ഓട്ടോ എക്സ്​പോയിലെ മിന്നും താരങ്ങൾ ഇവർ; ഭാവിയുടെ മോട്ടോർ സൈക്കിളുകൾ പരിചയപ്പെടാം

2023 ഡൽഹി ഓട്ടോ എക്സ്​പോ പുരോഗമിക്കുമ്പോൾ ശ്രദ്ധനേടുന്നത് ഇ.വി സ്കൂട്ടറുകളാണ്. ഇന്ത്യ പോലെ ഇരുചക്ര വാഹനങ്ങൾക്ക് വലിയ സാധ്യതയുള്ള ഒരു വിപണിയിൽ അത് സ്വാഭാവികവുമാണ്. ഓട്ടോ എക്സ്​പോയിൽ തിളങ്ങിയ ചില ഇ.വികൾ നമ്മുക്ക് പരിചയപ്പെടാം.

ടി.വി.എസ് ഐ ക്യൂബ് എസ്.ടി

കുറഞ്ഞ കാലംകൊണ്ട് മികച്ച ഇ.വി സ്കൂട്ടർ എന്ന് പേരെടുത്ത വാഹനമാണ് ടി.വി.എസ് ഐ ക്യൂബ്. മികച്ച നിർമാണ നിലവാരവും ടി.വി.എസ് എന്ന ബ്രാൻഡ് വാല്യുവും ഐ ക്യൂബിന്റെ പ്രത്യേകതകളായിരുന്നു. റേഞ്ചിലെ കുറവും ഫീച്ചറുകളുടെ അഭാവവും ആയിരുന്നു ഐ ക്യൂബിന്റെ പോരായ്മ. പ്രശ്നങ്ങൾ പരിഹരിച്ച് പുതിയൊരു ഐ ക്യൂബ് വേരിയന്റ് ഓട്ടോ എക്സ്​പോയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടി.വി.എസ്.

എസ്.ടി എന്ന് പേരിട്ടിരിക്കുന്ന വേരിയന്റിനെയാണ് ടി.വി.എസ് പുതുതായി അവതരിപ്പിച്ചത്. മികച്ച റേഞ്ചാണ് സ്കൂട്ടറിന്റെ പ്രത്യേകതക. സ്റ്റാന്റേർഡ് മോഡിൽ 145 കിലോമീറ്റർ വരെ വാഹനം സഞ്ചരിക്കുമെന്നാണ് കമ്പനി അവകാശവാദം. പവർ മോഡിൽ 110 കിലോമീറ്ററും സഞ്ചരിക്കാം. 4.56 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കുമായാണ് ഐക്യൂബ് എസ്.ടി വിപണിയിൽ എത്തുന്നത്. മണിക്കൂറിൽ 82 കിലോമീറ്ററാണ് പരമാവധി വേഗത. 4 bhp ശേഷിയുള്ള ഇലക്ട്രിക് മോട്ടോർ 33 Nm ടോർക്ക് ഉത്പ്പാദിപ്പിക്കും.

രണ്ട് പുതിയ ഫീച്ചറുകളും സ്കൂട്ടറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. വോയ്‌സ് അസിസ്റ്റ് ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം (TPMS) എന്നിവയാണത്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ കൺസോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നാവിഗേഷൻ, റൈഡ് മോഡുകൾ, കോൾ അലേർട്ടുകൾ, മ്യൂസിക് കൺട്രോൾ, കീലെസ് ഇഗ്നിഷൻ, ക്രൂസ് കൺട്രോൾ, രണ്ട് ഹെൽമെറ്റുകൾക്കുള്ള വലിയ സ്റ്റോറേജ് കപ്പാസിറ്റി എന്നിവയും ഫീച്ചറുകളിൽ ഉൾപ്പെടുന്നു. കൂടാതെ നാല് വ്യത്യസ്‌ത കളർ ഓപ്ഷനുകളിലും ഇ.വി സ്വന്തമാക്കാനാവും.

ചാർജിങിലേക്ക് വന്നാൽ, ടി.വി.എസ് ഐക്യൂബ് എസ്.ടി വേരിയന്റിന് 950 W ചാർജറിലൂടെ നാല് മണിക്കൂറും ആറ് മിനിറ്റും കൊണ്ട് പൂർണമായും ചാർജ് ചെയ്യാനാവും. 1500 വാട്ട് ചാർജർ ഉപയോഗിച്ച് രണ്ടര മണിക്കൂറ് കൊണ്ട് ബാറ്ററി പൂർണമായി നിറയ്ക്കാനും കഴിയും.

പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളിലും പിൻവശത്ത് ഇരട്ട ഷോക്ക് അബ്‌സോർബറുകളിലും സസ്പെൻഷൻ കൈകാര്യം ചെയ്‌തിരിക്കുന്നു. ബ്രേക്കിങ് ചുമതലകൾ ഫ്രണ്ട് ഡിസ്കും റിയർ ഡ്രം സജ്ജീകരണവുമാണ്. 90/90 ഫ്രണ്ട്, റിയർ ടയറുകളിൽ 12 ഇഞ്ച് അലോയ് വീലുകളാണുള്ളത്.

സ്റ്റാൻഡേർഡ്, എസ്, എസ്.ടി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. ഐക്യൂബ് സ്റ്റാൻഡേർഡ് പതിപ്പിന് 99,130 രൂപയും 'എസ്' വേരിയന്റിന് 1.04 ലക്ഷം രൂപയുമാണ് നിലവിലെ ഓൺ റോഡ് വില. എസ്.ടി വേരിയന്റിന്റെ വില കമ്പനി ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഏതർ 450X, ഓല S1 പ്രോ, മറ്റ് പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടറുകൾക്കെതിരെയാണ് എസ്.ടി മത്സരിക്കുന്നത്.

2. അള്‍ട്രാവയലറ്റ് എഫ് 99

ഏതാനും ദിവസം മുമ്പാണ് അള്‍ട്രാവയലറ്റ് എഫ് 99 പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ രാജ്യത്ത് പുറത്തിറക്കിയത്. ഇപ്പോള്‍ 2023 ഓട്ടോ എക്‌സ്‌പോയിലൂടെ അള്‍ട്രാവയലറ്റ് അതിന്റെ പുതിയ റേസിങ് സീരീസിന്റെ അടിസ്ഥാനമായ F99 ഇലക്ട്രിക് റേസിംഗ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു.

65 bhp കരുത്തും മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയും പുറത്തെടുക്കാന്‍ സഹായിക്കുന്ന മോട്ടോര്‍, കണ്‍ട്രോളര്‍, ബാറ്ററി എന്നിവ അള്‍ട്രവയലറ്റ് നവീകരിച്ചിട്ടുണ്ട്. ഭാരം കുറയ്ക്കുന്നതിനുള്ള കാര്‍ബണ്‍ കോമ്പോസിറ്റ് ഭാഗങ്ങള്‍, വിംഗ്‌ലറ്റ്‌സ്, സ്ലിക്ക് ടയറുകള്‍ എന്നിവയും ഇതിന് ലഭിക്കുന്നു. ഈ പഠനങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും റേസിങ് ട്രാക്കിലെ അള്‍ട്രവയലറ്റിന്റെ ഭാവി ലോഞ്ചുകള്‍.

എൽ.എം.എൽ സ്റ്റാർ

ഒരു കാലത്ത് ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ പ്രശസ്തമായിരുന്നൊരു പേരാണ് എൽ.എം.എൽ എന്നത്. പിന്നീടിവർ വാഹന നിർമാണത്തിൽനിന്ന് പിന്മാറുകയായിരുന്നു. അടുത്തിടെയാണ് എൽ.എം.എൽ വീണ്ടും വിപണിയിൽ സജീവമായത്. ഇത്തവണ ഇലക്ട്രിക് ആയാണ് കമ്പനി തിരിച്ചെത്തിയത്.

എൽ.എം.എൽ, 2023 ഓട്ടോ എക്സ്പോയിൽ തങ്ങളുടെ സ്റ്റാർ ഇവിയെ പുറത്തിറക്കി. ഓട്ടോ എക്‌സ്‌പോയുടെ രണ്ടാം ദിനമാണ് കമ്പനി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ സ്റ്റാർ പ്രദർശിപ്പിച്ചത്. പുതിയ ഇവിക്കായുള്ള ബുക്കിങ് ഇന്ത്യയിൽ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. കമ്പനിയുടെ മോഡൽ നിരയിലേക്ക് വരാനിരിക്കുന്ന മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളിൽ ആദ്യത്തേതാണ് സ്റ്റാർ.

തികച്ചും ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമായാണ് വാഹനം വരുന്നത്. ബോഡിയിൽ റെഡ് ആക്സന്റുകളോടൊപ്പം കറുപ്പും വെളുപ്പും ചേർന്ന ഡ്യുവൽ-ടോൺ കളർ ഓപ്ഷനാണ് ഇ.വിക്ക് നൽകിയിരിക്കുന്നത്. എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലാമ്പുകൾക്കൊപ്പം എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പും ലഭിക്കും.

360 ഡിഗ്രി ക്യാമറയും ആംബിയന്റ് ലൈറ്റും

രാജ്യത്ത് ആദ്യമായിട്ടാകും ഒരു ഇരുചക്ര വാഹനത്തിന് 360 ഡിഗ്രി കാമറയും ആംബിയന്റ് ലൈറ്റിങും പോലുള്ള സവിശേഷതകൾ ലഭിക്കുന്നത്. മുഴുവൻ എൽ.ഇ.ഡി ലൈറ്റിങ്ങാണ് വാഹനത്തിന്. ഒരു ഇന്ററാക്ടീവ് ഡിസ്‌പ്ലേയും ഇ.വിക്ക് എൽ.എം.എൽ ഒരുക്കിയിട്ടുണ്ട്. അത് കസ്റ്റമൈസ് ചെയ്യാവുന്നതാണ്. ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകൾ, ബാക്ക്‌ലൈറ്റുകൾ, കണക്റ്റഡ് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയും ലഭിക്കും.

സ്റ്റാർ മോഡലിനെ ഇന്ത്യൻ വിപണിയിൽ മാത്രമല്ല, യൂറോപ്പ്, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് ബ്രാൻഡ് ഉദ്ദേശിച്ചിക്കുന്നത്. എബിഎസ്, റിവേഴ്‌സ് പാർക്ക് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും പ്രത്യേകതകളാണ്.

ഫുട്‌ബോർഡിൽ സ്ഥാപിച്ചിട്ടുള്ള നീക്കം ചെയ്യാവുന്ന ബാറ്ററിയാണ് സ്കൂട്ടറിൽ. മികച്ച ഇൻ-ക്ലാസ് ബൂട്ട് സ്‌പേസും ഇതുകാരണം ലഭിക്കും. എൽ.എം.എൽ-ന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് സ്റ്റാർ ബുക്ക് ചെയ്യാം.

4. ടോര്‍ക്ക് ക്രാറ്റോസ് എക്സ്

പുതിയ ടോര്‍ക്ക് ക്രാറ്റോസ് എക്സ് ടോപ്പ്-സ്‌പെക്ക് ക്രാറ്റോസ് ആർ-നെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ റേഞ്ചില്‍ കമ്പനിയുടെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ആയതിനാല്‍ മോട്ടോര്‍സൈക്കിളിന് ശ്രദ്ധേയമായ ചില അപ്ഗ്രേഡുകള്‍ ലഭിക്കുന്നു. പുതിയ അലുമിനിയം സ്വിംഗ്ആം, ആന്‍ഡ്രോയിഡ് ബേസ്ഡ് 7 ഇഞ്ച് ഡിജിറ്റല്‍ കണ്‍സോള്‍, വിംഗ്ലെറ്റ്, ഫാസ്റ്റ് ചാര്‍ജിംഗ്, പുതിയതും വേഗതയേറിയതുമായ എഫ്എഫ് മോഡ് എന്നിവ വാഹനത്തില്‍ വരുത്തിയ അപ്‌ഗ്രേഡുകളില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷം ജൂണില്‍ ടോര്‍ക്ക് ക്രാറ്റോസ് എക്സ്-ന്റെ ഡെലിവറി ആരംഭിക്കും.

5.ലിഗര്‍ മൊബിലിറ്റി സെല്‍ഫ് ബാലന്‍സിങ് സ്‌കൂട്ടര്‍

മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പായ ലിഗര്‍ മൊബിലിറ്റി അതിന്റെ പുതിയ സെല്‍ഫ് ബാലന്‍സിങ് സ്‌കൂട്ടര്‍ 2023 ഓട്ടോ എക്‌സ്‌പോ വേദിയില്‍ അവതരിപ്പിച്ചു. സ്വയം ബാലന്‍സ് ചെയ്യാനുള്ള സാങ്കേതികവിദ്യ കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്തതാണ്. ഇത് കുറഞ്ഞ വേഗതയിലോ നിശ്ചലമായിരിക്കുമ്പോഴോ സ്‌കൂട്ടറിനെ സന്തുലിതമാക്കാന്‍ റൈഡറെ സഹായിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ലിഗര്‍ സെല്‍ഫ് ബാലന്‍സിംഗ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

6. ആമ്പിയര്‍ പ്രൈമസ്

ഗ്രീവ്‌സ് കോട്ടണ്‍ അതിന്റെ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി 2023 ഓട്ടോ എക്സ്പോയില്‍ അനാവരണം ചെയ്തു. ഓട്ടോ എക്‌സ്‌പോയില്‍ പുതിയ ആമ്പിയര്‍ പ്രൈമസ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. പുതിയ ഇവിക്ക് 3 kWh ബാറ്ററി പാക്കോടുകൂടിയ 4 kW മോട്ടോര്‍ ലഭിക്കും. ഫുള്‍ ചാര്‍ജില്‍ 100 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 77 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. ആമ്പിയര്‍ പ്രൈമസിന്റെ വില ഗ്രീവ്‌സ് കോട്ടന്‍ ഉടന്‍ പ്രഖ്യാപിക്കും.

Tags:    
News Summary - These are the shining stars of the Auto Expo; Meet the motorcycles of the future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.