വിലക്കയറ്റവും വിൽപ്പനക്കുറവുമല്ല, വാഹനലോകം നേരിടുന്നത്​ പുതിയൊരു പ്രതിസന്ധി; ആധുനിക മോഡലുകൾ പുറത്തിറക്കാനാവാതെ കമ്പനികൾ

സെമികണ്ടക്​ടറുകൾ ഉപയോഗിച്ചുള്ള മൈക്രോ ചിപ്പുകളുടേയും പ്രൊസസ്സറുകളുടേയും ക്ഷാമം വാഹനവ്യവസായത്തിൽ പ്രതിസന്ധി സൃഷ്​ടിക്കുന്നു. നിലവിലെ സ്​ഥിതിയനുസരിച്ച്​ പ്രൊസസ്സർ പ്രതിസന്ധി 2022ലും തുടരുമെന്നാണ്​ സൂചന. സെമികണ്ടക്​ടർ ക്ഷാമം രൂക്ഷമായതോടെ പുതിയ പല മോഡലുകളും പുറത്തിറക്കാനാവാത്ത അവസ്​ഥയിലാണ്​ വാഹന കമ്പനികൾ. ചില മോഡലുകളാവ​െട്ട വൈകുകയും ചെയ്യുന്നു.


നിലവിൽ പുറത്തിറങ്ങുന്ന ഒരു പാസഞ്ചർ വാഹനം ആയിരത്തോളം സെമി കണ്ടക്​ടറുകൾ ഉപയോഗിക്കുന്നുണ്ട്​. ആധുനിക ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റങ്ങൾ, ഡ്രൈവർ എയ്​ഡുകൾ, ഒന്നിലധികം ഇലക്ട്രിക്കൽ ഘടകങ്ങൾ എന്നിവയിലെല്ലാം നിർണായക ഘടകമാണ്​ സെമികണ്ടക്​ടറുകൾ. ഒരു വർഷത്തോളമായി കമ്പനികളെ സെമികണ്ടക്​ടർ ക്ഷാമം ബാധിച്ചിരിക്കുകയാണ്​. ടൊയോട്ട പോലുള്ള ചുരുക്കം ചില കമ്പനികൾ സ്വന്തമായിത്തന്നെ കണ്ടക്​ടറുകൾ നിർമിക്കുന്നുണ്ട്​. മറ്റുള്ളവർ സ്വകാര്യ നിർമാതാക്കളെ ആശ്രയിക്കുകയാണ്​ ചെയ്യുന്നത്​.

കോവിഡും സെമികണ്ടക്​ടർ ക്ഷാമവും

ഒരു വർഷത്തോളമായി വാഹന കമ്പനികൾ സെമികണ്ടക്​ടർ ചിപ്പുകളുടെ ക്ഷാമം നേരിടുകയാണ്​. കോവിഡ്​ തുടങ്ങിയതോടെയാണ്​ ഇത്​ രൂക്ഷമായത്​. പേഴ്​സണൽ കമ്പ്യൂട്ടറുകൾ, ടാബ്‌ലെറ്റുകൾ, സ്​മാർട്ട്‌ഫോണുകൾ എന്നിവയുടെ ആവശ്യകത വർധിച്ചതാണ് പ്രശ്‌നത്തിന് കാരണം. സെമികണ്ടക്​ടറുകളുടെ ലോകത്തെ ​ഏറ്റവും പ്രധാന ഉപഭോക്​താക്കൾ വാഹന കമ്പനികളല്ല. ഇലട്രോണിക്​സ്​ മേഖലയിലാണ്​ ഇവ കൂടുതലും ആവശ്യമായി വരുന്നത്​. ലോകത്തിലെ ഏറ്റവും വലിയ മൈക്രോപ്രൊസസ്സർ വിതരണക്കാരൻ തായ്‌വാനാണ്​. ഇന്ത്യ ഉൾപ്പ​െടയുള്ള രാജ്യങ്ങൾ തായ്​വാനെയാണ്​ പ്രൊസ്സസറുകൾക്കായി ആശ്രയിക്കുന്നത്​.


ഇൻഫിനിയൻ, ഇൻറൽ, എസ്​ ടി മൈക്രോ, ടെക്​സസ് ഇൻസ്ട്രുമെൻറ്​സ്​ തുടങ്ങിയ കമ്പനികളാണ്​ ആഗോള ഭീമന്മാരായ വാഹന കമ്പനികൾ പ്രൊസസ്സറുകൾ വിതരണം ചെയ്യുന്നത്​. ഈ ചിപ്പ് നിർമ്മാതാക്കളിൽ ഭൂരിഭാഗവും ഒരു കമ്പനിയെ മാത്രം ആശ്രയിച്ചാണ്​ പ്രവർത്തിക്കുന്നത്​. 'തായ്‌വാൻ സെമികണ്ടക്​ടർ മാനുഫാക്​ചറിങ് കമ്പനി (ടി‌എസ്‌എം‌സി) ആണത്​. ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്​ടർ നിർമാതാവ്​ ടി‌എസ്‌എം‌സി ആണ്​. ടി‌എസ്‌എം‌സിക്ക് ഏകദേശം 12 ദശലക്ഷം മൈക്രോചിപ്പുകളുടെ വാർഷിക ഉത്​പാദന ശേഷിയുണ്ട്​.

ഇലക്ട്രോബിറ്റ് ഇന്ത്യ എന്ന ഒാ​േട്ടാമോട്ടീവ്​ സോഫ്​റ്റ്​വെയർ കമ്പനിയുടെ വൈസ് പ്രസിഡൻറും എംഡിയുമായ സതീഷ് സുന്ദരേശൻ പറയുന്നതനുസരിച്ച് 'ടി‌എസ്‌എം‌സിയുടെ വരുമാനം പരിശോധിച്ചാൽ ഓട്ടോമോട്ടീവിൽ നിന്നുള്ളത്​ അഞ്ചിലൊന്നിലും കുറവാണ്. വാഹനവ്യവസായം അവരുടെ ഏറ്റവും വലിയ വിപണിയല്ല. അതിനാൽ തന്നെ കോവിഡ്​ വന്നതോടെ മറ്റ്​ മേഖലയിലേക്കുള്ള ഉത്​പന്നങ്ങളിലാണ്​ അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്​. ഇതാണ്​ വാഹനലോകം നേരിടുന്ന പുതിയ പ്രതിസന്ധിക്ക്​ കാരണം'.കോവിഡും ​ലോക്​ഡൗണും കാരണം ആളുകൾ വീട്ടിൽ കുടുങ്ങിയപ്പോൾ, ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ, ബാക്ക് എൻഡ് ഇൻറർനെറ്റ് ഡാറ്റാ സെൻററുകൾ എന്നിവ പോലുള്ള ഉപഭോക്തൃ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആവശ്യം ഉയർന്നു.

'ടി‌എസ്‌എം‌സി പോലുള്ള എല്ലാ ചിപ്പ് നിർമ്മാതാക്കൾക്കും അവരുടെ നിലവിലുള്ള സ്റ്റോക്ക് പുനക്രമീകരിക്കേണ്ടതുണ്ട്' സതീഷ് സുന്ദരേശൻ കൂട്ടിച്ചേർത്തു. അർധചാലക അധിഷ്​ഠിത ഇലക്ട്രോണിക് ഘടകങ്ങളായ ഇസിയു, ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ, സെൻസറുകൾ എന്നിവയുടെ അഭാവം മൂലം യുകെ, ജർമ്മനി, ഇന്ത്യ എന്നിവിടങ്ങളിലെ വാഹന നിർമ്മാതാക്കൾക്ക്​ ഉത്പാദന ഷെഡ്യൂളുകൾ വൈകിപ്പിക്കേണ്ടിവന്നിരുന്നു.

മൈക്രോപ്രൊസസ്സറില്ലാതെ വാഹനമില്ല

പാസഞ്ചർ കാറുകൾ മുതൽ ബസുകൾ വരെയും ഇരുചക്രവാഹനങ്ങൾ വരെയുമുള്ള ആധുനിക കാലത്തെ വാഹനങ്ങളുടെ ഭാഗമാണ് അർധചാലകങ്ങളെ അടിസ്​ഥാനമാക്കിയുള്ള പ്രൊസസ്സറുകൾ. ഡിജിറ്റൽ റേഡിയോ ട്യൂണറുകൾ, ഇലക്ട്രോണിക് പവർ സ്റ്റിയറിംഗ്, വാതിൽ-മിറർ നിയന്ത്രണങ്ങൾ എന്നിവ പോലുള്ള അടിസ്ഥാന കാര്യങ്ങൾ മുതൽ എൽഇഡി ലൈറ്റിങ്​, ടെലിമാറ്റിക്​സ്​, അഡാസ് പോലുള്ള സങ്കീർണമായ സംവിധാനങ്ങൾ വരെ മൈക്രോപ്രൊസസ്സറുകളെ ആശ്രയിച്ചാണ്​ ഇരിക്കുന്നത്​. കൂടാതെ, ഇലക്ട്രിക് മൊബിലിറ്റി വർധിച്ചുവരുന്നതോടെ അർധചാലകങ്ങൾ അവയുടെ സംഭാവന വർധിപ്പിക്കാനും സാധ്യതയുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.