2025 ജനുവരി മുതൽ ട്രക്കുകളുടെ കാബിനുകൾ എ.സിയാകും; കരടിന്​ അനുമതി നൽകി കേന്ദ്രം

രാജ്യത്തെ ട്രക്ക്​​ ഡ്രൈവർമാർക്ക് ഏസി ക്യാബിൻ നൽകുന്നതിനുളള കരടിന് അംഗീകാരം നൽകി​ കേന്ദ്ര സർക്കാർ. N2, N3 വിഭാഗങ്ങളിൽ പെട്ട ട്രക്കുകളുടെ ക്യാബിനുകളിൽ എയർ കണ്ടീഷനിങ്​ സംവിധാനം നിർബന്ധമാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം നൽകിയെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ട്വീറ്റ്​ ചെയ്തു. 2025 ജനുവരി മുതലായിരിക്കും എ.സികൾ നിർബന്ധമാവുക.

രാജ്യത്തെ ട്രക്കുകൾ പോലുള്ള വാണിജ്യ വാഹനങ്ങൾക്ക് നിർബന്ധിത ഫീച്ചറായി ഉടൻ തന്നെ എയർ കണ്ടീഷനിങ് ലഭ്യമാക്കുമെന്നാണ് നിതിൻ ഗഡ്കരി നേരത്തേ ​പ്രഖ്യാപിച്ചിരുന്നു. ട്രക്ക് ഡ്രൈവർമാർ കടുത്ത ചൂടിൽ ജോലി ചെയ്യാൻ നിർബന്ധിതരാണെന്നും ഇവർക്കായി എയർകണ്ടീഷൻ ചെയ്‍ത ക്യാബിനുകൾ വേണമെന്ന് താൻ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

‘നിലവിൽ, ഒരു ട്രക്ക് ഡ്രൈവർ ദിവസവും 15 മണിക്കൂർ തുടർച്ചയായി ഡ്രൈവ് ചെയ്യുന്നു. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. മറ്റ് രാജ്യങ്ങളിലേതുപോലെ ഡ്രൈവർമാരുടെ ജോലി സമയം ഉടൻ നിശ്ചയിക്കണം. ഗതാഗത മേഖലയിൽ കൂടുതൽ വൈദഗ്ധ്യമുള്ള തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് രാജ്യത്തുടനീളം കൂടുതൽ ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിക്കണം’-മന്ത്രി പറഞ്ഞു.

‘ബുദ്ധിമുട്ടേറിയ തൊഴിൽ സാഹചര്യങ്ങളും ദീർഘമായ സമയം റോഡിൽ ചെലവഴിക്കേണ്ടി വരുന്നതും ഡ്രൈവർമാരുടെ ക്ഷീണത്തിനും അതുവഴി അപകടങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. 43-47 ഡിഗ്രി ചൂടിൽ 12-14 മണിക്കൂർ തുടർച്ചയായി വാഹനം ഓടിക്കേണ്ടി വരുന്ന ഡ്രൈവർമാർക്കായി എസി ക്യാബിൻ നിർബന്ധമാക്കാൻ താൻ മന്ത്രിയായ സമയം മുതൽ ശ്രമിക്കുന്നുണ്ടെന്നും ഗഡ്‍കരി പറയുന്നു.

വോൾവോ, സ്കാനിയ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ നിർമ്മിക്കുന്ന ഹൈ-എൻഡ് ട്രക്കുകൾ ഇതിനകം എയർ കണ്ടീഷൻഡ് ക്യാബിനുകളോടെയാണ് വരുന്നത്. എന്നാൽ മിക്ക ഇന്ത്യൻ കമ്പനികളും ഇക്കാര്യത്തിൽ മുന്നോട്ടുപോകാൻ തയ്യാറായിരുന്നില്ല. ലോറികളിലെ ഡ്രൈവര്‍ ക്യാബിന്‍ എ.സിയാക്കുന്നത് നിര്‍ബന്ധമാക്കുന്നതിന് പകരം ഓപ്ഷണല്‍ ആക്കണമെന്നായിരുന്നു വാഹന നിര്‍മാതാക്കളുടെ ആവശ്യം. ഈ വാദം തള്ളിയ കേന്ദ്രം 2025 ഓടെ ട്രക്ക് ഡ്രൈവര്‍മാരുടെ കമ്പാര്‍ട്ടുമെന്റില്‍ എയര്‍ കണ്ടീഷനിങ് നിര്‍ബന്ധമാക്കുന്നത്. ഒരു ട്രക്ക് എ.സിയിലേയ്ക്ക് മാറ്റാന്‍ പതിനായിരം മുതല്‍ ഇതുപതിനായിരം രൂപവരെയാണ് ചെലവ് വരുന്നത്. സ്വാഭാവികമായും വാഹനങ്ങളുടെ വിലയും ഇതിനൊപ്പം ഉയരും.

ട്രക്ക് മേഖല പൂർണമായും എസി ക്യാബിനുകളിലേക്ക് നവീകരിക്കാൻ പതിനെട്ട് മാസം എടുക്കുമെന്നാണ് ഗതാഗത വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.സി ക്യാബിൻ നിർബന്ധമാക്കാൻ 2025 വരെ സമയം അനുവദിക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

Tags:    
News Summary - Centre Approves Draft Notification To Mandate Air Conditioning In Truck Cabins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.