ടാറ്റ മോട്ടോഴ്സിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; വയോധികന് നഷ്ടമായത് 4.06 ലക്ഷം

ടാറ്റ മോട്ടോഴ്സിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പെന്ന് പരാതി. മുംബൈ, ഗാംദേവി പൊലീസിലാണ് പരാതി ലഭിച്ചത്. 73 കാരനാണ് തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹത്തിൽ നിന്ന് 4.06 ലക്ഷം അജ്ഞാതൻ തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ.

73 കാരന്റേയും ഭാര്യയുടെയും ഏക വരുമാനം പെൻഷൻ മാത്രമായിരുന്നു. ഒരു വർഷം മുമ്പ് വയോധികൻ ടാറ്റ മോട്ടോഴ്‌സിന്റെ സൗജന്യ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിരുന്നു. നവംബർ 10 ന്, ടാറ്റ മോട്ടോഴ്‌സിൽ നിന്ന് വിളിക്കുന്നുവെന്ന് പറഞ്ഞ് അജ്ഞാതൻ ഇദ്ദേഹത്തെ ഫോണിൽ വിളിച്ചു. മൊബൈൽ ആപ്പിന്റെ സബ്‌സ്‌ക്രിപ്‌ഷൻ അവസാനിച്ചെന്നും സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കാൻ 3,528 രൂപ നൽകണമെന്നും അറിയിച്ചു. വയോധകൻ പണം നൽകിയെങ്കിലും ആപ്പ് പ്രവർത്തിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തിന് സംശയമായി.

തുടർന്ന് വയോധികൻ ഗൂഗിളിൽ ടാറ്റ മോട്ടോഴ്സിന്റെ കസ്റ്റമർ കെയർ നമ്പർ സെർച്ച് ചെയ്തു. എന്നാൽ ഇദ്ദേഹത്തിന് ലഭിച്ചത് തട്ടിപ്പുകാർ നൽകിയിരുന്ന നമ്പരായിരുന്നു. ഓൺലൈൻ ഷോപ്പിങ് പോർട്ടലുകൾ, ബാങ്കുകൾ, കൊറിയറുകൾ, വൈൻ ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ടൂറിസം തുടങ്ങിയ സേവനങ്ങളുടെ കസ്റ്റമർ കെയർ നമ്പറുകളായി സൈബർ തട്ടിപ്പുകാർ സ്വന്തം നമ്പറുകൾ അപ്‌ലോഡ് ചെയ്യുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

ഈ നമ്പരിൽ വിളിച്ചതോടെ ടാറ്റ മോട്ടോഴ്‌സിന്റെ എക്‌സിക്യൂട്ടീവായി ആൾമാറാട്ടം നടത്തിയ തട്ടിപ്പുകാരൻ വയോധികനെക്കൊണ്ട് 'എനിഡസ്ക്' എന്ന ആപ്ലിക്കേഷൻ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യിക്കുകയായിരുന്നു. പുറത്തുള്ള ഒരാൾക്ക് ഓൺലൈൻ വഴി കമ്പ്യൂട്ടർ നിയന്ത്രിക്കാൻ അവസരം നൽകുന്ന ആപ്ലിക്കേഷനാണ് എനിഡസ്ക്. തുടർന്ന് പ്രശ്‌നം പരിഹരിക്കാൻ ചെറിയ തുക അടയ്ക്കാൻ വയോധികന്റെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ആവശ്യപ്പെട്ടു. പിന്നീട് ഈ വിവരങ്ങൾ ഉപയോഗിച്ച് ആറ് ഇടപാടുകളിലായി മൊത്തം 4.06 ലക്ഷം രൂപ അകൗണ്ടിൽ നിന്ന് തട്ടിയെടു​ക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

തന്റെ അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫർ ചെയ്യുന്നതിനെകുറിച്ച് ബാങ്ക് എസ്.എം.എസ് ലഭിച്ചതോടെയാണ് വയോധികൻ ബാങ്കിലും പിന്നീട് പോലീസ് സ്റ്റേഷനിലും പരാതി നൽകിയത്.

Tags:    
News Summary - 73-year-old man calls Tata Motors ‘customer care’ number, loses Rs 4.06 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.