ബട്ടൺ അമർത്തിയാൽ നിറം മാറുന്ന കാർ; ഞെട്ടിക്കാൻ​ ബി.എം.ഡബ്ല്യൂ - വിഡിയോ വൈറൽ

വെള്ള കാർ വാങ്ങിയ ആൾക്ക്​ കറുത്ത കാർ കാണുമ്പോൾ ചെറിയൊരു പൂതി, ഒരു ബട്ടൺ അമർത്തി കാറിന്‍റെ കളർ മാറ്റാൻ സാധിച്ചിരുന്നെങ്കിൽ...! ആ പൂതി മനസിൽ വെക്കണ്ട, ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി.എം.ഡബ്ല്യു അത്​ യാഥാർഥ്യമാക്കിയിരിക്കുകയാണ്​.

ഈ വർഷത്തെ സിഇഎസ്​ (CES) ഇവന്‍റിൽ നിറം മാറുന്ന സാ​ങ്കേതിക വിദ്യയുള്ള പുതിയ കാർ പ്രദർശിപ്പിച്ചുകൊണ്ടാണ്​ ബി.എം.ഡബ്ല്യൂ ഞെട്ടിച്ചിരിക്കുന്നത്​. BMW iX Flow എന്ന് പേരിട്ടിരിക്കുന്ന കാർ നിറം മാറുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്​. കമ്പനിയുടെ ഇൻ-ഹൗസ് 'ഇ-ഇങ്ക്' സാങ്കേതികവിദ്യ ഉപയോഗിച്ചാണ്​ കാർ നിറംമാറുന്നത്​. കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ കളർ മാറ്റാമെന്നതാണ്​ പ്രത്യേകത.


എങ്ങനെയാണ്​ കളർ മാറ്റുന്നത്​..??

ഒരു ഔദ്യോഗിക ബ്ലോഗ് പോസ്റ്റിൽ, ബിഎംഡബ്ല്യു അതിന്‍റെ ഗുട്ടൻസ്​ വെളിപ്പെടുത്തി. iX ഫ്ലോയിൽ ഇ-ഇങ്ക് പ്രോട്ടോടൈപ്പ് സാങ്കേതികവിദ്യ നിറം മാറ്റമെന്ന പ്രക്രിയയ്ക്കായി ഇലക്ട്രിക്കൽ സിഗ്നലുകളെയാണ്​ ആശ്രയിക്കുന്നത്​.

ഈ വൈദ്യുത സിഗ്നലുകൾ ഉപയോഗിച്ച് ഉത്തേജിപ്പിക്കുമ്പോൾ അതിന്റെ ഉപരിതലത്തിന്റെ പിഗ്മെന്‍റുകൾ അല്ലെങ്കിൽ നിറങ്ങൾ മാറ്റാൻ കാറിലെ കളർ ചേഞ്ചിങ്​ സംവിധാനം ഇലക്ട്രോഫോറെറ്റിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ആമസോണിന്റെ കിൻഡിൽ ഉപകരണങ്ങൾ പോലെയുള്ള ഇ-റീഡറുകളിൽ ഉപയോഗിക്കുന്ന സമാനമായ സാങ്കേതികവിദ്യയാണിത്.


നിലവിൽ, ഇലക്‌ട്രോഫോറെറ്റിക് അടിസ്ഥാനമാക്കിയുള്ള ഇ-ഇങ്ക് സാങ്കേതികവിദ്യയ്ക്ക് വെള്ളയിൽ നിന്ന് കറുപ്പിലേക്കും തിരിച്ചും മാത്രമേ മാറാൻ കഴിയൂ. നെഗറ്റീവ് ചാർജുള്ള വെളുത്ത പിഗ്മെന്റുകളും പോസിറ്റീവ് ചാർജുള്ള കറുത്ത പിഗ്മെന്റുകളും അതിനായി ഉപയോഗിക്കുന്നു.

കൂടാതെ, പുതിയ ഇ-ഇങ്ക് സാങ്കേതികവിദ്യയ്ക്ക് കാറിന്റെ വ്യക്തിഗത ബോഡി പാനലുകളുടെ നിറം മാറ്റാനും കഴിയും. അത്​ വണ്ടിക്ക്​ ഡ്യുവൽ ടോൺ ലുക്ക് നൽകും. നിങ്ങൾ ഒരു വെളുത്ത എസ്‌യുവിയിൽ വീടുവിട്ടിറങ്ങി, കറുത്ത നിറത്തിലുള്ള എസ്​.യു.വിയിൽ വീട്ടിലേക്ക് മടങ്ങുന്നതായി സങ്കൽപ്പിക്കുക. അത് എത്ര രസകരമായിരിക്കും?

ആളുകളുടെ മൂഡിനും ഇഷ്ടങ്ങൾക്കുമനുസുരിച്ച്​ അവരുടെ കാറിന് വ്യത്യസ്ത രൂപങ്ങളും ഡിസൈനുകളും പാറ്റേണുകളും നൽകാൻ അനുവദിക്കും എന്നതിന്​ പുറമേ ഇതിന് പ്രായോഗികമായ മറ്റ്​ ചില ഉപയോഗങ്ങളുമുണ്ട്.

ഉദാഹരണത്തിന്, വെള്ള നിറം കൂടുതൽ ചൂട് ആഗിരണം ചെയ്യാത്തതിനാൽ, ഡ്രൈവർമാർക്ക് ചൂടുള്ള പ്രദേശങ്ങളിൽ കാറിന്റെ നിറം വെള്ളയായി സജ്ജീകരിക്കാനും എയർ കണ്ടീഷനിംഗ് ഉപയോഗം കുറയ്ക്കാനും സാധിക്കും. ശൈത്യകാലത്ത്, ചുറ്റുപാടിൽ നിന്ന് കൂടുതൽ ചൂട് ആഗിരണം ചെയ്യാൻ അവർക്ക് കാർ കറുപ്പ് നിറത്തിലേക്ക്​ മാറ്റാനും അതിലൂടെ കാർ ഹീറ്റിങ്​ സിസ്റ്റത്തിന്‍റെ ആവശ്യകത കുറയ്ക്കാനും കഴിയും.

Tags:    
News Summary - BMW coming with New iX Flow Color-Changing Concept Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.