ചൈനീസ് ആപ്പ് ഉപയോഗിച്ച് കാർ മോഷണം; മാരുതി സ്​പെഷലിസ്റ്റുകളായ ഹൈടെക് തസ്കരൻമാരുടെ സംഘം പിടിയിൽ

ചൈനീസ് ആപ്പ് ഉപയോഗിച്ച് കാർ മോഷണം നടത്തുന്ന ഹൈടെക് തസ്കരൻമാരുടെ സംഘം പിടിയിൽ. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.ചൈനീസ് സോഫ്റ്റ്​വെയര്‍ ഉപയോഗിച്ചായിരുന്നു സംഘം കാറുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

വാഹന മോഷണ സംഘം ഇതിനോടകം നൂറിലേറെ കാറുകള്‍ കവര്‍ന്നതായാണ് പരാതി. പ്രധാനമായും റോഡരികില്‍ നിര്‍ത്തിയിട്ട കാറുകള്‍ ആയിരുന്നു ഇവരുടെ ലക്ഷ്യം. വിജയനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ രാത്രിയില്‍ ലഭിച്ച് വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കൾ പിടിയിലായത്. പട്രോളിങ്ങിനിടെ ഗാസിയാബാദ് സ്വദേശികളായ ഗൗരവ്, ഉമേഷ് എന്നിവര്‍ പൊലീസിന്റെ പിടിയിലായി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഹൈടെക് മോഷണത്തിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

മികച്ച സുരക്ഷാ സംവിധാനങ്ങളുമായി വരുന്ന കാറുകളായിരുന്നു സംഘം കവർന്നിരുന്നത്. 2019 മുതലാണ് ഈ സംഘം കാറുകള്‍ കവരാന്‍ തുടങ്ങിയത്. കാര്‍ മോഷ്ടിക്കാനായി ഇവര്‍ ഒരു ചൈനീസ് ആപ്പാണ് ഉപയോഗിച്ചത്. കാറിന്റെ എഞ്ചിന്‍ കണ്‍ട്രോള്‍ മൊഡ്യൂള്‍ (ECM) മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് ഡിജിറ്റല്‍ ലോക്ക് തുറന്നിരുന്നത്.

ഒരേ സഥലത്ത് ദിവസങ്ങളോളം പാര്‍ക്ക് ചെയ്ത കാര്‍ ഇവര്‍ പകല്‍ നോട്ടമിട്ട് വെക്കും. ശേഷം രാത്രിയില്‍ വ്യാജ താക്കോലിട്ട് കാറിന്റെ അകത്ത് കയറും. ഇലക്ട്രിക് കണ്‍ട്രോള്‍ യൂണിറ്റ് ചൈനീസ് സോഫ്റ്റ്വെയറുമായി ബന്ധിപ്പിച്ചാണ് മോഷ്ടാക്കള്‍ വാഹനത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്നത്. ഒരു കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിവരങ്ങളും ഇസിഎമ്മിലാണ് രേഖപ്പെടുത്തി വെക്കുന്നത്. ഡിജിറ്റല്‍ ലോക്കും സ്‌റ്റോര്‍ ചെയ്തിരിക്കുന്നത് ഇവിടെയാണ്.

സോഫ്റ്റ്​വെയര്‍ വഴി ഇസിഎം ഹാക്ക് ചെയ്ത് സ്റ്റിയറിങ് അണ്‍ലോക്ക് ചെയ്ത് കാര്‍ സ്റ്റാര്‍ട്ട് ചെയ്താണ് മോഷ്ടാക്കള്‍ കടന്നുകളയുന്നത്. ബലേനോ, വാഗണ്‍ആര്‍ തുടങ്ങി 12 കാറുകള്‍ പിടിയിലായ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ പ്രധാനമായും മാരുതി കാറുകളാണ് മോഷ്ടിക്കുന്നത്. മഹീന്ദ്ര ഥാറടക്കമുള്ള കാറുകളും മുമ്പ് ഇവര്‍ കവര്‍ന്നിരുന്നു.

മോഷണത്തിന് വെറും 2 മുതല്‍ 2.30 മിനിറ്റ് സമയം മാത്രമാണ് വേണ്ടി വരുന്നതെന്നും പൊലീസ് പറയുന്നു. പിടിയിലകപ്പെടാതിരിക്കാന്‍ കാറിന്റെ ജിപിഎസ് ഓഫ് ചെയ്യും. സംഘം ഇതുവരെ മോഷ്ടിച്ച കാറുകള്‍ നേപ്പാള്‍, ബിഹാര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുകയാണ് ചെയ്തത്.

കൂടാതെ ഈ കാര്‍ വില്‍ക്കാനായി വ്യാജ ആര്‍സി ബുക്കും നമ്പര്‍ പ്ലേറ്റും ഇവര്‍ സംഘടിപ്പിക്കും. വാഹനം മോഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ഇതേ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കാറിന്റെ വിവരങ്ങള്‍ എടുത്താണ് വ്യാജ ആര്‍സി തയാറാക്കുന്നത്. ശേഷം കാര്‍ യൂസ്ഡ് കാര്‍ വിപണിയില്‍ വില്‍ക്കുകയാണ് സംഘത്തിന്റെ പതിവ്. മോഷ്ടാക്കളുടെ മൊബൈലില്‍ നിന്ന് ഹാക്കിംഗിന് ഉപയോഗിച്ച സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

നോയിഡ സ്വദേശിയാണ് ഇവർക്കുവേണ്ട സോഫ്റ്റ്​വെയർ കൈമാറിയതെന്നാണ് വിവരം. നോയിഡ സ്വദേശി ചൈനയില്‍ നിന്നാണ് ആപ്പ് വാങ്ങിയത്. നോയിഡ സ്വദേശിയെ പിടികൂടാന്‍ പൊലീസ് വലവിരിച്ചെങ്കിലും ഇയാള്‍ വിദഗ്ധമായി മുങ്ങി. ഇയാള്‍ വേറെ ചിലര്‍ക്കും ഈ സോഫ്റ്റ്‌വെയര്‍ വിറ്റതായാണ് സൂചന. അതിനാല്‍ തന്നെ ഇയാളെ പിടികൂടി ആപ്പുകള്‍ വീണ്ടെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

Tags:    
News Summary - More than 100 luxury car theft in Delhi NCR, know how to avoid Chinese App and super smart thieves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.