടിയും സൗബിനും വാഹനം ഓടിച്ചു. ഇതിനു മുമ്പ് സിനിമകൾക്കൊന്നും വാഹനം നൽകിയിട്ടില്ല. മമ്മൂട്ടി-അമൽ നീരദ് ചിത്രത്തിന് വാഹനം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അശ്വിൻ പറയുന്നു. സിനിമയ്ക്കുവേണ്ടി വാഹനത്തിന്റെ അലോയ് വീലുകൾ മാറ്റി പഴയ തരത്തിലുള്ള വീലുകളാക്കിയിട്ടുണ്ട്.

അരങ്ങേറ്റം 1980ൽ

ടൊയോട്ട 55 സീരീസ് ലാൻഡ് ക്രൂയിസറിന് പകരം 1980 ലാണ് പുതിയ 60 സീരീസ് മോഡൽ അവതരിപ്പിച്ചത്. ബോക്‌സിയർ രൂപത്തിന് പുറമേ, 60-സീരീസ് മികച്ച ഓൺ-റോഡ് സൗകര്യത്തിനായി രൂപകൽപ്പന ചെയ്‌ത വാഹനമാണ്. സ്റ്റാൻഡേർഡ് ഫോർ വീൽ ഡ്രൈവും മുന്നിലും പിന്നിലും ലൈവ് ആക്‌സിലുകളും വാഹനം നിലനിർത്തിയിരുന്നു. ഈ മോഡൽ 1988ൽ മുഖം മിനുക്കി. പിന്നീടാണ് അതിന്റെ റൗണ്ട് ഹെഡ്‌ലൈറ്റുകൾ ചതുര രൂപത്തിലേക്ക് മാറിയത്. കൂടാതെ, പുതിയ ഡാഷ്‌ബോർഡ് എസ്‌യുവിയുടെ ഇന്റീരിയറിനെ ആധുനിക യുഗത്തിലേക്ക് കൊണ്ടുവരുന്നു, അതേസമയം പഴയ 2 എഫ്-ടൈപ്പ് 4.2 ലിറ്റർ ഇൻലൈൻ-സിക്‌സിന് പകരം പുതിയ 3 എഫ്-ടൈപ്പ് 4.0 ലിറ്റർ എഞ്ചിനും വന്നു.

Tags:    
News Summary - This is Michael's own Toyota Land Cruiser; The vehicle arrived from Singapore, the first to reach the cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.