വീണ്ടുമൊരു കാണിക്കകൂടി; എക്സ്​.യു.വി 700 അമ്പലത്തിന്​ നൽകി മഹീന്ദ്ര

വാഹനങ്ങൾ കാണിക്കയായി നൽകുന്നത്​ പതിവാക്കിയ കമ്പനിയാണ്​ മഹീന്ദ്ര. കേരളത്തിലെ ഗുരുവായൂർ ക്ഷേത്രത്തിന്​ ഥാറും എക്സ്​.യു.വി 700 ഉം മഹീന്ദ്ര സമ്മാനിച്ചത്​ നേരത്തേ വാർത്തയായിരുന്നു. ഇപ്പോഴിതാ പുതിയൊരു ആരാധനാ കേന്ദ്രത്തിനും വാഹനം കാണിക്കയായി നൽകിയിരിക്കുകയാണ്​ കമ്പനി.

ഷിർദി സായി ബാബ ക്ഷേത്രത്തിനാണ് പുതിയ എക്സ്​.യു.വി700 വഴിപാടായി മഹീന്ദ്ര ട്രസ്റ്റ് നൽകിയിരിക്കുന്നത്. മോഡലിന്റെ AX7L വേരിയന്റാണ് ഷിർദിയിലെ സായി ബാബ സൻസ്ഥാന്റെ ദൈവിക വാസസ്ഥലത്തേക്ക് എത്തുന്നത്. സൻസ്ഥാൻ സംഘടിപ്പിച്ച ചടങ്ങിലാണ് എസ്‌യുവിയുടെ താക്കോൽ കൈമാറ്റം നടന്നത്. മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മഹീന്ദ്രയുടെ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ബോർഡ് അംഗവുമായ വീജയ് നക്രയാണ് കാർ കൈമാറിയത്.

ഷിർദിയിലെ സായിബാബ ക്ഷേത്രത്തിന് മുന്നിൽ വെച്ചാണ് ഔദ്യോഗിക ചടങ്ങുകൾ നടന്നത്. ഘോഷയാത്രയ്ക്കുശേഷം മഹീന്ദ്ര എക്‌സിക്യൂട്ടീവ് ശ്രീ സായിബാബ സൻസ്ഥാന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആകാശ് കിസ്‌വെയ്ക്ക് താക്കോൽ കൈമാറി. രാജ്യത്ത് പുതിയ മോഡൽ അവതരിപ്പിക്കുമ്പോഴെല്ലാം ആദ്യ മോഡലുകളിലൊന്ന് ശ്രീ സായിബാബ സൻസ്ഥാനിലേക്ക് എത്തിക്കുകയും സംഭാവന നൽകുകയും ചെയ്യുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുമുണ്ട്.

അടുത്തിടെ എക്സ്​.യു.വി 700 എസ്‌യുവിയുടെ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ് വാഹനം ഗുരുവായൂർ അമ്പലത്തിന് കാണിക്കയായി സമർപ്പിച്ചത്. ഷിർദി സായി ബാബ ക്ഷേത്രത്തിനും ഇതിന്റെ ഭാഗമായാണോ നൽകിയിരിക്കുന്നതെന്നും വ്യക്തമല്ല. ഥാർ എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷൻ പതിപ്പിന് ശേഷം ഗുരുവായൂർ അമ്പലത്തിന് നൽകിയ രണ്ടാമത്തെ കാറാണ് എക്സ്​.യു.വി700.

മഹീന്ദ്ര നിരയിൽ ഏറ്റവും കൂടുതൽ ഡിമാന്റുള്ളതും വിറ്റഴിക്കപ്പെടുന്നതുമായ എസ്‌യുവികളിൽ ഒന്നാണ് എക്സ്​.യു.വി700. മുമ്പുണ്ടായിരുന്ന എക്സ്​.യു.വി500 മോഡലിന്റെ പിൻഗാമിയായാണ് എക്സ്​.യു.വി700 പിറവിയെടുത്തത്. മോണോകോക്ക് ഷാസിയിൽ നിർമിച്ച വാഹനം ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ ഡ്രൈവ് ഓപ്ഷനുകളിലും സ്വന്തമാക്കാം. 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് ഹൃദയങ്ങളാണ് ഈ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയിലുള്ളത്. ഗിയർബോക്‌സ് കോമ്പിനേഷനുകളിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക്കുമാണ് ഉൾപ്പെടുന്നത്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന സെഗ്‌മെന്റിലെ ചുരുക്കം മോഡലുകളിൽ ഒന്നുകൂടിയാണ് എക്സ്​.യു.വി700.

അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, ഫ്രണ്ട് കൊളിഷൻ വാർണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ തുടങ്ങിയ ഫീച്ചറുകളോടെ എഡാസ്​ ലഭ്യമാവുന്ന വാഹനംകൂടിയാണ്​ എക്സ്​.യു.വി700.

Tags:    
News Summary - Mahindra Trust donates a brand-new XUV700 to Shirdi Sai Baba Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.