വില്ലൻ സീറ്റ് ബെൽറ്റ് തന്നെ; സൈറസ് മിസ്ത്രിയുടെ വാഹനാപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്

വ്യവസായ പ്രമുഖന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുംബൈ പൊലീസ്. മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ അപകടത്തില്‍പ്പെട്ട മെര്‍സിഡീസ് ബെന്‍സ് ആഡംബര എസ്‌.യു.വി ഓടിച്ച ഡോ. അനാഹിത പാണ്ഡോളെക്കെതിരെയാണ് മഹാരാഷ്ട്ര പൊലീസ് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങുന്ന കുറ്റപത്രത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉള്ളത്.

സൈറസ് മിസ്ത്രിയോടൊപ്പം ജഹാംഗീര്‍ പണ്ടോളെ, ഡോ അനാഹിത, ഭര്‍ത്താവ് ഡാരിയസ് പണ്ടോളെ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. മുന്‍ സീറ്റില്‍ യാത്ര ചെയ്ത അനാഹിതയും ഡാരിയസും പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാല്‍ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പാണ്ടോളെയും മരണപ്പെടുകയായിരുന്നു.

വില്ലൻ സീറ്റ്ബെൽറ്റ്

അപകടം കഴിഞ്ഞുള്ള തുടര്‍ ദിനങ്ങളില്‍ അനാഹിതയും ഡാരിയസ് പണ്ടോളെയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്ഥമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അപകടസമയത്ത് അനാഹിത പണ്ടോളെ ശരിയായ രീതിയില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പാല്‍ഘര്‍ പൊലീസ് സൂപ്രണ്ട് ബാലാസാഹെബ് പാട്ടീല്‍ പറഞ്ഞു.

അനാഹിത സ്ഥിരം നിയമലംഘക

അപകടസമയത്ത് കാറോടിച്ചിരുന്ന ഡോ. അനാഹിത പാണ്ഡോളെ പതിവായി ട്രാഫിക് നിയമം ലംഘിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ അമിതവേഗത്തിന് 11 തവണ ഇവർക്ക് പിഴയടയ്ക്കേണ്ടിവന്നു. മറ്റു ഗതാഗത നിയമലംഘനങ്ങൾകൂടി ചേർത്താൽ, 2020നു ശേഷം 19 തവണയാണ് പിഴ നൽകേണ്ടിവന്നതെന്നും പൊലീസ് പറഞ്ഞു.

മരണകാരണമാകും വിധം അശ്രദ്ധമായി വാഹനമോടിക്കൽ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അനാഹിതയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. അവരുടെ തുടർച്ചയായ ഗതാഗതനിയമലംഘനങ്ങളുടെ വിവരം കുറ്റപത്രത്തിന്റെ ഭാഗമാക്കും. അപകടത്തിൽപ്പെട്ട കാർ തന്നെയാണ് 19 തവണയും നിയമനലംഘനം നടത്തിയിട്ടുള്ളതെന്നും അനാഹിതയാണ് ഇത് ഉപയോഗിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Cyrus Mistry's Friend Anahita a Serial Traffic Violator, Didn't Wear Seat Belt Properly on Accident Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.