‘ദ ലാസ്റ്റ് വാരിയർ’; റോൾസ് റോയ്സ് റെയ്ത് ബ്ലാക് ആരോ ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു

ആഡംബര കാറുകളുടെ അവസാന വാക്കാണ് ബ്രിട്ടീഷ് വാഹന നിർമാതാക്കളായ റോൾസ് റോയ്‌സ്. 1906-ൽ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ സ്ഥാപിതമായ കമ്പനി ഓരോ മനുഷ്യന്റേയും സ്വപ്ന വാഹനങ്ങളാണ് നിർമിക്കുന്നത്. വരുന്ന പത്ത് വർഷത്തിനിടെ സമ്പൂർണമായി ഇലക്ട്രിക് വാഹനങ്ങൾ മാത്രം നിർമിക്കുന്ന കമ്പനിയായി റോൾസ് റോയ്സ് മാറും.

റോൾസിന്റെ സുവർണ യുഗത്തിലെ എഞ്ചിനുകൾ ഇല്ലാതാകും എന്നതാണ് ഇലക്ട്രിക് ആകുമ്പോൾ സംഭവിക്കുന്നത്. റോൾസ് തങ്ങളുടെ അവസാനത്തെ വി 12 എഞ്ചിനുമായി പുതിയൊരു വാഹനം അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. ധാരാളം പ്രത്യേകതകൾ നിറഞ്ഞ റെയ്ത് ബ്ലാക്ക് ആരോ എന്ന ലക്ഷ്വറി ഭീമനാണ് ഇപ്പോൾ പിറവിയെടുത്തിരിക്കുന്നത്. ആഡംബര കാർ നിർമാതാക്കളുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്ന പ്രത്യേക ലിമിറ്റഡ് എഡിഷൻ മോഡലാണിത്. റോൾസ് റോയ്‌സിന്റെ നിർമാണ ആസ്ഥാനമായ ഗുഡ്‌വുഡിൽ നിന്നുള്ള അവസാന കാറാണിത്. കൂടാതെ അവസാനമായി ഒരു V12 എഞ്ചിനും റോൾസ് റോയ്‌സ് കാറിൽ ഇടംപിടിക്കുകയാണ്.


623 ബി.എച്ച്.പി കരുത്തിൽ പരമാവധി 870 എൻ.എം ടോർക് വരെ നൽകാൻ കഴിയുന്നതാണീ V12 എഞ്ചിൻ. ഭാവിയിൽ പൂർണമായും ഇലക്ട്രിക് കാറുകളിലേക്ക് മാറാൻ പദ്ധതിയിടുന്നതിനാൽ റോൾസ് റോയ്‌സ് ഇതുവരെ നിർമിച്ചതിൽ അവസാനത്തെ V12 കൂപ്പെയായിരിക്കും റൈത്ത് ബ്ലാക്ക് ആരോയെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു ലമിറ്റഡ് എഡിഷൻ വാഹനമാണ്. ഈ സ്പെഷ്യൽ മോഡൽ ലോകമെമ്പാടുമായി വെറും 12 യൂനിറ്റുകളിൽ മാത്രമേ വിൽപ്പനയ്ക്ക് എത്തുകയുള്ളൂ.

മോഡലിനെ കുറിച്ചുള്ള മറ്റ് സാങ്കേതിക വിവരങ്ങളൊന്നും റോൾസ് റോയ്‌സ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മാത്രമല്ല കാറിന്റെ വിലയും പ്രഖ്യാപിച്ചിട്ടില്ല. പുറത്തിറക്കുന്ന 12 യൂനിറ്റുകളും ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഈ വേരിയന്റ് എത്തിയിട്ടുണ്ടോയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

റോൾസ് റോയ്സ് കഴിഞ്ഞ 10 വർഷമായി റെയ്ത് സീരീസ് കാറുകൾ പുറത്തിറക്കുന്നുണ്ട്. 2016-ൽ ലോഞ്ച് ചെയ്ത ബ്ലാക്ക് ബാഡ്ജ് പതിപ്പിനെ പിന്തുടർന്നാണ് V12 എഞ്ചിനോടുകൂടിയ ബ്ലാക് ആരോ എഡിഷൻ പണികഴിപ്പിച്ചിരിക്കുന്നത്. 1930 കളിൽ ലോകത്തെ വേഗ ​റെക്കോർഡുകൾ തകർത്ത തണ്ടർബോൾട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഡലിന്റെ ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്.


ബ്ലാക്കും ഗ്രേയും കൂടികലർന്ന നിറത്തിലാണ് റെയ്ത് ബ്ലാക്ക് ആരോ വിപണിയിലെത്തുന്നത്. ഇതോടൊപ്പം ഗ്ലോസി യെല്ലോ ഹൈലൈറ്റുകളും കമ്പനി കോർത്തിണക്കിയിട്ടുണ്ട്. സെലിബ്രേഷൻ സിൽവർ, ബ്ലാക്ക് ഡയമണ്ട് എന്നീ രണ്ട് ടോണുകൾക്കിടയിലുള്ള കളർ ഗ്രേഡിംഗോടു കൂടിയ പ്രത്യേക ബെസ്‌പോക്ക് ഫിനിഷാണ് റോൾസ് റോയ്‌സ് റത്‍യ്ത് ബ്ലാക് ആരോയിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് നിറങ്ങൾ തമ്മിലുള്ള എൻഹാൻസ്മെന്റ് വർധിപ്പിക്കുന്നതിന് ബ്ലാക്ക് ഡയമണ്ട് പെയിന്റിൽ ഒരു ഗ്ലാസ്-ഇൻഫ്യൂസ്ഡ് 'ക്രിസ്റ്റൽ' പെയിന്റ് ഓവർ ലെയറും കമ്പനി പ്രയോഗിച്ചിട്ടുണ്ട്.

ബമ്പർ ഇൻസെർട്ടുകളിലും ബെസ്‌പോക്ക് വീൽ പിൻസ്ട്രിപ്പുകളിലും ബ്രൈറ്റ് യെല്ലോ നിറം യോജിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. ഇനി ഇന്റീരിയറിലേക്ക് നോക്കിയാൽ 1938ൽ തണ്ടർബോൾട്ട് ലാൻഡ് സ്പീഡ് റെക്കോർഡ് സ്ഥാപിച്ച ബോണവില്ലെ സാൾട്ട് ഫ്ലാറ്റിന്റെ ഓർമ്മപ്പെടുത്തലായി ഓപ്പൺ-പോർ വുഡ് ഡോർ ലൈനിംഗോടെയാണ് ബ്ലാക്ക് ആരോയുടെ ഉൾഭാഗം പണികഴിപ്പിച്ചിരിക്കുന്നത്. സീറ്റുകളിലും ആംറെസ്റ്റുകളിലും ഡാഷ്‌ബോർഡിലും ബ്ലാക്ക് ക്ലബ് ലെതർ റോൾസ് റോയ്സ് ഉപയോഗിച്ചിരിക്കുന്നത് പ്രീമിയം ഫീൽ ഉയർത്തുന്നുണ്ട്.


അത്യാഡംബരമായി നിർമിച്ചിരിക്കുന്ന അകത്തളത്തിന് ഇതെല്ലാം വേറിട്ടൊരു ഫീലാണ് സമ്മാനിക്കാൻ കഴിയുന്നത്. സ്ട്രൈക്കിംഗ് യെല്ലോ കളർ ഇന്റീരിയറിലും സമൃദ്ധമായി റോൾസ്‌ റോയ്‌സ് ഉപയോഗിച്ചിട്ടുണ്ട്. സ്റ്റിയറിംഗ് വീൽ, സീറ്റ് ടോപ്പുകൾ, ഹെഡ്‌റെസ്റ്റുകൾ എന്നിവയെ ഈ നിറം വേറിട്ടതാക്കുന്നു. റോൾസ് റോയ്‌സ് കാറിൽ ഇതുവരെ ഉപയോഗിച്ചിട്ടുള്ളതിൽ ഏറ്റവും കൂടുതൽ എൽഇഡി ലൈറ്റുകളുമായാണ് റെയ്ത്ത് ബ്ലാക്ക് ആരോ വരുന്നത്. തണ്ടർബോൾട്ടിന്റെ ഓർമ്മപ്പെടുത്തലിനായി കാറിന്റെ റൂഫിൽ 2,117 ഫൈബ്രോപ്റ്റിക് സ്റ്റാറുകളും ബ്രിട്ടീഷ് വാഹന നിർമാതാക്കൾ നൽകിയിട്ടുണ്ട്.



Tags:    
News Summary - Rolls-Royce Wraith Black Arrow, the last of V12 coupe, breaks cover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.