എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങൾക്കും 22 ശതമാനം സെസുമായി ജി.എസ്​.ടി കൗൺസിൽ; വാഹന കൊള്ള തുടർന്ന്​ കേന്ദ്രം

എസ്​.യു.വി, എം.യു.വി എന്ന വ്യത്യാസമില്ലാതെ എല്ലാത്തരം യൂട്ടിലിറ്റി വാഹനങ്ങൾക്കും 22 ശതമാനം സെസ് ബാധകമാക്കി ജി.എസ്​.ടി കൗൺസിൽ. യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തിന് കീഴില്‍ വരുന്ന വാഹനങ്ങള്‍ ജി.എസ്​.ടി കൗണ്‍സില്‍ പുനര്‍ നിര്‍വചിച്ചതോടെയാണ് സെസ്​ ഉയരുന്നത്​. എൻജിൻ ശേഷി 1,500 സിസിക്കു മുകളിൽ, നീളം 4 മീറ്ററിൽ കൂടുതൽ, ഗ്രൗണ്ട് ക്ലിയറൻസ് 170 മില്ലിമീറ്ററിനു മുകളിൽ എന്നീ മാനദണ്ഡങ്ങളുള്ള വാഹനം ഏത‌ു പേരിൽ അറിയപ്പെട്ടാലും സെസ് ബാധകമാക്കാനാണ്​ പുതിയ തീരുമാനം.

ഇന്ത്യയില്‍ നിലവില്‍ സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്കിളുകള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസിനും വിധേയമാണ്. ഇത്​ എം.പി.കളിലേക്കും വ്യാപിപ്പിക്കുകയാണ്​ പുതിയ തീരുമാനത്തിലൂ​ടെ സർക്കാർ ചെയ്യുന്നത്​. നിലവില്‍ 20 ശതമാനം സെസ് ഏർപ്പെടുത്തിയിട്ടുള്ള യൂട്ടിലിറ്റി വാഹനങ്ങളുടെ സെസ് 2 ശതമാനം ഉയരും. ഇതോടെ വലിയൊരു നിര വാഹനങ്ങൾക്ക്​ വിലകൂടും.

ഇതുവരെ എസ്​.യു.വികള്‍ക്ക് നികുതി നിരക്ക് 28 ശതമാനമായിരുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച നിര്‍വചനത്തിന് കീഴില്‍ വരുന്ന എല്ലാത്തരം എസ്​.യു.വികള്‍ക്കും ഇത് ബാധകമാണ്. ചില കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ കാറുകളെ എം.പി.വി, എം.യു.വി (മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍) എന്നിങ്ങനെ വേറെ പേരുകള്‍ വിളിക്കാറുണ്ട്. ഇത്തരം കാറുകള്‍ക്കും സെസ് ബാധകമാകുമോ എന്ന ചോദ്യം നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ ഉയര്‍ത്തിയിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ധനമന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജി.എസ്.ടി കൗണ്‍സില്‍ ജൂലൈ 11 ചൊവ്വാഴ്ചയാണ് യോഗം ചേര്‍ന്നത്. ഈ വിഭാഗത്തിലുള്ള വാഹനങ്ങളെ ഏത് പേരില്‍ വിളിക്കാന്‍ ഒരു നിര്‍മ്മാതാവ് തീരുമാനിച്ചാലും യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് കൗണ്‍സില്‍ തീരുമാനിച്ചത്. ജി.എസ്.ടിക്ക് പുറമെ ഈ വാഹനങ്ങള്‍ക്ക് 22 ശതമാനം സെസും ഈടാക്കും. 4 മീറ്ററില്‍ കൂടുതല്‍ നീളവും 1500 സിസിയില്‍ കൂടുതല്‍ എഞ്ചിന്‍ ശേഷിയും 170 മില്ലിമീറ്ററില്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സും ഉള്ള ഒരു കാര്‍ ഇനിമുതൽ എസ്‌യുവിയാണ്.

ടൊയോട്ട ഇന്നോവ, കിയ കാരന്‍സ് തുടങ്ങി എംപിവികളെ ഇനി മുതല്‍ ജിഎസ്ടി കൗണ്‍സില്‍ വലിയ യൂട്ടിലിറ്റി വാഹനങ്ങളായി കണക്കാക്കുകയും 22 ശതമാനം അധിക സെസ് ഈടാക്കുകയും ചെയ്യും. ഇതുമൂലം ഈ കാറുകളുടെ വില വര്‍ധിക്കും. ഈ 22 ശതമാനം സെസ് കാറുകളുടെ ഓണ്‍റോഡ് വില ഗണ്യമായി ഉയര്‍ത്തും. അടുത്തിടെ പുറത്തിറക്കിയ ഇന്‍വിക്‌റ്റോ എംപിവിയെ വില വര്‍ധന ബാധിക്കാന്‍ സാധ്യതയില്ല. ഇന്‍വിക്‌റ്റോ ഹൈബ്രിഡ് പവര്‍ട്രെയിന്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ 22 ശതമാനം സെസില്‍ നിന്ന് ഒഴിവാകാന്‍ സാധ്യതയുണ്ട്. 

Tags:    
News Summary - GST Council decides uniform taxation for utility vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.