ഹാനിമാന്റെ ഹോമിയോ: ഏത് രോഗത്തിനും ഇവിടെ മരുന്നുണ്ട്

ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ. ക്രിസ്​ത്യൻ ഫെഡറിക് സാമുവൽ ഹാനിമാന്റെ ജന്മദിനമായ ഏപ്രിൽ 10 ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നു. ബദൽ ചികിത്സാ ശാസ്​ത്രങ്ങളിൽ പ്രഥമവും വൈദ്യ ശാസ്​ത്ര രംഗത്ത് ലോകത്ത് രണ്ടാം സ്​ഥാനത്തുള്ളതുമായ ഹോമിയോപ്പതിക്ക് കൂടുതൽ അംഗീകാരവും പ്രചാരവും ആവശ്യമാണെന്ന് തിരിച്ചറിവിലാണ് ഈ ദിനാചരണം.

1755 ഏപ്രിൽ 10 ന് ജർമ്മനിയിലെ ഒരു ചെറു പട്ടണമായ മെയ്സൺ എന്ന സ്​ഥലത്താണ് ഡോ.സാമുവൽ ഹാനിമാന്റെ ജനനം. അലോപ്പതി ചികിത്സാ രീതിയിൽ എം. ഡി ബിരുദം നേടിയ അദ്ദേഹം അന്ന് നിലനിന്നിരുന്ന അശാസ്​ത്രീയ ചികിത്സാ രീതികളിൽ മനസ്സ് മടുത്ത് പുസ്​തകങ്ങൾ പരിഭാഷപ്പെടുത്തുന്ന ജോലിയിലേക്ക് തിരിയുകയാണുണ്ടായത്. ഇതിനിടയിൽ ആകസ്​മികമായി വീണു കിട്ടിയ ചില അറിവുകൾ ആണ് 1796 ൽ ഹോമിയോപ്പതി ചികിത്സാ രീതിയുടെ ജനനത്തിന് കാരണമായി ഭവിച്ചത്.

ഘടനാപരമായും പ്രായോഗിക തലത്തിലും ഏറെ ലളിതവും, എന്നാൽ കർമശേഷിയിൽ ഏറെ ഫലപ്രദവും ആയ ഈ ചികിത്സാ രീതി അർഹമായ വിധം സ്വീകരിക്കപ്പെടുന്നില്ല എന്ന യാഥാർഥ്യം നിലനിൽക്കുകയാണ്. അത്യാഹിതങ്ങൾ അടക്കം ഏതു പ്രായത്തിലും വരാവുന്ന മിക്കവാറും എല്ലാ രോഗങ്ങൾക്കും ഹോമിയോപ്പതിയിൽ ഔഷധം ഉണ്ടെന്ന വസ്​തുത പലർക്കും അറിയില്ല.

മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവും ആയ സമ്പൂർണ്ണ സ്വാസ്​ഥ്യമാണ് ആരോഗ്യം. അങ്ങനെ അല്ലാത്തതെല്ലാം അനാരോഗ്യം ആണ്. അവ സസൂക്ഷ്മം നിരീക്ഷിച്ചും വ്യതിയാനം വേർതിരിച്ച് അറിഞ്ഞ് മാനുഷികമായി പരിചരിക്കുകയും ലളിതവും സുരക്ഷിതവും ആയ മാർഗ്ഗങ്ങളിലൂടെ ഔഷധ പ്രയോഗം നടത്തി ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുക എന്നതാണ് ശരിയായ ചികിത്സ. ഇത് ഏറ്റവും സമഗ്രവും ശാസ്​ത്രീയവും പ്രകൃതിക്ക് ഇണങ്ങുന്നതുമായ രീതിയിൽ നിർവഹിക്കുന്ന ചികിത്സാ ശാസ്​ത്രമാണ് ഹോമിയോപ്പതി. ലളിതമായ ഈ ചികിത്സാ രീതി രോഗികളിൽ ദോഷകരമായ പാർശ്വഫലങ്ങൾ യാതൊന്നും തന്നെ സൃഷ്ടിക്കുന്നതും ഇല്ല.

ഹോമിയോപ്പതിയുടെ വീക്ഷണത്തിൽ മനുഷ്യ ആരോഗ്യം എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും സ്വാഭാവികമായ സമതുലിതാവസ്​ഥയാണ്. ശരീരത്തിലെ ജീവൽശക്തിയുടെ ലയവിന്യാസത്തിലൂടെ ആണ് ഈ സ്വാഭാവിക അവസ്​ഥ നിലനിർത്തപ്പെടുന്നത്. ആന്തരികമോ ബാഹ്യമോ ആയ കാരണങ്ങളാൽ ഈ സ്വാഭാവിക അവസ്​ഥക്ക് ഉണ്ടാകുന്ന വ്യതിചലനം ആണ് രോഗം. ഔഷധ പ്രയോഗത്തിലൂടെ ജീവൽശക്തിയുടെ താളം വീണ്ടെടുക്കുകയും അതുവഴി രോഗനിവാരണം സാധ്യമാക്കുകയും ആണ് ചെയ്യുന്നത്.

രോഗത്തെയോ, രോഗം ബാധിച്ച ശരീര ഭാഗത്തെയോ മാത്രം കേന്ദ്രീകരിച്ച് ചികിത്സിക്കുകയല്ല, രോഗിയെ ഒന്നായി കരുതി, ജീവൽശക്തിയെ ഉത്തേജിപ്പിച്ച് രോഗനിവാരണത്തിന് ശരീരത്തെ പ്രാപ്തമാക്കുകയാണ് ഹോമിയോപ്പതി ചെയ്യുന്നത്.

ഹോമിയോപ്പതിയുടെ പ്രചാരണത്തിനിടയിൽ ഡോ ഹാനിമാന് ധാരാളം തിക്താനുഭവങ്ങൾ നേരിടേണ്ടതായി വന്നിട്ടുണ്ട്. പാരീസിൽ താമസിക്കവേ 1843 ജൂലൈ രണ്ടാം തീയതി, 88 -ാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.

ഹോമിയോപ്പതിയുടെ മഹിമയും ഡോ. ഹാനിമാന്റെ സംഭാവനകളുടെ മഹത്വവും തിരിച്ചറിഞ്ഞ അമേരിക്ക, ഒരു അമേരിക്കൻ പൗരൻ അല്ലാതിരുന്നിട്ട് കൂടി ഹാനിമാന് വാഷിങ്ടണ്ണിൽ ഒരു സ്​മാരകം പണിയുകയുണ്ടായി. 1900 ജൂൺ 21 ന് അമേരിക്കൻ പ്രസിഡന്റ് മെക്കൻലിയും സാമ്പത്തിക കാര്യ മന്ത്രി ഗ്രിഗ്സും ചേർന്ന് ഇത് ഉദ്ഘാടനം ചെയ്തു. ‘ മനുഷ്യ വംശത്തിന് സത്കർമം ചെയ്തവൻ ഡോ: സാമുവൽ ഹാനിമാൻ എന്നാണ് ഫ്രാൻസിലെ അദ്ദേഹത്തിന്റെ സ്​മാരകത്തിൽ കുറിച്ചിട്ടിരിക്കുന്നത്. ഭാരത സർക്കാർ ഹാനിമാന്റെ സ്​മരണ നിലനിർത്തുന്നതിനായി 1977 ഒരു പോസ്​റ്റൽ സ്​റ്റാമ്പ് പ്രസിദ്ധീകരിച്ചു.

ലോകത്ത് ഹോമിയോപ്പതി ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉള്ള രാജ്യം ഇന്ത്യ ആണ്. ഭാരതീയ ചികിത്സാ രീതികൾക്ക് ഒപ്പം ആയുഷ് വിഭാത്തിൽ ഹോമിയോപ്പതിക്ക് മുന്തിയ പരിഗണന ആണ് ഇന്ന് ലഭിക്കുന്നത്. ഇന്ത്യയിൽ തന്നെ ഹോമിയോപ്പതി ഏറ്റവും കൂടുതൽ പ്രചാരത്തിൽ ഉള്ള സംസ്​ഥാനങ്ങളിൽ ഒന്ന് കേരളം ആണ്. അഞ്ച് ഹോമിയോപ്പതി മെഡിക്കൽ കോളജുകളും കിടത്തി ചികിത്സാ സൗകര്യങ്ങൾ ഉള്ള മുപ്പതിനാല് ഗവ. ഹോമിയോ ആശുപത്രികളും 781 ഗവ. ഹോമിയോ ഡിസ്​പെൻസറികളും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നിയന്ത്രണത്തിൽ 416 ആയുഷ് ഹോമിയിപ്പതി ആരോഗ്യ കേന്ദ്രങ്ങളും കേരളത്തിൽ പ്രവർത്തിച്ച് വരുന്നു.

കൂടാതെ കേരളത്തിലെ എല്ലാ കോണുകളിലും സ്വകാര്യ ഹോമിയോ ഡോക്ടർമാർ വിജയകരമായി ചികിത്സ നടത്തി വരുന്നു. വന്ധ്യതാ ചികിത്സ രംഗത്ത് ശ്രദ്ധേയമായ ജനനി പദ്ധതിയും കാൻസർ ഗവേഷണത്തിനായുള്ള മലപ്പുറം ജില്ലയിലെ ചേതന ആശുപത്രിയും മാനസിക രോഗ ചികിത്സക്കായുള്ള കോട്ടയം ജില്ലയിലെ കേന്ദ്ര ഗവേഷണ സ്​ഥാപനവും എല്ലാം കേരളത്തിലെ ഹോമിയോപ്പതിയുടെ വളർച്ചയുടെ നാഴികകല്ലുകൾ ആണ്.

ജനിതക വൈകല്യങ്ങളും ജീവിതശൈലീ രോഗങ്ങളും, പുതിയ പകർച്ച വ്യാധികളും എല്ലാം നമ്മുടെ ആരോഗ്യ രംഗത്തെ പിടിച്ചുലക്കുന്ന ഈ കാലഘട്ടത്തിൽ ബദൽ ചികിത്സാ രീതികളിൽ മുൻപന്തിയിൽ നിൽക്കുന്ന ഹോമിയോപ്പതിയുടെ പ്രസകതി വളരെ വലുതാണ്.

irasokkumar@gmail.com

Tags:    
News Summary - World homeopathy Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.