ഞാനെന്തുകൊണ്ട് ഇ.വി വാങ്ങി?; നീതി ആയോഗ് സി.ഇ.ഒയുടെ വാക്കുകൾ വൈറലാകുമ്പോൾ

ഇ.വി വാങ്ങണോ, പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങളിൽ ഉറച്ചുനിൽക്കണോ എന്ന സംശയം ഉപഭോക്താക്കളെ അലട്ടുന്ന കാലമാണിത്. താൽപ്പര്യമുണ്ടെങ്കിലും ഇ.വി വാങ്ങാൻ കഴിയാത്തതരത്തിൽ വിലക്കൂടുതലും മൈലേജ് കുറവുമൊക്കെ നിലനിൽക്കുന്നുണ്ട് എന്നതും അവഗണിക്കാനാവില്ല. ഈ സമയത്താണ് സർക്കാർ മെയ്ക്ക് ഇൻ ഇന്ത്യ', 'വോക്കൽ ഫോർ ലോക്കൽ' കാമ്പെയ്‌നുകളൊക്കെ നടത്തുന്നത്.


നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് പാസഞ്ചർ വാഹനമാണ് ടാറ്റ നെക്‌സൺ ഇവി. പല പ്രമുഖരും നേരത്തേ നെക്സൺ ഇ.വി വാങ്ങിയിരുന്നു. ഇപ്പോൾ, ഇ.വി വാങ്ങാൻ പ്രോത്സാഹനവുമായി രംഗത്ത് എത്തിയിരിക്കുന്നത് നീതി ആയോഗിന്റെ സി.ഇ.ഒ അമിതാഭ് കാന്താണ്. ഇന്ത്യാ ഗവൺമെന്റിന്റെ അപെക്‌സ് പബ്ലിക് പോളിസി തിങ്ക് ടാങ്കിന്റെ തലവൻ തനിക്കായി വെള്ള നിറമുള്ള ടാറ്റ നെക്‌സൺ ഇവി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ ദൈനംദിന യാത്രാമാർഗ്ഗമായി ഇ.വിയാണ് ഉപയോഗിക്കുന്നത്.


'പ്രകൃതിവാതക ഇന്ധന വില ഉയരുന്ന സാഹചര്യത്തിൽ വൈദ്യുത വാഹനങ്ങളി​ലേക്കുള്ള നമ്മുടെ യാത്ര വേഗത്തിലാക്കണം. ഞാൻ ഉപയോഗിക്കുന്നത് മേക് ഇൻ ഇന്ത്യ പ്രോഡക്ട് ആയ ടാറ്റ നെക്സൺ ഇ.വിയാണ്. ഇ.വികൾ ഉപയോഗിക്കാൻ സുഗമവും സൗകര്യപ്രദവുമാണ്. ബാറ്ററി ചാർജ്ജിനെക്കുറിച്ചും ഉത്കണ്ഠ വേണ്ട. വാഹനത്തിന്റെ സർവ്വീസ് ചിലവുകളും മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് കുറവാണ്. എല്ലാവരും ഇ.വികൾ ഉപയോഗിച്ച് നോക്കൂ'-അമിതാഭ് കാന്ത് ട്വിറ്ററിൽ കുറിച്ചു.

ഇതാദ്യമായല്ല ഒരു സർക്കാർ ഉദ്യോഗസ്ഥൻ ടാറ്റ നെക്‌സോൺ ഇവി തന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി, പല കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും അവരുടെ വാഹനവ്യൂഹത്തിൽ നെക്‌സോൺ ഇവി ഉൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വേണ്ടി ഡൽഹി സർക്കാരിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് 12 ഇലക്ട്രിക് വാഹനങ്ങൾ അടുത്തിടെ വാങ്ങിയിരുന്നു.


റേഞ്ച് കൂട്ടി നെക്സൺ ഇ.വി

കൂടുതൽ കുരുത്തുള്ള ബാറ്ററി പാക്കുള്ള നെക്സൺ ഇ.വി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ ഇപ്പോൾ. നിലവിലെ 30.2kWh ബാറ്ററി പാക്കിനെ 30 ശതമാനം വലുതാക്കുകയാണ് ടാറ്റ. 40kWh ബാറ്ററി പാക്കോടെയാണ് വാഹനം നിരത്തിലെത്തുന്നത്. ഇതോടെ 312 കിലോമീറ്റർ എന്ന പഴയ റേഞ്ച് 400 കിലോമീറ്ററിലധികമാകും. മറ്റൊരു മാറ്റം കൂടുതൽ ശക്തമായ ചാർജറായിരിക്കും. ശക്തമായ 6.6kW എസി ചാർജറിനൊപ്പമാകും വാഹനം ലഭ്യമാവുക. നിലവിൽ, 3.3kW എസി ചാർജറാണ് നൽകിയിരിക്കുന്നത്. ബാറ്ററി 100 ശതമാനത്തിലേക്ക് ഉയർത്താൻ ഏകദേശം 10 മണിക്കൂർ ഈ ചാർജറിന് വേണം. പുതുതായി വലിയ ബാറ്റി വരുന്നതോടെ ഈ ചാർജർ പോരാതെവരും. ഓപ്ഷനായാണ് 6.6kW എസി ചാർജർ വാഗ്ദാനം ചെയ്യുന്നതെന്നും സൂചനയുണ്ട്. അങ്ങിനെയെങ്കിൽ നിലവിലെ 3.3kW എസി ചാർജറും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

വലിയ ബാറ്ററി പാക്കിന് വാഹനത്തിന്റെ ഫ്ലോർ പാനിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കൂടാതെ ബൂട്ട് സ്പേസ് കുറയാനും ഇടയുണ്ട്. പുതുക്കിയ നെക്സൺ ഇ.വിക്ക് നാല് ഡിസ്ക് ബ്രേക്കുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം വലിയ ബാറ്ററി പാക്ക് കാരണം എസ്‌യുവിക്ക് ഭാരം കൂടും, അതിനാൽ അധിക സ്റ്റോപ്പിംഗ് പവർ ആവശ്യമാണ്. മറ്റ് അപ്‌ഡേറ്റുകളിൽ റീജനറേറ്റീവ് ബ്രേക്കിംഗിന്റെ തീവ്രത മാറ്റുന്ന പുതിയതും തിരഞ്ഞെടുക്കാവുന്നതുമായ റീജൻ മോഡുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇഎസ്പി), അലോയ് വീലുകൾക്കുള്ള പുതിയ ഡിസൈൻ എന്നിവ ഉൾപ്പെടും. വാഹനം ഏപ്രിലിൽ നിരത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെക്‌സോണ്‍ ഇലക്ട്രിക്കിന് നിലവില്‍ 14.29 ലക്ഷം രൂപ മുതല്‍ 16.90 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. അതേസമയം, പുതിയ മോഡല്‍ എത്തുന്നതോടെ വിലയില്‍ മാറ്റമുണ്ടായേക്കും. മൂന്ന് ലക്ഷം രൂപയോളം ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ പോലും നെക്‌സോണ്‍ ഇ.വിയുടെ എതിരാളികളെക്കാള്‍ കുറഞ്ഞ വിലയില്‍ ഈ വാഹനം ഉപയോക്താക്കളില്‍ എത്തിക്കാന്‍ കഴിയും. എം.ജി. EZ EV, ഹ്യുണ്ടായി കോന എന്നിവയാണ് നെക്‌സോണിന്റെ എതിരാളികള്‍. ഇവ രണ്ടിനും വില 25 മുതൽ 30 ലക്ഷംവരെയാണ്.

Tags:    
News Summary - Niti Aayog CEO Amitabh Kant drives a Nexon EV: Explains why you should move to an EV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.