ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പ് ചാംമ്പ്യന്‍മാരായപ്പോൾ അഭിമാന താരമായത്​ പേസർ മുഹമ്മദ്​ സിറാജാണ്​. 21 റണ്‍സിന് 6 വിക്കറ്റെന്ന സിറാജിന്‍റെ തകര്‍പ്പന്‍ സ്പെല്ലാണ്​ ശ്രീലങ്കയുടെ നടുവൊടിച്ചത്​. കൊളംബോയിലെ ആര്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തിന് പിന്നാലെ എക്‌സില്‍ (ട്വിറ്റര്‍) പങ്കുവെച്ച പോസ്റ്റിലൂടെ ടീം ഇന്ത്യയെയും സിറാജിനെയും മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചിരുന്നു. എന്നാല്‍ നെറ്റിസണ്‍സിന് അറിയേണ്ടിയിരുന്നത് മാസ്മരിക പ്രകടനത്തിലൂടെ ഇന്ത്യയെ ഏഷ്യാ കപ്പ് വിജയത്തിലേക്ക് നയിച്ച സിറാജിന് മഹീന്ദ്ര എസ്‌യുവി സമ്മാനിക്കുമോ എന്നതായിരുന്നു. അതിന് മഹീന്ദ്ര മറുപടി നല്‍കുകയും ചെയ്തു.

‘എതിരാളികളെ ഓര്‍ത്ത് എന്റെ ഹൃദയം ഇത്രകണ്ട് മുമ്പെങ്ങും വിതുമ്പിയിട്ടുില്ല... ഞങ്ങള്‍ അവര്‍ക്ക് നേരെ ഒരു അമാനുഷിക ശക്തിയെ അഴിച്ചുവിട്ടതുപോലെയാണ് ഇത്...മുഹമ്മദ് സിറാജ് നിങ്ങള്‍ ഒരു മാര്‍വല്‍ അവഞ്ചറാണ്’ എന്നാണ്​ ഇന്ത്യയുടെ ഏഷ്യാ കപ്പ്​ വിജയത്തിനുശേഷം ആനന്ദ് മഹീന്ദ്ര കുറിച്ചത്​. ഈ പോസ്റ്റിന്​ അടിയിലാണ്​ സിറാജിന് ഒരു മഹീരന്ദ എസ്‌.യു.വി സമ്മാനിച്ച് കൂടെ എന്ന് ഒരു എക്‌സ് ഉപയോക്താവ് ചോദിച്ചത്. ഇതിനകം അത് ചെയ്തുകഴിഞ്ഞുവെന്നായിരുന്നു ആനന്ദ്​ മഹീന്ദ്രയുടെ മറുപടി.

ഏഷ്യാ കപ്പ് ഫൈനലില്‍ കളിയിലെ താരത്തിനുള്ള പുരസ്‌കാരം നേടിയ സിറാജ് സമ്മാനത്തുക ലങ്കയിലെ ഗ്രൗണ്ട് സ്റ്റാഫിന് സമ്മാനിച്ചിരുന്നു. മഴ വില്ലനായി എത്തിയ ടൂര്‍ണമെന്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഠിനാധ്വാനം ചെയ്ത ഗ്രൗണ്ട് സ്റ്റാഫിനുള്ള അംഗീകാരമായിരുന്നു അത്. 5000 ഡോളര്‍ സമ്മാനത്തുകയാണ് സിറാജ് ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിയത്.

ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ഏഴോവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ സിറാജിന്റെ മികവില്‍ ഇന്ത്യ ലങ്കയെ 15.4 ഓവറില്‍ 50 റണ്‍സിന് കൂടാരം കയറ്റി. ആദ്യ ഓവറില്‍ തന്നെ ജസ്പ്രീത് ബൂംറ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടെങ്കിലും തന്റെ രണ്ടാം ഓവറില്‍ നാല് ബാറ്റര്‍മാരെ പുറത്താക്കി സിറാജ് ലങ്കയെ ദഹിപ്പിക്കുകയായിരുന്നു.

Tags:    
News Summary - Fan Asks Anand Mahindra To Gift Mohammed Siraj An SUV After Asia Cup Final Heroics. His Reply Is Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.