ഡെലിവറി ബോയ്​സ്​ ഔട്ട്​; സ്വയം ഓടുന്ന വാഹനത്തിൽ പിസ്സ എത്തിക്കുമെന്ന്​ ഡോമിനോസ്​

ഭക്ഷണ വിതരണത്തിൽ പുതുചരിത്രം രചിക്കാനൊരുങ്ങി ഡോമിനോസ്​. ലോകത്തിലെ പ്രമുഖ പിസ്സ നിർമാതാവായ ഡോമിനോസ്,​ ഫുഡ്​ ഡെലിവറിക്ക്​ ഓ​ട്ടോണമസ്​ വാഹനങ്ങൾ ഏർപ്പെടുത്തും​. അമേരിക്കയിലാണ്​ ആദ്യ പരീക്ഷണം നടക്കുക. ന്യൂറോ എന്ന ഓ​ട്ടോണമസ്​ വാഹന കമ്പനിയുമായി സഹകരിച്ച്​ ഹൂസ്റ്റണിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. ചില പ്രത്യേക ദിവസങ്ങളിലും സമയങ്ങളിലും കമ്പനിയുടെ വെബ്‌സൈറ്റിൽ പ്രീപെയ്ഡ് ഓർഡർ നൽകുന്ന തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് പുതിയ സേവനം ലഭ്യമാകും.


ന്യൂറോയുടെ ആർ 2 റോബോട്ട് എന്ന്​ പേരുള്ള ഓ​ട്ടോണമസ്​ വാഹനത്തിലാകും പിസ്സ വിതരണം നടത്തുക. യു.‌എസ് ഗതാഗത വകുപ്പിന്‍റെ അംഗീകാരമുള്ള ഓ​ട്ടോണമസ്​ ഡെലിവറി വാഹനമാണ് ന്യൂറോയുടെ ആർ 2. ലളിതമായ പ്രവർത്തനരീതിയാണ്​ ന്യൂറോയും ഡോമിനോസും ചേർന്ന്​ ആസൂത്രണം ചെയ്​തിരിക്കുന്നത്​​. ഡൊമിനോസിന്‍റെ സ്റ്റോറിൽ നിന്ന് പ്രീപെയ്ഡ് വെബ്സൈറ്റ് ഓർഡർ നൽകുന്ന ഉപഭോക്താക്കൾക്ക് അവരുടെ ഓർഡർ ഡെലിവർ ചെയ്യാൻ ന്യൂറോയെ തിരഞ്ഞെടുക്കാം. പിസ്സ ഓർഡർ ചെയ്​തുകഴിഞ്ഞാൽ ഉപയോക്താക്കൾക്ക് ടെക്സ്റ്റ് മെസ്സേജ്​ ലഭിക്കും. തുടർന്ന്​ അവർക്ക്​ ഒരു പിൻ നമ്പരും നൽകും.


ഉപയോക്താക്കൾക്ക് ജിപിഎസ് വഴി ഡെലിവറി വാഹനം ട്രാക്ക്​ ചെയ്യാനുമാകും. ആർ 2 വീട്ടുപടിക്കൽ എത്തിക്കഴിഞ്ഞാൽ ഉപഭോക്താക്കൾ ടച്ച്‌സ്‌ക്രീൻ വഴി പിൻനമ്പർ രേഖപ്പെടുത്തണം. തുടർന്ന്​ ആർ 2 വാതിൽ തുറക്കുകയും അവരവരുടെ ഓർഡർ അനുസരിച്ചുള്ള​ പിസ്സ പുറത്തുവരികയും ചെയ്യും. 'ഓ​ട്ടോണമസ്​ ഡെലിവറി സംബന്ധിച്ച്​ ഞങ്ങളുടെ ബ്രാൻഡിന് ഇനിയും വളരെയധികം കാര്യങ്ങൾ പഠിക്കാനുണ്ട്. എന്തായാലും ഭാവിയിലേക്കുള്ള വാതിലായാണ്​ ഞങ്ങളതിനെ കാണുന്നത്​'-ഡൊമിനോസിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റും ചീഫ് ഇന്നൊവേഷൻ ഓഫീസറുമായ ഡെന്നിസ് മലോനി പറഞ്ഞു.



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.