മണിക്കൂറിൽ എത്ര ഇരുചക്ര വാഹന യാത്രികർ അപകടങ്ങളിൽ കൊല്ലപ്പെടുന്നുണ്ട്​? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്​

ലോകത്തിന്‍റെ അപകട തലസ്​ഥാനം എന്നാണ്​ ഇന്ത്യ അറിയപ്പെടുന്നത്. ലക്ഷക്കണക്കിന്​ മനുഷ്യ ജീവനുകളാണ്​ ഓരോ വർഷവും രാജ്യത്തെ നിരത്തുകളിൽ പൊലിയുന്നത്​. ഇതിൽതന്നെ വലിയാരുശതമാനം ഇരുചക്ര വാഹന യാത്രികരുടേതാണ്​. ഇന്ത്യയിൽ ഓരോ മണിക്കൂറിലും ആറ് ഇരുചക്ര വാഹന യാത്രികർ റോഡപകടങ്ങളിൽ മരിക്കുന്നെന്നാണ്​ കണക്ക്​. മോശം റോഡുകളും നിലവാരം കുറഞ്ഞ ഹെൽമെറ്റുകളും കൃത്യമായ നിയമങ്ങളുടെ അപര്യാപ്​തതയുമെല്ലാം ചേർന്ന്​ രാജ്യം മോട്ടോർ സൈക്കിൾ യാത്രക്കാർക്ക് ഒട്ടും സുരക്ഷിതമല്ലാതായിരിക്കുന്നു.


കാര്യക്ഷമമായ പൊതുഗതാഗതത്തിന്‍റെ അഭാവത്തിൽ ഇരുചക്രവാഹനങ്ങൾ കൂടുതൽ ജനപ്രിയമാകുമ്പോൾ ഇവ ഉൾപ്പെടുന്ന റോഡപകടങ്ങളുടെ എണ്ണവും വർധിക്കുകയാണ്. 2019ൽ റോഡപകടങ്ങളിൽ മരിച്ചവരിൽ മൂന്നിലൊന്ന് (37%) ഇരുചക്ര വാഹന യാത്രികരാണെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ശരിയായ ഹെൽമെറ്റ് ഉപയോഗം മാരകമായ പരിക്കുകളുടെ സാധ്യത 42 ശതമാനം കുറക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പറയുന്നു. ഹെൽമെറ്റ്​ ഉപയോഗിച്ചാൽ തലയ്ക്ക് പരിക്കേൽക്കുന്നത് 69 ശതമാനം കുറയുമെന്നും ഇതേ പഠനത്തിലുണ്ട്​.

ഇന്ത്യക്ക് കർശനമായ ലൈസൻസിങ്​ നിയമങ്ങൾ ആവശ്യമാണെന്നും ഫലപ്രദമായ ആശയവിനിമയത്തിലൂടെയും പിഴകളിലൂടെയും ശരിയായ ഹെൽമെറ്റ് ഉപയോഗിക്കുന്നത് ഉറപ്പാക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റോഡ് ഇൻഫ്രാസ്ട്രക്ചറിന്‍റെ മൊത്തത്തിലുള്ള മെച്ചപ്പെടുത്തൽ പോലെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും നിർബന്ധിതവും ശരിയായതുമായ പരിശീലനം ആവശ്യമാണ്. സ്വകാര്യ വാഹനങ്ങളുടെ ഗതാഗതം കുറയ്ക്കുന്നതിന് രാജ്യം പൊതുഗതാഗതത്തെ ശക്തിപ്പെടുത്തണം.


ബൈക്ക് വിൽപ്പനയിൽ ഭീമമായ വർധന

പ്രതിശീർഷ വരുമാനം കൂടുന്നതിനനുസരിച്ച് ഇരുചക്ര വാഹനങ്ങളുടെ എണ്ണം രാജ്യത്ത്​ വൻതോതിൽ വർധിക്കുകയാണ്​. 2016ൽ പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്ര മോട്ടോർസൈക്കിൾ ഹെൽമെറ്റ് പഠനമനുസരിച്ച് പല വികസ്വര രാഷ്​ട്രങ്ങളേയും അപേക്ഷിച്ച്​ ഇന്ത്യയിലിത്​ വളരെ കൂടുതലാണ്​. കഴിഞ്ഞ ദശകത്തിൽ പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യ അതിവേഗ വളർച്ച കൈവരിച്ചിരുന്നു. ഇത് കൂടുതൽ ആളുകൾ വാഹനങ്ങൾ-പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ-വാങ്ങുന്നതിലേക്ക് നയിച്ചു. ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആന്‍റ്​ ഇക്കണോമിക് ചേഞ്ച് നടത്തിയ പഠനത്തിൽ. 2013 നും 2017 നും ഇടയിൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 28% വർദ്ധിച്ചു.

അതേസമയം ഇരുചക്ര വാഹന രജിസ്ട്രേഷൻ 46 ശതമാനവും കൂടിയിട്ടുണ്ട്​. കഴിഞ്ഞ വർഷം ഇന്ത്യയിൽ 2.12 കോടി ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ചു. വാർഷിക വിൽപ്പന 2025 ഓടെ 2.66 കോടി യൂനിറ്റിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ അപകടങ്ങളിൽ 54 ശതമാനം മരണവും ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും ചേർന്നാണ്. റോഡപകട മരണങ്ങളിൽ 37 ശതമാനം (56,136) ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടുന്നു. കാൽനടയാത്രക്കാർ 17ശതമാനവും സൈക്കിൾ യാത്രക്കാർ ശതമാനവുമാണ്​. 449,002 റോഡപകടങ്ങളാണ് 151,113 മരണങ്ങൾക്ക് കാരണമായത്. ഗോള റോഡപകട മരണങ്ങളിൽ 11ശതമാനവും ഇന്ത്യയിലാണ്​ സംഭവിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.