ചോളവും സോയാബീനും കൊടുത്താൽ പകരം ടൊയോട്ട കാർ; അവിശ്വസനീയം ഇൗ 'ടൊയോട്ട ബാർട്ടർ' സിസ്​റ്റം

കുറച്ച്​ കുരുമുളകും ഏലവും കൊടുത്ത്​ പകരം സ്വർണം വാങ്ങിയിരുന്ന സുവർണകാലം മലയാളക്കരക്ക്​ ഉണ്ടായിരുന്നു എന്ന്​ നമ്മളെല്ലാം കേട്ടിട്ടുണ്ട്​. പണമൊക്കെ കണ്ടുപിടിക്കുന്നതിനുമുമ്പ്​ മനുഷ്യർ നടത്തിയിരുന്ന കച്ചവടവും ഏതാണ്ട്​ ഇങ്ങിനെയായിരുന്നു. എന്നാൽ ലോകത്തെ ഏതെങ്കിലും കാർ കമ്പനി തങ്ങളുടെ ഉത്​പ്പന്നത്തിന്​ പകരം എന്തെങ്കിലും സാധനം വാങ്ങിയതായി നാം കേട്ടിട്ടില്ല. എന്നാൽ അങ്ങിനെ കേൾക്കാൻ തയ്യാറായിക്കൊള്ളുക. സാക്ഷാൽ ടൊയോട്ടയാണ്​ വാഹനത്തിനുപകരം സാധനം എന്ന പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്​. തൽക്കാലം ലോകത്തെ ഒരു വിപണിയിലാണ്​ 'ടൊയോട്ട ബാർട്ടർ' എന്നറിയപ്പെടുന്ന സംവിധാനം വരുന്നത്​. ബ്രസീലാണ്​ ആ രാജ്യം.


കാർഷിക മേഖലയിലെ ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ്​ ബ്രസീലിൽ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്​. ടൊയോട്ട എസ്​.ഡബ്ല്യു 4 (ഇന്ത്യയിലെ ഫോർച്യൂണർ), ഹൈലക്​സ്​ പിക്കപ്പ് ട്രക്ക്, കൊറോള ക്രോസ് എസ്‌യുവി എന്നിവയാണ്​ ബാർട്ടർ സംവിധാനംവഴി വാങ്ങാനാവുക. വാഹനങ്ങൾക്ക്​ പകരമായി സോയാബീനും ചോളവും കൈമാറുകയാണ്​ വേണ്ടത്​. ധാന്യങ്ങളുടെ വിപണിമൂല്യം കണക്കാക്കിയാവും വില നി​ശ്​ചയിക്കുക. തുടക്കത്തിൽ ബ്രസീലിലെ ആറ്​ സംസ്ഥാനങ്ങളിൽ പുതിയ വിൽപ്പന മോഡൽ അവതരിപ്പിക്കുമെന്നും മോട്ടോർ വൺ ഡോട്ട്​ കോം ബ്രസീൽ റിപ്പോർട്ട് ചെയ്യുന്നു. ആഗസ്റ്റ് 4 ന് പദ്ധതി ആരംഭിച്ചിട്ടുണ്ട്​. കാർഷിക-ബിസിനസ്സ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ടൊയോട്ടയുടെ നീക്കം.

'ടൊയോട്ട ബാർട്ടർ 2019 ൽ ഒരു പൈലറ്റ് പ്രോജക്റ്റായി ആരംഭിച്ചിരുന്നു. കാർ വാങ്ങാൻ ധാന്യം സ്വീകരിക്കുന്ന ബ്രസീലിലെ ആദ്യത്തെ സെയിൽസ് ചാനലാണിത്. ഇപ്പോൾ ഈ പദ്ധതി ഒൗദ്യോഗികമാക്കാനും ടൊയോട്ടയുടെ സാന്നിധ്യം വിപുലീകരിക്കാനും തീരുമാനിച്ചിരിക്കുന്നു. രാജ്യത്തെ പ്രധാന സാമ്പത്തിക മേഖലകളിലൊന്നിലേക്കുള്ള പ്രധാന മാർഗ്ഗമാണിത്​'-ടൊയോട്ട ബ്രസീലി​െൻറ ഡയറക്​ട്​ സെയിൽസ് മാനേജർ ജോസ് ലൂയിസ് റിങ്കൺ ബ്രൂണോ പറഞ്ഞു.

ബ്രസീലിലെ ബഹിയ, ഗോയിസ്, മാറ്റോ ഗ്രോസോ, മിനാസ് ഗെറൈസ്, പിയൗ, ടോകാൻറിൻസ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ റീട്ടെയിൽ മോഡൽ ആദ്യം അവതരിപ്പിച്ചത്. പരാന, സാവോ പോളോ, മാറ്റോ ഗ്രോസോ തുടങ്ങി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ബ്രാൻഡ് ആലോചിക്കുന്നുണ്ട്​. നിലവിൽ, ടൊയോട്ട ബ്രസീലി​െൻറ നേരിട്ടുള്ള വിൽപ്പനയുടെ 16 ശതമാനം കാർഷിക ബിസിനസ്സ് മേഖലയിലാണ്. പുതിയ ചാനലിലൂടെ ഇത് കൂടുതൽ വളരുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുണ്ട്​.

ഇന്ത്യയിലെ ടൊയോട്ട

ഇന്ത്യയിൽ ടൊയോട്ട നിലവിൽ ഗ്ലാൻസ ഹാച്ച്ബാക്ക്, അർബൻ ക്രൂസർ കോംപാക്​ട്​ എസ്‌യുവി, യാരിസ് സെഡാൻ, ഇന്നോവ ക്രിസ്റ്റ എംപിവി, ഫോർച്യൂണർ എസ്‌യുവി, കാമ്രി ഹൈബ്രിഡ് സെഡാൻ, വെൽഫയർ ലക്ഷ്വറി എംപിവി എന്നിവ വിൽക്കുന്നുണ്ട്​. രണ്ട് പുതിയ ഉത്​പ്പന്നങ്ങൾ കമ്പനി ഉടൻ അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്​. ഒരു മിഡ്-സൈസ് സെഡാനും ഒരു എം.പി.വിയും. മിഡ്-സൈസ് സെഡാൻ മാരുതി സിയാസിനെ അടിസ്ഥാനമാക്കിയായിരിക്കും വരിക. എംപിവി ജനപ്രിയമായ മാരുതി സുസുക്കി എർട്ടിഗയെ അടിസ്ഥാനമാക്കിയായിരിക്കും നിർമിക്കുക. വരും മാസങ്ങളിൽ ഹൈലക്സ് പിക്കപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനും സാധ്യതയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.