കേന്ദ്രസർക്കാർ നിയോഗിച്ച ആയുർവേദ തെറപ്പിസ്​റ്റുകൾക്ക് ദുരിത ജീവിതം

കോഴിക്കോട്: സർക്കാർ ആയുർവേദാശുപത്രികളിൽ രോഗികളിൽ ചികിൽസാക്രമം നടത്തുന്ന ആയുർവേദ തെറപ്പിസ്​റ്റുകൾ
അനുഭവിക്കുന്നത് കടുത്ത വിവേചനം. ചെയ്യുന്ന ജോലി ഒന്നാണെങ്കിലും മൂന്നു തരത്തിൽ വേതനം നൽകിയാണ് ഇവരെ ജോലി ചെയ്യിപ്പിക്കുന്നത്. ഇതിൽ കേന്ദ്രസർക്കാർ പദ്ധതിക്ക് കീഴിൽ ജോലി ചെയ്യുന്നവരാണ് കടുത്ത ചൂഷണം അനുഭവിക്കുന്നത്. ആയുർവേദത്തി​െൻറ മാഹാത്മ്യം ലോകം മുഴുവൻ പ്രചരിപ്പിക്കാൻ തീവ്രശ്രമം നടത്തുന്ന സർക്കാരുകൾ തന്നെയാണ് ആയുർവേദത്തി​െൻറ നിലവാരം തകർക്കുന്ന സമീപനവും കൈക്കൊള്ളുന്നത്.

പത്താം ക്ലാസിന് ശേഷം സർക്കാർ ആയുർവേദ കോളജിൽ നിന്ന് ഒരുവർഷത്തെ തെറപ്പിസ്​റ്റ്​ കോഴ്സ് പാസാകുന്നവരെയാണ് സർക്കാർ ആശുപത്രികളിൽ നിയമനത്തിന് പരിഗണിക്കാറ്. പി.എസ്.സി. വഴി ആരോഗ്യ വകുപ്പിന് കീഴിൽ സ്ഥിരം ജോലിക്ക് കയറുന്നവർക്ക് 19000-43600 എന്ന ശമ്പള സ്കെയിലാണ് നൽകുന്നത്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ ജോലി നോക്കുന്നവർക്ക് ഏകദേശം സ്ഥിരം ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും നൽകുന്നുണ്ട്. പ്രതിദിനം 745 രൂപ പ്രകാരം 27 ദിവസത്തെ ശമ്പളമാണ് ഇവർക്ക് നൽകുന്നത്. എന്നാൽ ആയുർവേദത്തിന് ഏറെ പ്രാധാന്യം നൽകുന്നുവെന്ന് അവകാശപ്പെടുന്ന കേന്ദ്രസർക്കാർ നടപ്പാക്കിയിരിക്കുന്ന നാഷണൽ ആയുഷ് മിഷന് (നാം) കീഴിൽ ജോലി ചെയ്യുന്നവർക്ക് പ്രതിദിനം 466 രൂപ മാത്രമാണ് കിട്ടുന്നത്. കൂലിപ്പണിക്കാരെക്കാൾ കുറഞ്ഞ വേതനം കിട്ടുന്ന അവസ്ഥ മാറ്റണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ ഒാഫ് സർട്ടിഫൈഡ് ആയുർവേദ തെറപ്പിസ്​റ്റ്​ സംസ്ഥാന നേതാക്കൾ പരാതി നൽകിയെങ്കിലും പ്രതിവിധിയുണ്ടായിട്ടില്ല. സംസ്ഥാന സർക്കാർ നൽകുന്ന അടിസ്ഥാന ശമ്പളമെങ്കിലും ലഭിക്കണമെന്നാണ് അവരുടെ ആവശ്യം.

ആയുർവേദം പരിപോഷിപ്പിക്കാൻ േകാടിക്കണക്കിന് രൂപയുടെ പദ്ധതികൾ നടപ്പാക്കുന്ന സർക്കാരുകൾ ആയുർവേദ ചികിൽസയിൽ ഏറ്റവും അത്യാവശ്യ ഘടകമായ തെറപ്പിസ്​റ്റുകളുടെ നിയമനത്തിന് ഒരു താൽപര്യവും കാണിക്കുന്നില്ല. 10 കിടക്കകൾക്ക് ഒരു ആൺ തെറപ്പിസ്​റ്റും പെൺ തെറപ്പിസ്​റ്റും ഉണ്ടെങ്കിൽ മാത്രമെ ശരിയായ ചികിൽസ നടത്താനാവൂ എന്ന് ആയുർവേദ ചികിൽസകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സർക്കാർ മേഖലയിൽ 120 ഒാളം ആശുപത്രികളുള്ള കേരളത്തിൽ സ്ഥിരം തെറപ്പിസ്​റ്റുകളുടെ എണ്ണം വെറും 71 ആണ്. 10 മുതൽ 30 കിടക്കകൾ വരെയാണ് ഒാരോ ആശുപത്രിയിലുമുള്ളത്. ഇത് കൂടാതെ വിവിധ മെഡിക്കൽ കോളജുകളിലായി 32 ഒാളം തെറപ്പിസ്​റ്റുകളെയും നിയമിച്ചിട്ടുണ്ട്. ഇവർക്ക് മാത്രമാണ് മികച്ച വേതനം കിട്ടുന്നത്. ഇതിന് പുറമെ താൽക്കാലികാടിസ്ഥാനത്തിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന 250 തെറപ്പിസ്​റ്റുകളാണ് ഗ്രാമങ്ങളിലടക്കം രോഗികൾക്ക് ചികിൽസാ ക്രമങ്ങൾ െചയ്തുകൊണ്ടിരിക്കുന്നത്. ഭാരതീയ ചികിൽസാ വകുപ്പിന് കീഴിൽ 14 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലായി 66 പഞ്ചകർമ്മ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഒാരോ യൂണിറ്റിലും താൽക്കാലിക നിയമനം ലഭിച്ചവരടക്കം രണ്ട് തെറപിസ്റ്റുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും മിക്ക ആശുപത്രികളിലും തെറപ്പിസ്​റ്റുമാരുടെ സേവനം ലഭ്യമാക്കാനായിട്ടില്ല. പല ജില്ലകളിലും പി.എസ്.സിയുടെ റാങ്ക് ലിസ്റ്റ് നിലനിൽക്കുന്നുണ്ടെങ്കിലും തസ്തികകൾ അനുവദിക്കാൻ സർക്കാർ തയാറല്ല. പകരം വിവിധ പദ്ധതികളുടെ മറവിൽ വ്യാപകമായി താൽക്കാലികക്കാരെ നിയോഗിച്ചിരിക്കുകയാണ്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ വർഷങ്ങളായി താൽക്കാലിക ജോലി ചെയ്യുന്നവരുമുണ്ട്. ഇവരിൽ പലർക്കും പരമാവധി പ്രായം കടന്നുകഴിഞ്ഞു. തെറപ്പിസ്​റ്റുകളെ നിയമിക്കാൻ വിമുഖത കാണിക്കുന്ന സംസ്ഥാന സർക്കാർ ആയുർവേദ ആശുപത്രികളുടെ നിലവാരം ഉയർത്തുന്നതിനെന്ന പേരിൽ വൻ തുക ചിലവഴിക്കുന്നുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആശുപത്രികളെ കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ്സ് ഫോർ ഹോസ്പിറ്റൽ നിലവാരത്തിലേക്ക് ഉയർത്താൻ ഭാരതീയ ചികിൽസാ വകുപ്പിൽ 2016-17 വർഷം 70 ലക്ഷം രൂപയും 2017-18 വർഷം 2,35,39,837 രൂപയും 2018-19 സാമ്പത്തിക വർഷം 2,00,40,328 രൂപയും 2019-20 വർഷം 2 കോടി 80 ലക്ഷം രൂപയും വകയിരുത്തി. അറ്റകുറ്റപണികൾക്ക് 1,37,67,867 രൂപയും നീക്കിവെച്ചു.

ഫലത്തിൽ സംസ്ഥാന പദ്ധതികളുടെ ഫണ്ട് തീരുകയോ കേന്ദ്രസർക്കാർ പദ്ധതി അവസാനിക്കുകയോ ചെയ്താൽ കേരളത്തിലെ ആയുർവേദ ചികിൽസ അവസാനിക്കുന്ന സ്ഥിതിയാണ്. കോടികൾ മുടക്കി സ്ഥാപിക്കുന്ന സൗകര്യങ്ങൾ നോക്കുകുത്തിയാവുകയും ചെയ്യും. ഇത് ഒഴിവാക്കാൻ നിലവിൽ താൽക്കാലിക ജോലി നോക്കുന്നവർക്ക് തുല്ല്യമായ തസ്തികകൾ സൃഷ്ടിച്ച് സ്ഥിര നിയമനം നടത്തുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags:    
News Summary - miserable life of ayurveda therapists in Kerala - Health news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.