മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വേഗതയിൽ സഞ്ചരിക്കാവുന്ന, ബൈക്കുകൾക്കും ഓട്ടോകൾക്കും പ്രവേശനമില്ലാത്ത റോഡ് എന്ന് കേട്ടിട്ടുണ്ടോ? അത്തരമൊരു ഹൈവേ കഴിഞ്ഞദിവസം രാജ്യത്തുതുറന്നുകൊടുക്കപ്പെട്ടു. മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയാണ് ഈ സൂപ്പർ ഹൈവേ. ഹൈവേയുടെ ആദ്യഘട്ടം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നുകൊടുത്തു.
701 കിലോമീറ്റർ ആണ് മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് വേയുടെ ദൂരം. അതിൽ നാഗ്പുരില്‍നിന്ന് ശിര്‍ദിവരെയുള്ള 520 കിലോമീറ്റര്‍ ആണ് പണിപൂർത്തിയായത്. ഈ ഹൈവേ പൂർത്തിയാകുമ്പോൾ നാഗ്പുരില്‍നിന്ന് മുംബൈയിലേക്കെത്താന്‍ എട്ടുമണിക്കൂറേ വേണ്ടിവരികയുള്ളൂ. നിലവില്‍ 16 മണിക്കൂറിലധികം സമയം ഇതിനായി എടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും ഹൈവേയിലൂടെ വാഹനമോടിച്ച് പരിശോധന നടത്തിയിരുന്നു. ശിവസേനാ, ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ആണ് എക്‌സ്പ്രസ് വേയുടെ പ്രഖ്യാപനം നടത്തിയത്. മുംബൈയില്‍നിന്ന് താനെ, നാസിക്, അഹമ്മദ്നഗര്‍, ജല്‍ന, ഔറംഗാബാദ്, ബുര്‍ധാന, വാഷിം, അമരാവതി, വാര്‍ധ വഴിയാണ് റോഡ് നാഗ്പുരിലെത്തുന്നത്.
ജവാഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റുമായും ഇത് ബന്ധപ്പെടുന്നുണ്ട്. സംസ്ഥാനത്തെ മറ്റു പട്ടണങ്ങളുമായും ഈ പാത ബന്ധപ്പെടുത്തും. വ്യവസായ മേഖലകളുമായും ഡല്‍ഹി-മുംബൈ വ്യവസായ ഇടനാഴിവഴിയും ഈ എക്‌സ്പ്രസ് വേ ബന്ധിപ്പിക്കും. ചന്ദ്രാപുര്‍, ഭണ്ഡാര, ഗോണ്ടിയ, ഗാഡ്ചിരോളി, യവത്മല്‍, അകോള, ഹിംഗോളി, പര്‍ഭനി, നാന്ദഡ്, ബീഡ്, ധുലെ, ജല്‍ഗാവ്, പാല്‍ഘര്‍, റായ്ഗഡ് ജില്ലകളില്‍നിന്നും എക്‌സ്പ്രസ് വേയിലേക്ക് പ്രധാന ലിങ്കിങ് റോഡുകളുമുണ്ട്. ചുരുക്കത്തില്‍ സംസ്ഥാനത്തെ 24 ജില്ലകളുമായി എക്‌സ്പ്രസ് വേ ബന്ധപ്പെട്ടു കിടക്കും.
120 മീറ്റര്‍ വീതിയിലാണ് എക്‌സ്പ്രസ് വേ പണിതിരിക്കുന്നത്. മധ്യത്തില്‍ 22.5 മീറ്റര്‍ വീതിയില്‍ ഡിവൈഡറും ഉണ്ടാകും. ഇവിടെ പൂന്തോട്ടങ്ങളും മറ്റും വെച്ചുപിടിപ്പിക്കും. ഇരു ഭാഗത്തും നാലുവരികള്‍വീതം വാഹനങ്ങള്‍ക്കായി ആകെ എട്ടു ലൈനുകളുണ്ടാകും. ഭാവിയില്‍ ലൈനുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള സൗകര്യവും നിലനിര്‍ത്തിയിട്ടുണ്ട്.
ഇത് കൂടാതെ ഇരു ഭാഗത്തും സര്‍വീസ് റോഡുകളും ഉണ്ടാകും. 50-തിലധികം മേല്‍പ്പാതകള്‍, അഞ്ച് തുരങ്കങ്ങള്‍, വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കുമായി 700- ഓളം അണ്ടര്‍പാസുകള്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. 55,000 കോടി രൂപയാണ് ഈ പദ്ധതിയുടെ ആകെ ചെലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.