കുറഞ്ഞ വിലയിൽ മികച്ച മൈലേജ്; ഇന്ത്യയിലെ ആറ് ‘ഡെയ്‍ലി ലൈഫ്’ ബൈക്കുകൾ പരിചയപ്പെടാം

ദിവസവും നിശ്ചിത ദൂരം യാത്ര ചെയ്യുന്നവരാണോ നിങ്ങൾ? നല്ല മൈലേജുള്ള വില കുറഞ്ഞ ബൈക്കാണോ നിങ്ങൾ വാങ്ങാൻ ഉ​ദ്ദേശിക്കുന്നത്. എങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്കുള്ളതാണ്. ഇന്ത്യയിലെ മികച്ച ആറ് ഡെയ്‍ലി കമ്മ്യൂട്ടർ ബൈക്കുകളാണ് നാം പരിചയപ്പെടാൻ പോകുന്നത്.

ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളില്‍ ഭൂരിഭാഗവും കമ്മ്യൂട്ടര്‍ മോട്ടോർസൈക്കിളുകളാണ്. താങ്ങാനാവുന്ന വില, കുറഞ്ഞ ചെലവ് എന്നിവയാണ് ഇത്തരം ഇരുചക്ര വാഹനങ്ങളുടെ ജനപ്രീതിക്ക് കാരണം. സാധാരണഗതിയില്‍ 110 സിസി-125 സിസി പരിധിയിലുള്ള ഒരു ചെറിയ എഞ്ചിന്‍ കപ്പാസിറ്റി ഉപയോഗിച്ചാണ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകള്‍ പ്രവര്‍ത്തിക്കുന്നത്. മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് അവയുടെ മറ്റൊരു മെച്ചം.


ഹീറോ പാഷന്‍ പ്രോ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കമ്മ്യൂട്ടർ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ഹീറോ പാഷന്‍ പ്രോ. പാഷന്‍ പ്രോ ഇലക്ട്രിക് സ്റ്റാര്‍ട്ടിലോ കിക്ക് സ്റ്റാര്‍ട്ടിലോ ലഭ്യമാണ്. 113 സിസി എഞ്ചിനാണ് ബൈക്കിന് കരുത്തുപകരുന്നത്. 9.02 bhp പവറും 9.89 Nm പീക്ക് ടോര്‍ക്കും എഞ്ചിൻ ഉത്പാദിപ്പിക്കും. ഹീറോയുടെത​െന്ന പാഷന്‍ എക്സ് ടെക് ഇതേ എഞ്ചിനിലാണ് വരുന്നത്. പക്ഷേ അതിന്റെ ടോര്‍ക്ക് ഔട്ട്പുട്ട് (9.79 Nm) പാഷന്‍ പ്രോയേക്കാള്‍ കുറവാണ്. പാഷന്‍ പ്രോ ആയിരക്കണക്കിന് ഇന്ത്യക്കാരുടെയും ഇഷ്ടപ്പെട്ട ചോയ്‌സുകളില്‍ ഒന്നാണ്. വില: 74,408 രൂപ മുതല്‍ (എക്‌സ്-ഷോറൂം, ഡല്‍ഹി)


ഹോണ്ട സി.ഡി 110 ഡ്രീം

ഹോണ്ട സിഡി 110 ഡ്രീം രാജ്യത്തെ മറ്റൊരു ജനപ്രിയ വാഹനമാണ്. മികച്ച മൈലേജാണ് ഈ ബൈക്കിന്റെ പ്രത്യേകത. സിഡി 110 ഡ്രീമിന്റെ മൈലേജ് ലിറ്ററിന് 70-75 കി.മീ ആണെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബൈക്കിലെ 110 സി.സി എഞ്ചിൻ 7500 rpm-ല്‍ 8.67 bhp കരുത്തും 5500 rpm-ല്‍ 9.30 Nm പീക്ക് ടോര്‍ക്കും ഉത്പ്പാദിപ്പിക്കും. പ്രോഗ്രാം ചെയ്ത ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമായ ‘പ്രോഗ്രാമ്ഡ് കണ്‍ട്രോള്‍ മൊഡ്യൂള്‍’ബൈക്കിന് ഹോണ്ട നൽകിയിട്ടുണ്ട്. ഇത് എഞ്ചിനില്‍ സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകളില്‍ നിന്നുള്ള വിവരങ്ങള്‍ നിരീക്ഷിക്കുകയും എഞ്ചിന്‍ പെര്‍ഫോമന്‍സ് നിര്‍ണ്ണയിക്കുകയും ആവശ്യാനുസരണം ഇന്ധന ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യും. വില: 71,113 രൂപ മുതല്‍ (എക്‌സ്-ഷോറൂം, ഡല്‍ഹി)


ഹോണ്ട സിബി ഷൈന്‍

ഹോണ്ട സിബി ഷൈൻ രാജ്യത്ത് ഇന്ന് ലഭ്യമായ മികച്ച കമ്മ്യൂട്ടർ ബൈക്കുകളിൽ ഒന്നാണ്. 10.59 bhp പവറും 11 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 125 സിസി എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. സി.ഡി 110 ഡ്രീം പോലെ, സിബി ഷൈനും ഹോണ്ടയുടെ ‘പ്രോഗ്രാമ്ഡ് കണ്‍ട്രോള്‍ മൊഡ്യൂള്‍ സാങ്കേതികവിദ്യയില്‍ ലഭ്യമാണ്. ഇത് ഒപ്റ്റിമല്‍ പെര്‍ഫോമന്‍സ് ഉറപ്പാക്കുകയും ആവശ്യാനുസരണം ഇന്ധന ഉപയോഗം നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. വില: 78,687 രൂപ മുതല്‍ (എക്‌സ്-ഷോറൂം, ഡല്‍ഹി)


ടി.വി.എസ് സ്പോര്‍ട്ട്

ടി.വിഎസിന്റെ ജനപ്രിയ ബൈക്കുകളിൽ ഒന്നാണ് സ്പോര്‍ട്ട്. രാജ്യശത്ത ഏറ്റവും മൈലേജ് അവകാശശപ്പടുന്ന ബൈക്കുകളിൽ ഒന്നാണിത്. 110 സിസി എഞ്ചിനാണ് ടി.വി.എസ് സ്പോര്‍ട്ടിന് കരുത്ത് പകരുന്നത്. 7350 rpm-ല്‍ 8.18 bhp പവറും 4500 rpm-ല്‍ 8.7 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇ.ടി.എഫ്.ഐ അഥവാ ഇക്കോ ത്രസ്റ്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ ടെക്നോളജി ബൈക്കിന് നല്‍കിയിട്ടുണ്ട്. 15 ശതമാനം മികച്ച മൈലേജ് നല്‍കുന്നതിന് ഈ സംവിധാനം സ്പോര്‍ട്ടിനെ സഹായിക്കുമെന്ന് ടി.വി.എസ് അവകാശപ്പെടുന്നു. ടി.വി.എസ് സ്പോര്‍ട്ടിന്റെ ഓണ്‍-റോഡ് മൈലേജ് ലിറ്ററിന് 110 കിലോമീറ്റര്‍ ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളുകളില്‍ ഏറ്റവും ഉയര്‍ന്ന ഒന്നാണ്. വില: 64,050 രൂപ മുതല്‍ (എക്സ് ഷോറൂം, ഡല്‍ഹി)


ടി.വി.എസ് സ്റ്റാര്‍ സിറ്റി+

ടി.വി.എസ് സ്പോര്‍ട്ടിന് മുകളിലാണ് സ്റ്റാര്‍ സിറ്റി പ്ലസിന്റെ സ്ഥാനം. ടി.വി.എസ് സ്‌പോര്‍ട് ബ്രാന്‍ഡിന്റെ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ്. ടി.വി.എസിന്റെ ഇ.ടി.എഫ്.ഐ സാങ്കേതികവിദ്യ ഘടിപ്പിച്ച അതേ 110 സി.സി എഞ്ചിനാണ് ഇതിലും സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാര്‍ സിറ്റി പ്ലസിന്റെ പവര്‍ ഔട്ട്പുട്ട് 7350 rpm-ല്‍ 8.08 bhp-യും 4500 rpm-ല്‍ 8.7 Nm ഉം ആണ്. സ്റ്റാര്‍ സിറ്റി പ്ലസ് ലിറ്ററിന് 80-86 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വില: 75,890 രൂപ മുതല്‍ (എക്‌സ്-ഷോറൂം, ഡല്‍ഹി)


ബജാജ് പള്‍സര്‍ 125

പള്‍സര്‍ എന്നത് ഇന്ത്യയുടെ വികാരങ്ങളിൽ ഒന്നാണ്. ബജാജ് പള്‍സര്‍ 125 ഇപ്പോഴും യുവാക്കൾക്കിടയിൽ ജനപ്രിയമാണ്. മുന്‍ തലമുറ ബൈക്കിന്റെ ബോഡി സ്‌റ്റൈലിങ് നിലനിത്തിയാണ് പുതിയ വാഹനവും എത്തുന്നത്. കാര്‍ബണ്‍ ഫൈബര്‍ (സിഎഫ്), നിയോണ്‍ സിംഗിള്‍ സീറ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. സിംഗിള്‍ സീറ്റ് ഓപ്ഷനില്‍ 89,254 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. സ്പ്ലിറ്റ് സീറ്റ് ഓപ്ഷനില്‍ 91,642 രൂപയാണ് എക്സ് ഷോറൂം വില. നിയോണ്‍ സിംഗിള്‍ സീറ്റ് വേരിയന്റിന് 87,149 രൂപയാണ് വില. രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

125 സിസി എഞ്ചിന്‍ ആയതിനാല്‍ 110 സിസി മോട്ടോര്‍സൈക്കിളുകളായ ടിവിഎസ് സ്പോര്‍ട്ട്, സ്റ്റാര്‍ സിറ്റി+, ഹോണ്ട സിഡി 110 ഡ്രീം എന്നിവയേക്കാള്‍ കൂടുതല്‍ പവര്‍ പള്‍സര്‍ 125 ഉത്പാദിപ്പിക്കും. 11.64 bhp പവറും 10.8 Nm പീക്ക് ടോര്‍ക്കും, പള്‍സറിന്റെ മൈലേജിനെ അല്‍പ്പം ബാധിക്കും. ഉപയോക്താക്കള്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ബജാജ് പള്‍സര്‍ 125 ലിറ്ററിന് 53-55 കി.മീ മൈലേജും ലഭിക്കും. വില: 87,149 രൂപ മുതല്‍ (എക്‌സ്-ഷോറൂം, ഡല്‍ഹി)

Tags:    
News Summary - best entry level commuter bikes in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.