ഇന്ത്യക്കായി വിലകുറഞ്ഞ ഇ.വികൾ നിർമിക്കാൻ ടെസ്​ല​?; തടസങ്ങൾ നീക്കി കേന്ദ്ര സർക്കാർ

ഇന്ത്യൻ വിപണി പ്രവേശനത്തിനായി ഏറെ നാളായി കാത്തിരിക്കുന്ന കമ്പനിയാണ്​ അമേരിക്കന്‍ വൈദ്യുതവാഹന നിര്‍മാതാക്കളായ ടെസ്‌ല. ടെസ്​ലയും കേന്ദ്ര സർക്കാറും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്​ ഇതിന്​ തടസമായി നിന്നത്​. 2021-ല്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് ടെസ്‌ല ഉപാധികള്‍ മുന്നോട്ട് വെച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍, ഇത് കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു.

പുതിയ പദ്ധതികൾ

2023 ഓഗസ്റ്റില്‍ ടെസ്​ലക്ക്​ മുന്നിൽ കേന്ദ്രം ഒരു നിർദേശം മുന്നോട്ടുവച്ചിരുന്നു. പ്രദേശികമായി പ്ലാന്റ് സ്ഥാപിക്കുകയാണെങ്കില്‍ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാമെന്നാണ്​ സര്‍ക്കാര്‍ ടെസ്‌ലയെ അറിയിച്ചത്​. തുടക്കത്തില്‍ ഇന്ത്യയിലേക്ക് വാഹനം ഇറക്കുമതി ചെയ്യാനും ഘട്ടംഘട്ടമായി ഇവിടെ ഉത്പാദനം തുടങ്ങി കയറ്റുമതിചെയ്യാനുമാണ്​ പുതിയ ധാരണ. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് സൂചന.

2024 ജനുവരിയില്‍ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഗ്ലോബല്‍ ഉച്ചകോടിയില്‍ ടെസ്‌ലയുടെ ഇന്ത്യന്‍ പദ്ധതികള്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്തവര്‍ഷം വൈദ്യുതവാഹനങ്ങള്‍ ഇറക്കുമതിചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കുമെന്നാണ് വിവരം.


രണ്ടുവര്‍ഷത്തിനകം ഇവിടെ ഉത്പാദനം തുടങ്ങണമെന്ന വ്യവസ്ഥയോടെയാകുമിത്. ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാമെങ്കില്‍ വിദേശ വൈദ്യുതവാഹന നിര്‍മാതാക്കള്‍ക്ക് ഇറക്കുമതിത്തീരുവയില്‍ ഇളവാകാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാട്. നേരത്തേ ഇറക്കുമതിത്തീരുവയില്‍ ഇളവു നല്‍കേണ്ടതില്ലെന്നായിരുന്നു തീരുമാനിച്ചിരുന്നത്.

2024 ജനുവരിയോടെ ടെസ്‌ലയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ ലഭ്യമാകുമെന്ന് എതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് ടെസ്‌ല പ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നെന്നും സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ അമേരിക്കയിലെ ടെസ്‌ല ഫാക്ടറി സന്ദര്‍ശിച്ചത് ചര്‍ച്ചകള്‍ക്ക് വേഗത പകര്‍ന്നിരുന്നു. 2024-ല്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കാനും പദ്ധതിയിടുന്നുണ്ട്.

ടെസ്​ല പ്ലാന്‍റ്​ വരും

ഇലക്ട്രിക് വാഹന നിര്‍മാണത്തിന് അനുയോജ്യമായ പരിതസ്ഥിതിയുള്ള സംസ്ഥാനങ്ങളെ ടെസ്​ല വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി പരിഗണിക്കുന്നുണ്ട്. തമിഴ്നാടും ഗുജറാത്തുമാണ് പ്ലാന്റിനുള്ള സാധ്യത പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിനാണ് ഇതില്‍ നറുക്ക് വീഴാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.


അമേരിക്കയെ കൂടാത നിലവില്‍ ചൈന, ജര്‍മനി എന്നിവിടങ്ങളിലാണ് ടെസ്​ലയ്ക്ക് ഫാക്ടറിയുള്ളത്. അഞ്ച് ലക്ഷം കാര്‍ വാര്‍ഷിക ഉത്പാദന ശേഷിയുള്ള ഫാക്ടറിയാണ് കമ്പനി ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. മേഖലയിലെ പ്രധാന കയറ്റുമതി ഹബ് ആക്കി ഇന്ത്യയെ മാറ്റാനും കമ്പനിക്ക് ഉദ്ദേശ്യമുണ്ട്. 200 കോടി ഡോളറാണ് (ഏകദേശം 17,000 കോടി) ഫാക്ടറിക്കായി പ്രാരംഭഘട്ടത്തില്‍ ഇന്ത്യയില്‍ നിക്ഷേപിക്കുക.

ടെസ്ലയുടെ വരവിനായി ഇന്ത്യയുടെ വാഹന വിപണി കാത്തിരിക്കുകയാണെങ്കിലും ചൈനയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതുതന്നെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുകയാണെങ്കില്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.


വിലകുറഞ്ഞ ടെസ്​ല

നിലവില്‍ ടെസ്​ലയുടെ വാഹനങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ഇരട്ടിയിലധികം വില നല്‍കേണ്ട സാഹചര്യമാണുള്ളത്. അതേസമയം ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചാല്‍ അത് ഗണ്യമായി കുറയും. ഏകദേശം 20,000 ഡോളറിന് ടെസ്​ല കാറുകള്‍ ലഭ്യമാക്കാനായേക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഇത് ഏകദേശം 16.6 ലക്ഷം രൂപ മാത്രമാകും വരിക. അങ്ങിനെയെങ്കിൽ ടെസ്​ലയുടെ ഏറ്റവും വിലകുറഞ്ഞ കാറുകളായും രാജ്യത്ത്​ വരിക. 

Tags:    
News Summary - India closer to agreement with Tesla to import EVs, set up plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.