വിലയിൽ വിപ്ലവം തീർത്ത് ഹണ്ടർ; 1.49 ലക്ഷത്തിന് ഇനി റോയൽ എൻഫീൽഡുകൾ സ്വന്തമാക്കാം

റോയൽ എൻഫീൽഡ് വില കുറഞ്ഞ ബൈക്ക് അവതരിപ്പിക്കാൻ പോകുന്നു എന്നുകേട്ടപ്പോൾ അതൊരു വെറുംവാക്ക് മാത്രമാണെന്ന് വിചാരിച്ചവരുണ്ട്. എത്ര കുറഞ്ഞാലും ഒരു രണ്ട് ലക്ഷമൊക്കെ വിലവരും എന്ന് പ്രവചിച്ചവരും ഉണ്ട്. എന്നാൽ എല്ലാവരും ഞെട്ടിയത് പുത്തൻ ഹണ്ടറിന്റെ വില പുറത്തുവിട്ടപ്പോഴാണ്. വെറും 1.49 ലക്ഷം രൂപക്കാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് നിരയിലെ റോഡ്‌സ്റ്റര്‍ പതിപ്പായി ഹണ്ടര്‍ 350 എത്തുന്നത്. റെട്രോ ഫാക്ടറി സീരീസ്, മെട്രോ ഡാപ്പര്‍ സീരീസ്, മെട്രോ റിബല്‍ സീരീസ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ബൈക്കിന് യഥാക്രമം 1.49 ലക്ഷം, 1.63 ലക്ഷം, 1.68 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

മെറ്റിയർ 350, പുതിയ ക്ലാസിക് 350 എന്നിവയിൽ കാണപ്പെടുന്ന അതേ J-പ്ലാറ്റ്‌ഫോമിലാണ് ബൈക്കിന്റെ നിർമാണം. റോയല്‍ എന്‍ഫീല്‍ഡില്‍ നിന്ന് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സ്‌ക്രാം 411-ല്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഹെഡ്ലാമ്പ്, ഇന്റിക്കേറ്റര്‍ എന്നിവയാണ് ഹണ്ടറിലുമുള്ളത്. റോയല്‍ എന്‍ഫീല്‍ഡ് ബാഡ്ജിങ്ങ് നല്‍കി ഡ്യുവല്‍ ടോണിലാണ് ടാങ്കിന്റെ ഡിസൈന്‍, സിംഗിള്‍ പീസ് സീറ്റ്, സ്ലിപ്പ് ഗ്രാബ് റെയില്‍, വൃത്താകൃതിയിലുള്ള ടെയില്‍ലാമ്പ് എന്നിവയും ഈ വാഹനത്തിന് അഴകേകും.

349 സിസി എഞ്ചിൻ പരമാവധി 14.87kW അല്ലെങ്കിൽ 20.2hp പവർ നൽകും. മെറ്റിയോറിലും ക്ലാസിക്കിലും കാണുന്ന അതേ ഔട്ട്‌പുട്ടാണിത്. ടോർക് 27Nmന് അടുത്തായിരിക്കും. ഉയരവും നീളവും മെറ്റിയോറിനേക്കാളും ക്ലാസിക്കിനെക്കാളും അൽപ്പം കുറവാണ്. വീൽബേസ് 1,370 എം.എം ആയി കുറയും. മെറ്റിയോറിന്റെ വീൽബേസ് 1,400 മില്ലീമീറ്ററും ക്ലാസിക്കിന്റെ വീൽബേസ് 1,390 മില്ലീമീറ്ററുമാണ്. ഹണ്ടറിന്റെ ഉയരം മീറ്റിയോറിന് തുല്യമാണ്. 180 കിലോഗ്രാം ഭാരമുണ്ട്. മറ്റ് റോയലുകളേക്കാൾ 10 മുതൽ 15 കിലോഗ്രാം വരെ ഭാരം കുറവാണ്.


എഞ്ചിൻ കൂടാതെ ബ്രേക്കിങും സസ്‌പെൻഷനും മെറ്റിയോര്‍ 350മായി ഹണ്ടർ പങ്കിടും. 17-ഇഞ്ച് കാസ്റ്റ് അലോയ് റിമ്മുകൾ ട്യൂബ്‌ലെസ് ടയറുകളോട് കൂടിയതാണ്. 110/70-17 (മുൻവശം), 140/70-17 (പിന്നിൽ എന്നിങ്ങനെയാണ് ടയറുകൾ. മുന്നിൽ 41 എം.എം ടെലിസ്‌കോപ്പിക് ഫോർക്ക്, 130 എംഎം ട്രാവൽ, പിന്നിൽ 6-സ്റ്റെപ്പ് പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന ട്വിൻ എമൽഷൻ ഷോക്ക് അബ്‌സോർബറുകൾ ആണ് സസ്‌പെൻഷൻ ചുമതലകൾ നിർവ്വഹിക്കുക. ഹണ്ടർ 350-ന്റെ മെട്രോ വേരിയന്റിന് ഇരട്ട-ചാനൽ എ.ബി.എസ് സ്റ്റാൻഡേർഡായി ലഭിക്കും. മെറ്റിയോറിന് അടിസ്ഥാനമിടുന്ന ഡബിൾ ക്രാഡിൽ ഷാസിയിലാണ് പുതിയ ബൈക്കും രൂപകൽപ്പന ചെയ്‍തിരിക്കുന്നത്.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും Y-ആകൃതിയിലുള്ള അലോയ് വീലുകളും മെറ്റിയോറിന് സമാനമായി കാണുമ്പോൾ, ചെറിയ സ്വിംഗ് ആം, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത ഇന്ധന ടാങ്ക്, സിംഗിൾ പീസ് സീറ്റ് എന്നിവയുമുണ്ട്. ടെയിൽലാമ്പുകൾ, ഗ്രാബ് ഹാൻഡിലുകൾ, മഡ്ഗാർഡുകൾ എന്നിവയും വ്യത്യസ്തമാണ്. ഒരു പുതിയ പിൻ സസ്പെൻഷൻ യൂനിറ്റ് ഉണ്ടായിരിക്കും.

മെറ്റിയർ 350-ൽ കണ്ടതുപോലെ പ്ലാസ്റ്റിക് സൈഡ് ബോക്‌സ്, ഫ്ലൈ സ്‌ക്രീൻ, ബാക്ക്‌റെസ്റ്റ് എന്നിവയുൾപ്പെടെ പുതിയ ബൈക്കിനൊപ്പവും നിരവധി ആക്‌സസറികൾ നൽകും. രണ്ട് വേരിയന്റുകളിൽ വരുന്ന ഹണ്ടറിന് 1.5 ലക്ഷം മുതന്‍വില പ്രതീക്ഷിക്കുന്നു. ടി.വി.എസ് റോണിൻ, ജാവ തുടങ്ങിയവരാണ് പ്രധാന എതിരാളികൾ.

Tags:    
News Summary - Royal Enfield Hunter 350 launched in India at Rs 1.50 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.