റോഡിൽ നിയമം ലംഘിക്കാൻ നിൽക്കണ്ട; 726 എ.ഐ കാമറകൾ ഈ മാസം 20 മുതൽ മിഴിതുറക്കും

ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാൻ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കാമറകൾ അടക്കം രംഗത്തിറക്കി മോട്ടോർ വാഹന വകുപ്പ്. ‘സേഫ് കേരള’ എന്ന് പേരിട്ടിട്ടുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. പദ്ധതി പ്രകാരം 726 എ.ഐ കാമറകള്‍ ഏപ്രിൽ 20 മുതൽ പ്രവർത്തനം ആരംഭിക്കും.

കാമറകള്‍ സ്ഥാപിച്ച് ഒരു വർഷം കഴിഞ്ഞിട്ടും ധന ഗതാഗതവകുപ്പുകള്‍ തമ്മിലുള്ള തർക്കം കാരണം പ്രവർത്തിച്ചിരുന്നില്ല.ഒരു വർഷമായി പരീക്ഷണാടിസ്ഥാനത്തിൽ കാമറകള്‍ പ്രവർത്തിക്കുകയായിരുന്നു. നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതം ഇനി നിർമ്മിത ബുദ്ധി കാമറകളിൽ പതിയും. 

ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്, ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള യാത്ര- ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് ആദ്യം പിടിക്കുക. സോഫ്റ്റുവയർ അപ്ഡേഷൻ വഴി മാസങ്ങള്‍ക്കുള്ളിൽ അമിതവേഗതയിലുള്ള യാത്രയും പിടിക്കും.


726ൽ 675 കാമറകൾ ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വേണ്ടിയാണ്. അനധികൃത പാർക്കിങ് പിടികൂടുന്നതിന് 25 കാമറകളും അമിത വേഗം കണ്ടുപിടിക്കുന്നതിനു 4 ഫിക്സഡ് ക്യാമറകളും വാഹനങ്ങളിൽ ഘടിപ്പിച്ച 4 കാമറകളും റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാൻ 18 കാമറകളും ഉണ്ടാകും. എല്ലാ ജില്ലയിലും കൺട്രോൾ റൂമുകളും വരും.

കാമറകൾ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് അപ്പോൾ തന്നെ മെസേജ് ആയി അറിയിക്കും. അനധികൃത പാർക്കിങ്ങിന് 250 രൂപയാണു കുറഞ്ഞ പിഴ. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരുന്നാൽ 500 രൂപയും അമിതവേഗത്തിന് 1500 രൂപയുമാണു പിഴ. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതു പിടികൂടിയാൽ 2000 രൂപ പിഴ നൽകണം.


പ്രതിമാസം 30,000 മുതൽ 90,000വരെ നിയമലംഘങ്ങൾ കാമറകള്‍ പതിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന പിഴത്തുക വഴി സർക്കാർ ഖജനാവിലേക്ക് കോടികള്‍ എത്തും. നിയമലംഘനത്തിന് ഒരു കാമറയിൽ പതിയുന്ന അതേ വാഹനം രണ്ടു കിലോമീററർ അപ്പുറമുള്ള കാമറയിൽ വീണ്ടും പതിഞ്ഞാൽ വീണ്ടും പിഴവീഴും.

മൂന്നു വർഷം മുമ്പാണ് കെൽട്രോണുമായി ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചത്. പണം തിരിച്ചടക്കുന്നത് ഉള്‍പ്പെടെ തർക്കങ്ങള്‍ നിലനിനതിനാലാണ് കാമറകള്‍ പ്രവർത്തിക്കാത്തത്. ഓരോ മൂന്നു മാസം കൂടുമ്പോഴും 11.5 കോടി കെൽട്രോണിന് നൽകും. അഞ്ചുവർഷത്തേക്കാണ് കരാർ. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി 20ന് ഉദ്ഘാടനം ചെയ്യും.

Tags:    
News Summary - 726 AI cameras to identify traffic rule violators across Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.