സൽമാന് സുരക്ഷയൊരുക്കാൻ പുതിയ 'ബോഡി ഗാർഡ്'; ഷേരക്കൊപ്പം ഇനി ഈ 'മസിൽകാറും' സല്ലുവിനെ അനുഗമിക്കും

വധഭീഷണിയുടെ പശ്ചാത്തലത്തിൽ ബോളിവുഡ് താരം സൽമാൻഖാന് സുരക്ഷ വർധിപ്പിച്ചത് വാർത്തയായിരുന്നു. തുടർന്ന് സൽമാൻ തോക്ക് ലൈസൻസിന് അപേക്ഷിക്കുകയും അത് ലഭിക്കുകയും ചെയ്തു. എന്നാൽ അതുകൊണ്ടും പേടി മാറാതെ താരം പുതിയൊരു 'ബോഡി ഗാർഡിനെക്കൂടി'വാങ്ങിയിരിക്കുകയാണ്. തനിക്ക് സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് എസ്.യു.വിയാണ് സല്ലുഭായ് സ്വന്തമാക്കിയിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ലാൻഡ് ക്രൂസറിൽ തിങ്കളാഴ്ച വൈകുന്നേരം സൽമാനും സുരക്ഷാ സംഘവും മുംബൈ വിമാനത്താവളത്തിലെത്തിയത് പാപ്പരാസികൾ പകർത്തിയിട്ടുണ്ട്.

വെടിയേറ്റു മരിച്ച പഞ്ചാബി ഗായകനും നേതാവുമായ സിദ്ദു മൂസെവാലയുടെ ഗതി നിങ്ങൾക്കുമുണ്ടാകുമെന്ന് കുറച്ചുനാൾ മുമ്പാണ് സൽമാന് ഭീഷണിക്കത്ത് ലഭിച്ചത്. മൂസെവാലയെ അക്രമികൾ വാഹനം തടഞ്ഞ് വെടിവച്ച് കൊല്ലുകയായിരുന്നു. ഇതോടെ അങ്കലാപ്പിലായ താരം തുടർന്നാണ് നിയമപരമായി ലൈസൻസ് എടുത്തത്. 2017 ൽ റജിസ്റ്റർ ചെയ്ത ടൊയോട്ട ലാൻഡ് ക്രൂസര്‍ എല്‍സി-200 പതിപ്പാണ് സൽമാൻ ബുള്ളറ്റ് പ്രൂഫാക്കിയത്. 4461 സിസി ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ഈ എസ്‍യുവിക്ക് 262 ബിഎച്ച്പി കരുത്തുണ്ട്.


ബിഎം‍ഡബ്ല്യു, ബെൻസ്, ലാൻഡ് റോവർ തുടങ്ങിയ നിർമാതാക്കളെപ്പോലെ ടൊയോട്ട കവചിതവാഹനങ്ങൾ നിർമിക്കുന്നില്ല. ഉപഭോക്താക്കള്‍ തന്നെ സ്വന്തം നിലയ്ക്ക് മാറ്റം വരുത്തുകയാണ് പതിവ്. വാഹനത്തിന് ഏകദേശം 1.5 കോടി രൂപയാണ് വില. കൂടുതൽ കട്ടിയുള്ള ഗ്ലാസുകളും ബോഡി പാനലുകളും നൽകിയാണ് വാഹനത്തെ വെടിവയ്പ്പിൽനിന്നും ഗ്രനേഡ് ആക്രമണത്തിൽ നിന്നുമെല്ലാം സുരക്ഷിതമാക്കിയിരിക്കുന്നത്. പാപ്പരാസികൾ പകർത്തിയ വിഡിയോയിൽ, സൽമാൻ കാറിൽ നിന്ന് ഇറങ്ങുന്നത് കാണാം. അദ്ദേഹത്തിന്റെ സ്വകാര്യ അംഗരക്ഷകൻ ഷേരയും ഒപ്പമുണ്ടായിരുന്നു. ഇവർക്കൊപ്പം ഒന്നുരണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ട്. 

Tags:    
News Summary - Salman Khan reportedly buys Rs 1.5 crore bulletproof car after alleged threats to his life. Watch video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.