ഇതെന്താ സൂപ്പർവൈറ്റിൽ മുക്കിയ സൂപ്പർ കാറോ​? ബാബറിന്‍റെ ലാംബായെ ട്രോളി ഇന്ത്യൻ ആരാധകർ

ഇന്ത്യ-പാക്​ ക്രിക്കറ്റ്​ മത്സരങ്ങളിലെ ശത്രുത പലപ്പോഴും കളിക്കളത്തിന്​ പുറത്തേക്കും വ്യാപിക്കുക സാധാരണമാണ്​. ഇരുരാജ്യങ്ങളുടേയും ആരാധകർ കളിക്കാരെ ട്രേളുകയും പൊങ്കലയിടുകയും ഒക്കെ ചെയ്യാറുമുണ്ട്​. ഇത്തവണ ഇന്ത്യൻ ക്രിക്കറ്റ്​ ആരാധകരുടെ പരിഹാസത്തിന്​ പാത്രമായിരിക്കുന്നത്​ പാക്​ താരം ബാബർ അസമാണ്​. ബാബർ വാങ്ങിയ ലംബോർഗിനി സൂപ്പർ കാറാണ്​ ട്രോളുകൾക്ക്​ കാരണം.

ലോകകപ്പിലെ ദയനീയമായ തോൽവിയ്‌ക്ക് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം ബാബർ രാജിവെച്ചിരുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലെയും ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച താരം ഇപ്പോൾ വിശ്രമത്തിലാണ്. ‘എല്ലാ ഫോർമാറ്റുകളിലും പാകിസ്താൻ ടീമിന്റെ നാകയ സ്ഥാനം ഞാൻ ഒഴിയുകയാണ്. ഇത് ബുദ്ധിമുട്ടുള്ള തീരുമാനമാണ്. പക്ഷേ ഇതാണ് ശരായായ സമയം, മൂന്ന് ഫോർമാറ്റിലും ഒരു കളിക്കാരനായി ഞാൻ ടീമിലുണ്ടാകും. പുതിയ ക്യാപ്റ്റനും ടീമിനും എന്റെ എല്ലാ പിന്തുണയുമുണ്ടാകും. സുപ്രധാനമായ ഉത്തരവാദിത്തം എന്നെയേൽപിച്ച പാക്കിസ്താൻ ക്രിക്കറ്റ് ബോർഡിന് എന്റെ നന്ദി അറിയിക്കുന്നു’ എന്നാണ്​ ബാബർ രാജിയെക്കുറിച്ച്​ പറഞ്ഞത്​.

ഇപ്പോൾ താരം സ്വന്തമാക്കിയ കാറിന്റെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ബാബർ പർപ്പിൾ കളർ ലംബോർഗിനി അവന്റഡോറാണ് സ്വന്തമാക്കിയിരിക്കുന്നത്. തന്റെ ജന്മനാടായ ലാഹോറിൽ കാറിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ അദ്ദേഹം പങ്കുവച്ചു. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ്​ ആരാധകർ ട്രോളുകളുമായി രംഗത്തിറങ്ങി. കാറിന്റെ നിറമാണ് പ്രധാനമായും ട്രോളുകൾക്ക്​ കാരണം.

ബാബറിന്റെ പുതിയ സ്‌പോർട്‌സ് കാറിന് പാക്​ ആരാധകർ അഭിനന്ദനങ്ങൾ അറിയിക്കുമ്പോൾ ഇന്ത്യക്കാർ ബോളിവുഡിലെ ജനപ്രിയ സിനിമകളിൽ ഒന്നായ ടാർസൻ: ദി വണ്ടർ കാർ എന്ന ചിത്രത്തിലെ വാഹനുമായാണ് താരതമ്യം ചെയ്യുന്നത്. ഇതെന്താ സൂപ്പർവൈറ്റിൽ മുക്കിയ സൂപ്പർ കാറോ​ എന്ന്​ ചോദിക്കുന്നവരും ട്രോളന്മാരിലുണ്ട്​.


ലംബോർഗിനി അവന്‍റഡോർ

ലംബോർഗിനി അവന്‍റഡോർ മോഡലാണ്​ പാക്​ താരം സ്വന്തമാക്കിയിരിക്കുന്നത്​. 2022-ൽ അൾട്ടിമേ എഡിഷനോടെ നിർമാണം അവസാനിപ്പിച്ച സൂപ്പർകാറിന്റെ യൂസ്‌ഡ് മോഡലാണ് ഇതെന്നാണ്​ നിഗമനം. മുർസിലാഗോയുടെ പിൻഗാമിയായി 2012-ൽ അവതരിപ്പിച്ച അവന്റഡോർ, ലംബോർഗിനി ബെസ്റ്റ്​ സെല്ലറുകളിൽ ഒന്നായിരുന്നു.

6.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V12 പെട്രോൾ എഞ്ചിൻ നിലനിർത്തിക്കൊണ്ടുതന്നെ തികച്ചും പുതിയ ബോഡി വർക്കുകളും ഇന്റീരിയറും അവതരിപ്പിച്ച അവന്റഡോർ ഇന്ത്യയിലെ സെലിബ്രിറ്റികൾക്കിടിയിൽ പ്രിയങ്കരമായിരുന്നു. 2022-ൽ നിർത്തലാക്കുന്നതിന് മുമ്പ് വിവിധ ഫെയ്‌സ്‌ലിഫ്റ്റുകൾ, അപ്‌ഡേറ്റുകൾ, ലിമിറ്റഡ് എഡിഷൻ പതിപ്പുകൾ എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്. ഒടുവിൽ ലംബോയുടെ ആദ്യ ഫുൾ-ഹൈബ്രിഡ് സ്‌പോർട്‌സ് കാറായ റെവൽറ്റോയ്‌ക്ക് വഴിമാറുകയായിരുന്നു ഇവ.

ഈ സൂപ്പർകാറിന്റെ പുതിയ മോഡലിന് ഇന്ത്യൻ രൂപയിൽ 7.8 കോടിയും പാകിസ്ഥാനിൽ ഏകദേശം 26 കോടിയുമാണ് വില വരുന്നത്. അവന്റഡോർ കൂടാതെ ബാബർ അസമിന്റെ ആഡംബര കാർ ശേഖരത്തിൽ ഔഡി A5, ഔഡി ഇ-ട്രോൺ ജിടി, ഹ്യുണ്ടായി സൊനാറ്റ പോലുള്ള വണ്ടികളും ഉണ്ട്​.


Tags:    
News Summary - Babar Azam brutally trolled for sharing pic of new Lamborghini, fans call it 'Tarzan the wonder car'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.