പുതിയ എസ്.യു.വിയും 29 ലക്ഷം നഷ്ടപരിഹാരവും നൽകണം; രാജ്യം വിട്ടിട്ടും ഫോർഡിനെ വിടാതെ ഉപഭോക്താക്കൾ

തകരാറുള്ള കാർ വിറ്റുവെന്ന പരാതിയിൽ ഫോർഡ് കമ്പനിക്കെതിരേ നടപടിയുമായി ഉപഭോക്തൃ കോടതി. ഛത്തീസ്‍ഗഡിലെ ഒരു ഉപഭോക്താവിന് അനുകൂലമായാണ് കോടതി വിധി വന്നത്. വാഹന ഉടമക്ക് പുതിയ എൻഡവർ എസ്.യു.വിയും ഒപ്പം 29 ലക്ഷം നഷ്‍ടപരിഹാരവും നൽകണമെന്ന് ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനോട് കോടതി ഉത്തരവിട്ടു.

2021 ൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ച അമേരിക്കൻ കമ്പനിയാണ് ഫോർഡ്. നഷ്‍ടം കാരണം ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു കമ്പനി. എൻ‌ഡവർ വാങ്ങി മാസങ്ങള്‍ക്കകം വണ്ടിയുമായി പെരുവഴിയിലായ ഉടമ നൽകിയ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഏഴ് വർഷത്തിലേറെ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കോടതി അദ്ദേഹത്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

പരാതിക്കാരൻ 2016-ൽ റായിപൂരിലെ ജികെ ഫോർഡ് ഡീലർഷിപ്പിൽ നിന്നാണ് വാഹനം വാങ്ങിയത്. രണ്ട് വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വാറന്റിയോടെയാണ് വാഹനം ലഭിച്ചത്. വാങ്ങി രണ്ട് മാസത്തിനകം പ്രശ്നങ്ങൾ അനുഭവപ്പെടാൻ തുടങ്ങിയതായി ഉടമയ പറയുന്നു. എസ്‌യുവി പല തവണ തകരാറുകാരണം വഴിയിലായി. ചില അവസരങ്ങളിൽ വാഹനം സ്റ്റാർട്ട് ചെയ്യാൻ പോലും സാധിച്ചില്ലെന്നും ഉടമ പറയുന്നു.

2017 ഫെബ്രുവരിയിൽ, കോണ്ടഗോവനും ബസ്തറിനും വാഹനം ബ്രേക്ക്ഡൗണായതായും ഇത് നാലാം തവണയാണ് ഇത്തരമൊരു സംഭവം നടക്കുന്നത് എന്നും ഉപഭോക്താവ് പറയുന്നു. വാഹനത്തിന് മൂന്ന് മാസം മാത്രം പഴക്കമുള്ളപ്പോളാണ് ഇതെന്നും ഉടമ പരാതിയിൽ പറയുന്നു. കാർ തകരാറിലായപ്പോൾ ഉപഭോക്താവ് സഹായത്തിനായി സർവീസ് സെന്ററിൽ വിളിച്ചിരുന്നു. റായ്‌പുരിലെ ഫോർഡ് ഡീലറോട് ഒരു മെക്കാനിക്കിനെ അയയ്‌ക്കാനോ വാഹനം പരിശോധിക്കാൻ റോഡ്‌സൈഡ് അസിസ്റ്റൻസ് സംവിധാനം അയക്കാനോ ഉടമ അഭ്യർഥിച്ചെങ്കിലും നടപടിയുണ്ടായി​ല്ല. വാഹനത്തിന് ചില നിർമ്മാണ തകരാറുകൾ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചില്ലെന്നും ഉടമ ചൂണ്ടിക്കാട്ടുന്നു.

വാഹനത്തിൽ പ്രശ്‌നങ്ങളും കംപ്ലെയിന്റുകളും നിലനിൽക്കുന്നതിനാൽ, കാർ തിരികെവിളിച്ച് പ്രശ്‌നങ്ങൾ പൂർണ്ണമായും പരിഹരിക്കാൻ എൻഡർ ഉടമ സർവീസ് സെന്ററിനോട് ആവശ്യപ്പെട്ടു. എന്നാൽ, സർവ്വീസ് സെന്റർ ഉപഭോക്താവിന് ഈ അപേക്ഷുടെമേൽ യാതൊരു മറുപടിയും നൽകിയില്ല. ഇതോടെ കാര്യങ്ങൾ വഷളായി. എൻഡവറിന്റെ ഉടമയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഡീലർഷിപ്പ് പറഞ്ഞു.

ഇതോടെയാണ് ഉടമ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മീഷനെ കോടതി നിയമിച്ചു. വാഹനം ഒരു ടെക്നിക്കൽ ടീം പരിശോധിച്ചു, കൂടാതെ ഒരു ചീഫ് എഞ്ചിനീയറെ സാങ്കേതിക വിദഗ്ധനായും നിയമിച്ചു. വാഹനത്തിന് നിർമാണ തകരാറുകളുണ്ടെന്നും ഇവ പരിഹരിക്കാൻ ആകാത്തതാണെന്നുമാണ് സാങ്കേതിക വിദഗ്ധരുടെ നിഗമനം. കമ്മീഷൻ ടെക്നിക്കൽ ടീമിന്റെയും ചീഫ് എൻജിനിയറിന്റെയും റിപ്പോർട്ടുകൾ പരിഗണിക്കുകയും ഉപഭോക്താവിന് അനുകൂലമായ ഒരു നിഗമനത്തിലെത്തുകയും ചെയ്തു. തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉടമയ്ക്ക് അനുകൂലമായി വിധിക്കുകയായിരുന്നു.

29 ലക്ഷം രൂപ നഷ്ടപരിഹാരവും ഏഴ് വർഷത്തെ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്ക് 25,000 രൂപയും വ്യവഹാരച്ചെലവായി 10,000 രൂപയും ഒരു പുതിയ എൻഡവറും നല്‍കാനായിരുന്നു ഉത്തരവ്. മാത്രമല്ല നഷ്‍ടപരിഹാര തുകയുടെ പലിശയും ഏഴ് വർഷത്തേക്ക് നൽകാനും കോടതി ഉത്തരവിട്ടു.

എന്നാല്‍ നിലവിൽ രാജ്യത്ത് പ്രവർത്തനം ഇല്ലാത്ത ഫോർഡിന് എതിരായ കോടതി വിധി എങ്ങനെ നടപ്പിലാകുമെന്നും ഉപഭോക്താവിന് പുതിയ വണ്ടിയും നഷ്‍ടപരിഹാരവും എങ്ങനെ ലഭിക്കുമെന്നും ഉള്ളത് ആശങ്കയായി അവശേഷിക്കുകയാണ്. ​അന്ന് വണ്ടി വിറ്റ ഫോർഡ് ഡീലര്‍ഷിപ്പാകട്ടെ ഇന്ന് മറ്റൊരു പ്രമുഖ ബ്രാൻഡിന്‍റെ ഡീലറായി മാറിയിട്ടുണ്ട്.

Tags:    
News Summary - Court Orders Ford to Give New Endeavour and Rs 29 Lakh to Harassed Customer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.