ഷെയ്​ഖുമാരുടെ പ്രിയ വാഹനം ഇനി ദുൽഖറി​െൻറ ഗ്യാരേജിലും; എണ്ണിക്കൊടുത്തത്​ കോടികൾ

മെഴ്​സിഡസ്​ ബെൻസ്​ ജി വാഗൺ, ലോകത്തെ എണ്ണം പറഞ്ഞ എസ്​.യു.വികളിലൊന്ന്​. പോപ്പുമാരുടേയും ഷേഖുമാരുടേയും ഇഷ്​ട വാഹനം. 1973ൽ പുറത്തിറങ്ങി അരനൂറ്റാണ്ടിനോടടുക്കു​ന്ന ഇതിഹാസ സമാനമായ ചരിത്രത്തിൽ ഒരിക്കൽപ്പോലും ഡിസൈൻ പരിഷ്​കരിക്കപ്പെടാത്ത വാഹനമാണ്​ ബെൻസ്​ ജി വാഗൺ. ഒരുപക്ഷെ ഇത്തരമൊരു വാഹനം ലോകത്ത്​ വേറേയുണ്ടാകില്ല. വലുപ്പത്തിലും സൗകര്യങ്ങളിലും നിരവധി മാറ്റങ്ങൾ വന്നെങ്കിലും ജി വാഗ​െൻറ പെട്ടി രൂപം പരിഷ്​കരിക്കണമെന്ന്​ ബെൻസിന്​ ഒരിക്കലും തോന്നിയിട്ടില്ല.


ജി വാഗനെപറ്റി ഇത്രയും പറഞ്ഞത്​ മറ്റൊരു വിശേഷം പങ്കുവയ്​ക്കാനാണ്​. മലയാളികളുടെ പ്രിയപ്പെട്ട ഡി.ക്യൂ, ദുൽഖർ സൽമാൻ ജി വാഗൻ സ്വന്തമാക്കിയിരിക്കുന്നു. അതും ജി വാഗ​െൻറ ഏറ്റവും കരുത്തുറ്റ പെർഫോമൻസ്​ വകഭേദമായ ജി വാഗൻ 63 എ.എം.ജി വകഭേദം. ദുബായ്​ ഷേയ്​ഖുമാരുടെ പ്രിയ വാഹനം എന്നാണ്​ ജി വാഗൻ 63 എ.എം.ജി അറിയപ്പെടുന്നത്​. ദുബായ്​ ഷെയ്​ഖ്​ മുറമ്മദ്​ ബിൻ റാഷിദ്​ അൽ മഖ്​ദൂമും മകൻ ഹംദാൻ ബിൻ മുഹമ്മദ്​ അൽ മഖ്​ദൂമും പലപ്പോഴും നഗരം ചുറ്റിക്കറങ്ങുന്നത്​ ജി വാഗനിലാണ്​. അടുത്തകാലത്ത്​ ത​െൻറ ജി വാഗനിൽ പ്രാവ്​ കൂടുകൂട്ടിയതുകൊണ്ട്​ അത്​ ഏറെക്കാലം ഉപയോഗിക്കാതിരുന്ന്​ ഹംദാൻ ബിൻ മുഹമ്മദ്​ അൽ മഖ്​ദൂം വാർത്തകളിൽ നിറഞ്ഞിരുന്നു.


പിതാവ്​ മമ്മൂട്ടിയെ പോലെ തന്നെ വാഹനങ്ങളോടും ടെക്നോളജിയോടും ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് മകൻ ദുൽഖർ സൽമാനും. ആരും കൊതിക്കുന്ന നിരവധി വാഹനങ്ങളും ഇരുവരുടെയും വാഹന ശേഖരത്തിലുണ്ട്. എന്നാൽ മലയാള സിനിമയിൽനിന്ന്​ ആദ്യമായി ജി വാഗൻ സ്വന്തമാക്കുന്ന ആളല്ല ദുൽഖർ. കുറേ നാളുകൾക്കുമുമ്പ്​ നടൻ ആസിഫ്​ അലി ഒരു സെക്കൻഡ്​ഹാൻഡ്​ ജി 55 എ.എം.ജി സ്വന്തമാക്കിയിരുന്നു.

ജി വാഗൻ എന്ന കരുത്തൻ

ബെൻസി​െൻറ ഏറ്റവും കരുത്തുറ്റ എസ് യുവികളിൽ ഒന്നാണ് ജി 63 എഎംജി. 2.45 കോടി രൂപ ഇന്ത്യയില്‍ എക്‌സ്‌ഷോറും വിലയുള്ള വാഹനമാണിത്​. ഒാൺറോഡ്​ വില മൂന്ന്​ കോടി മുതൽ മൂന്നേകാൽ കോടിവരെ വരും. ഒലിവ് ഗ്രീന്‍ നിരത്തിലുള്ള വാഹനമാണ് ദുൽഖർ തെരഞ്ഞെടുത്തത്​. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത്തിലെത്താൻ ഇൗ കൂറ്റൻ എസ്​.യു.വിക്ക്​ 4.5 സെക്കൻറ്​ മാത്രം മതി.


പെര്‍ഫോമെന്‍സ് പതിപ്പായതിനാല്‍ ആഡംബരത്തിനൊപ്പം കരുത്തിനും പ്രാധാന്യം നല്‍കിയിട്ടുള്ള വാഹനമാണിത്. 4.0 ലിറ്റര്‍ വി8 ബൈ-ടര്‍ബോ പെട്രോള്‍ എന്‍ജിനാണ്​ വാഹനത്തിന്​ കരുത്തുപകരുന്നത്​. 585 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കും വാഹനം ഉത്​പ്പാദിപ്പിക്കും. 6.1 കിലോമീറ്റർ ആണ്​ മൈലേജ്​. ബെൻസി​െൻറ എസ്എൽഎസ് എഎംജി, മിനികൂപ്പർ, വോൾവോ 240 ഡിഎൽ, ബിഎംഡബ്ല്യു 740ഐഎ, ജെ80 ലാൻഡ് ക്രൂസർ, ബെൻസ് ഡബ്ല്യു 123, ടൊയോട്ട സുപ്ര, ബി.എം.ഡബ്ല്യു ​െഎ 8 തുടങ്ങി ആഡംബരകാറുകളുടെ വലിയൊരു വാഹനശേഖരം ദുൽഖറിനുണ്ട്.





Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.