ഫേസ്ബുക്ക് ലൈവിൽ 250 കിലോമീറ്റർ വേഗത്തിൽ പറന്നു; ബി.എം.ഡബ്ല്യു കണ്ടെയ്‌നര്‍ ലോറിയിൽ ഇടിച്ചുകയറി നാലുപേർ മരിച്ചു -ഞെട്ടിക്കുന്ന വിഡിയോ

ഫേസ്ബുക്ക് ലൈവ് വിഡിയോ ചിത്രീകരണം നടത്തവേ അമിത വേഗതയിൽ പാഞ്ഞ ആഡംബര കാർ ഇടിച്ചുതകർന്ന് നാലുപേർ മരിച്ചു. വെള്ളിയാഴ്ച്ച ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക്സ്പ്രസ് ഹൈവേയിലാണ് ദാരുണമായ അപകടം നടന്നത്. കണ്ടെയ്‌നര്‍ ലോറിയും ബി.എം.ഡബ്ല്യു കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

അമിത വേഗതയിലെത്തിയ കാറും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മുമ്പ് റോഡ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ട ഹാലിയപുര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായതെന്ന് പ്രാ​ദേശിക മാധ്യമങ്ങൾ പറയുന്നു. സുല്‍ത്താന്‍പുര്‍ ഭാഗത്തുനിന്ന് പോവുകയായിരുന്ന യു കെ 01 സി 0009 എന്ന നമ്പരിലുള്ള ബി.എം.ഡബ്ല്യു എക്സ് 5 എം മോഡൽ കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു. എസ്.ഡി.എം വന്ദന പാണ്ഡെയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ഡോ: ആനന്ദ് പ്രകാശിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. സുഹൃത്തുക്കളും ബന്ധുക്കളുമായ അഖിലേഷ് സിങ്, ദീപക് കുമാര്‍, ഭോല ഖുശ്‍വാഹ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഡെഹ്‌രിയിൽ നിന്ന് പുറപ്പെട്ട ഇവർ ഫൈസാബാദിലേക്ക് പോകുകയായിരുന്നു. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പുര്‍വാഞ്ചല്‍ എക്സ്പ്രസ്വേയില്‍ റോഡിന്റെ പണി നടന്നുവരികയാണ്. ഇടിയുടെ ആഘാതത്തിൽ യാത്രികരിൽ ഒരാളുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ടു പോയി.

Full View

അപകടത്തിനുമുമ്പ് പകർത്തിയ ഫേസ്ബുക്ക് ലൈവ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. യാത്രക്കാരിൽ ഒരാളായ ദീപക് തന്റെ അക്കൗണ്ടിലാണ് ലൈവ് വിഡിയോ നൽകിയിരിക്കുന്നത്. വേഗത വർധിപ്പിക്കാൻ ആരോ ഡ്രൈവറോട് ആവശ്യപ്പെടുന്നത് ആവർത്തിച്ച് കേൾക്കുന്നുണ്ട്. അപകടത്വാതിനുമുമ്ഹപ്നം വിഡിയോ അവസാനിച്ചിട്ടുണ്ട്. സർവീസ് ചെയ്തശേഷം തിരികെവരികയായിരുന്നു ഇവരെന്നാണ് സൂചന.

22,496 കോടി രൂപ ചെലവിൽ നിർമിച്ച പുർവാഞ്ചൽ എക്‌സ്പ്രസ് വേ കഴിഞ്ഞ വർഷമാണ് ഉദ്ഘാടനം ചെയ്തത്. ലഖ്‌നൗവിന് പുറത്ത് നിന്ന് ആരംഭിക്കുന്ന 341 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാത ഗാസിപൂർ ജില്ലയിലെ ഹൈദാരിയ ഗ്രാമത്തിലാണ് അവസാനിക്കുന്നത്. വീതിയേറിയ എക്‌സ്പ്രസ് വേയും നിർമ്മാണ നിലവാരവും വാഹനങ്ങൾക്ക് വേഗത്തിൽ പോകാൻ അനുവദിക്കുന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ വേഗപരിധി നിയന്ത്രിച്ചിട്ടുണ്ട്. മുഴുവൻ സ്‌ട്രെച്ചിലെയും വേഗപരിധി നിലവിൽ 100 കിലോമീറ്ററാണ്.

Tags:    
News Summary - BMW hits 230 kmph on Purvanchal Expressway, then slams against truck; all dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.