വീണ്ടും ഇ.വി ദുരന്തം; ചാർജ് ചെയ്യവേ ഇലക്ട്രിക് സ്കൂട്ടർ പൊട്ടിത്തെറിച്ച് ഏഴുവയസ്സുകാരന് ദാരുണാന്ത്യം

മുംബൈ: ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ചാർജിങ്ങിനിടെ പൊട്ടിത്തെറിച്ച് 7 വയസ്സുകാരന് ദാരുണാന്ത്യം. മുംബൈയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം. വീടിനുള്ളിൽ വച്ച് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ സാബിർ അൻസാരിയാണ് മരിച്ചത്.


സെപ്തംബർ 23ന് പുലർച്ചെ 5.30 ഓടെ വീട്ടിലെ ലിവിംഗ് റൂമിൽ ചാർജ് ചെയ്യാൻ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഷോർട്ട് സെർക്യൂട്ട് മൂലമാണ് അപകടം സംഭംവിച്ചതെന്നാണ് സൂചന. ലിവിംഗ് റൂമിൽ മുത്തശ്ശിക്കൊപ്പം സാബിര്‍ ഉറങ്ങുന്നതനിടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. മുത്തശ്ശി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും സാബിറിന് ഗുരുതരമായി പൊള്ളലേറ്റു. ഭയങ്കരമായ ശബ്ദം കേട്ടാണ് സാബിറിന്റെ അമ്മ ഉണർന്നത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ സാബിർ ചികിത്സയിലിരിക്കെ സെപ്തംബർ 30 ന് മരിക്കുകയായിരുന്നു.

സ്ഫോടനത്തിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. വീട്ടിലെ ഇലക്ട്രിക് സാധനങ്ങളുൾപ്പെടെ ഫർണിച്ചറുകളും നശിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടത്തിന്റെ തോത് വിലയിരുത്തി. ബാറ്ററി കൂടുതൽ ചൂടായതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജയ്പൂർ കേന്ദ്രമായുള്ള സ്കൂട്ടർ നിർമ്മാതാക്കളോട് ബാറ്ററി പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ബാറ്ററി കൂടുതലായി ചാർജ് ചെയ്തതാണ് അപകട കാരണമെന്ന വാദം കുട്ടിയുടെ പിതാവ് സർഫറാസ് തള്ളി. തന്നോട് മൂന്ന് മൂന്ന് മുതൽ നാല് മണിക്കൂർ വരെ ചാർജ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു.

രാത്രി സമയങ്ങളിൽ ബാറ്ററികളും മൊബൈൽ ഫോണുകളും ചാർജ് ചെയ്യരുതെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവി ബാറ്ററികൾ തുറസ്സായ സ്ഥലങ്ങളിൽ ചാർജ് ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Mumbai: Minor Dies After Electric Scooter Battery Explodes in Vasai While Getting Charged At Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.