തിരുവനന്തപുരം: വണ്ടിയിൽ നാല് ഇൻഡിക്കേറ്റർ ഉണ്ടെങ്കിലും ഒന്നും പ്രവർത്തിപ്പിക്കാതെ ഇടം വലം നോക്കാതെയായിരിക്കും ചിലർ വാഹനം തിരിക്കുക. ‘എന്റെ വണ്ടി, ഞാൻ നികുതി കൊടുത്ത റോഡ്, എനിക്ക് തോന്നുന്നത് പോലെ ഓടിക്കും’ എന്നതായിരിക്കും ഇവരുടെ ന്യായം.
മറ്റുചിലരാകട്ടെ വാഹനം തിരിച്ചതിന് ശേഷം മാത്രമേ ഇൻഡിക്കേറ്റർ ഇടൂ. വേറെ ചില കൂട്ടർ നേരെയാണ് പോകുന്നതെങ്കിലും ഇൻഡിക്കേറ്റർ ഇട്ടു മാത്രം വാഹനമോടിക്കും. നാല് ഇൻഡിക്കേറ്ററും ഒരുമിച്ച് ഇട്ട് ആഘോഷമൂഡിൽ വാഹനം പറത്തുന്നവരും ഉണ്ട്. ഇത് ഹസാഡ് സിഗ്നൽ ആണെന്നും അടിയന്തര ആശുപത്രി കേസുകൾ പോലുള്ള അവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണെന്നും ഇവർക്കറിയാത്തത് കൊണ്ടാവില്ല. ഇങ്ങനെ സ്വന്തം സൗകര്യത്തിന് അനുസരിച്ച് വാഹനം തിരിക്കുന്നവർ വരുത്തിവെക്കുന്ന റോഡപകടങ്ങളും മരണങ്ങളും കൂടിവരികയാണെന്ന് ഒാർമിപ്പിക്കുകയാണ് കേരളപൊലീസ്.
വാഹനത്തിലെ ഇൻഡിക്കേറ്റർ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റർ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാൻ പാടില്ല തുടങ്ങി വ്യക്തമായ നിർദേശങ്ങൾ മോട്ടോർവാഹന നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്. നമ്മൾ വാഹനം വളയ്ക്കാനോ തിരിക്കാനോ പൊകുകയാണെന്ന് മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇൻഡിക്കേറ്ററുകൾ. നേരത്തെ ഹാൻഡ് സിഗ്നലുകൾ ഉപയോഗിച്ചിരുന്നു എന്നാൽ ഇപ്പോൾ അതുപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്.
മറ്റൊരു വാഹനത്തിന് ഓവര്‍ടേക്ക് ചെയ്യാനുള്ള അനുമതി നല്‍കുന്നതിനായി യാതൊരു കാരണവശാലും വലത്തേക്കുള്ള ഇൻഡിക്കേറ്റർ ഇടരുത്. ഹാന്‍ഡ് സിഗ്‌നല്‍ കാണിക്കുക. അതു ബുദ്ധിമുട്ടാണെങ്കില്‍ ഇടത് വശത്തേക്കുള്ള ഇന്‍ഡിക്കേറ്റര്‍ ഇടുക. നിങ്ങള്‍ സൈഡ് ചേര്‍ക്കുകയാണെന്ന് ധാരണയോടെ പിന്നിലുള്ള വാഹനം ഓവര്‍ടേക്ക് ചെയ്യും.
ഇന്‍ഡിക്കേറ്റര്‍ ഇട്ടതുകൊണ്ടുമാത്രം എവിടെ വച്ചും തിരിയാന്‍ അവകാശമുണ്ടെന്ന് കരുതുന്നത് തെറ്റാണ്. എതിര്‍ ദിശയില്‍ നിന്ന് വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ഏതെങ്കിലും വശത്തേക്ക് തിരിയാവൂ. റിയര്‍ വ്യൂ മിററുകളിലൂടെ പിന്നിലെ ട്രാഫിക്കും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.