നഗരങ്ങളിലെ ഡീസൽ കാറുകളുടെ ഉപയോഗം നിരോധിക്കണം; കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നൽകി വിദഗ്ധ സമിതി

നഗരങ്ങളിലെ ഡീസൽ കാറുകളുടെ ഉപയോഗം നിരോധിക്കാൻ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നൽകി വിദഗ്ധ സമിതി. 2027ഓടെ രാജ്യത്തെ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളുടെയും ഉപയോഗം പ്രധാന നഗരങ്ങളിൽ നിരോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന് എനര്‍ജി ട്രാന്‍സ്‍മിഷൻ പാനൽ ശുപാര്‍ശ നൽകിയിരിക്കുന്നത്. 2030 ഓടെ, ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾക്ക് അനുമതി നല്‍കരുതെന്നും നഗര ഗതാഗതത്തിനുള്ള ഡീസൽ ബസുകൾ 2024 മുതൽ ഒഴിവാക്കണമെന്നും പാനൽ ശുപാര്‍ശകളില്‍ പറയുന്നു.

എണ്ണ മന്ത്രാലയ മുൻ സെക്രട്ടറി തരുൺ കപൂർ അധ്യക്ഷനായ ഊർജ പരിവർത്തന ഉപദേശക സമിതിയാണ് ശുപാർശകൾ നൽകിയിരിക്കുന്നത്. ഇവ നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം കാബിനറ്റ് അനുമതി തേടുമോയെന്നകാര്യം വ്യക്തമല്ല. 2027ഓടെ ഇന്ത്യ ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരോധിക്കണമെന്നും ഒരു ദശലക്ഷത്തിലധികം ജനങ്ങളുള്ള നഗരങ്ങളിലും മലിനമായ നഗരങ്ങളിലും മലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക്, ഗ്യാസ് ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളിലേക്ക് മാറണമെന്നും പാനൽ നിർദേശിച്ചിട്ടുണ്ട്.

2024 മുതൽ ഇലക്ട്രിക് പവർ സിറ്റി ഡെലിവറി വാഹനങ്ങളുടെ പുതിയ രജിസ്‌ട്രേഷൻ അനുവദിക്കണമെന്നും ചരക്ക് നീക്കത്തിന് റെയിൽവെയും ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രക്കുകളും ഉയർന്ന ഉപയോഗത്തിനായി സമിതി നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ റെയിൽവേ ശൃംഖല പൂർണമായും വൈദ്യുതീകരിക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളൽ ആണിതിന് ഗണ്യമായ സംഭാവന നൽകുന്നത്. ഹരിതഗൃഹ വാതകങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, സർക്കാർ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും മലിനമായ നഗരങ്ങളിലും എല്ലാ ഡീസൽ ഫോർ വീലറുകൾ നിരോധിക്കുന്നതിനുള്ള ഏറ്റവും പുതിയ നിർദ്ദേശം.

നിലവിൽ ഇന്ത്യയിലെ ശുദ്ധീകരിച്ച ഇന്ധന ഉപഭോഗത്തിന്റെ അഞ്ചിൽ രണ്ട് ഭാഗവും ഡീസൽ ആണ്. അതിന്റെ 80 ശതമാനവും ഗതാഗത മേഖലയിലുമാണ്. രാജ്യത്തെ വാണിജ്യ വാഹന ശേഖരം പ്രധാനമായും ഡീസൽ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, യാത്രാ വാഹനങ്ങളുടെ വലിയൊരു ഭാഗവും ഇതേ ഇന്ധനത്തിലാണ് പ്രവർത്തിക്കുന്നത്.

2030-ഓടെ ഇലക്ട്രിക് അല്ലാത്ത സിറ്റി ബസുകൾ പുറത്തിറക്കരുതെന്നും 2024 മുതൽ സിറ്റി ട്രാൻസ്‌പോർട്ട് ഡീസൽ ബസുകൾ ഒഴിവാക്കണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഇലക്ട്രിക് വാഹന ഉപയോഗം വർധിപ്പിക്കുന്നതിന്, ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഇലക്‌ട്രിക്, ഹൈബ്രിഡ് വെഹിക്കിൾസ് സ്‍കീമിന് (ഫെയിം) കീഴിൽ നൽകുന്ന ആനുകൂല്യങ്ങൾ മാർച്ച് 31 നപ്പുറം വരെ നീട്ടുന്നത് സർക്കാർ പരിഗണിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

Tags:    
News Summary - Diesel cars may face ban in major Indian cities by 2027, govt panel proposes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.