വാണിജ്യ ട്രക്ക് ജീവനക്കാർക്ക് ഇൻഷുറൻസ്; കടുത്ത നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

വാണിജ്യാവശ്യത്തിന് ഓടുന്ന ട്രക്കുകളിലെ ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. ട്രക്ക് ഡ്രൈവർമാരുടെ നിയമപരമായ അവകാശങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് കണ്ടതിനെ തുടർന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് പുതിയ നിർദേശങ്ങൾ സമർപ്പിച്ചത്.


1988ലെ മോട്ടോർ വെഹിക്കിൾ ആക്‌ട് പരിഷ്‌കരിച്ച് 15 ലക്ഷം രൂപയിൽ കുറയാത്ത തുകയ്ക്ക് ഡ്രൈവർ, സഹ ഡ്രൈവർ, സഹായി എന്നിവർക്ക് വ്യക്തിഗത അപകട ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് ശുപാർശയിൽ നിർദ്ദേശിച്ചിട്ടുണ്ട്. 1000 രൂപയില്‍ കുറയാത്ത തുകയ്ക്ക് വ്യക്തിഗത ഇന്‍ഷുറന്‍സ് നിര്‍ബന്ധമായും ഉണ്ടാവണം. മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മൂന്നുമാസത്തിനകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ മേധാവി ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദേശം നല്‍കി. ഭൂരിഭാഗം ട്രക്ക് ഡ്രൈവര്‍മാര്‍ക്കും പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങളില്ല.


വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്ന ഡ്രൈവർമാർ, സഹ ഡ്രൈവർമാർ, സഹായികൾ എന്നിവർക്ക് പണരഹിത ചികിത്സ നൽകൽ, പാർക്കിങ് ഏരിയകൾ, സജ്ജീകരിച്ച വിശ്രമമുറികൾ, ഭക്ഷണ പാനീയങ്ങൾ നൽകുന്ന റെസ്റ്റോറന്റുകൾ എന്നിവ അടങ്ങുന്ന ഡ്രൈവർ റെസ്റ്റ് സ്റ്റോപ്പുകൾ സ്ഥാപിക്കൽ എന്നിവയാണ് കമ്മീഷന്റെ മറ്റ് ചില ശുപാർശകൾ. ദേശീയ പാതയോരങ്ങളിലും, സംസ്ഥാന പാതകളിലും മറ്റ് പ്രധാന ജില്ലാ റോഡുകളിലും 40 കിലോമീറ്ററിൽ കൂടാത്ത കൃത്യമായ ഇടവേളകളിൽ മെക്കാനിക്ക് ഷോപ്പുകൾ, മെഡിസിൻ ഷോപ്പുകൾ, ക്ലിനിക്കുകൾ, മുതലായവ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്.

ദൈര്‍ഘ്യമേറിയ ജോലിസമയം, മതിയായ വിശ്രമവും ഉറക്കവും ഇല്ലായ്മ, കുടുംബത്തില്‍നിന്ന് ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടിവരല്‍, കുറഞ്ഞ വേതനം, നിയമപാലകരുടെയടക്കം നിരന്തരമായ ചൂഷണം, റോഡപകടങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇവര്‍ ഇരയാവുന്നു. അപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന ജീവനക്കാര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണമന്നും കമ്മീഷൻ നിർദേശിച്ചു.

Tags:    
News Summary - NHRC seeks mandatory insurance, accident covers of Rs 15 lakh for truck drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.