നടുവേദന തടയാം...

നിവര്‍ന്നുനില്‍ക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്ന അവയവമാണ് നട്ടെല്ല്. മനുഷ്യശരീരത്തിന് ഉറപ്പുനല്‍കുന്നതോടൊപ്പം കുനിയാനും വളയാനുമൊക്കെയുള്ള വഴക്കം നല്‍കുന്നതും നട്ടെല്ലാണ്. തലച്ചോറില്‍നിന്ന് ശരീരത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്കും  തിരിച്ചും സന്ദേശങ്ങള്‍ എത്തിക്കുന്ന സുഷുമ്നാനാടി കടന്നുപോകുന്നതും നട്ടെല്ലിലൂടെയാണ്.
വളരെ സങ്കീര്‍ണമായ ഘടനയാണ് നട്ടെല്ലിനുള്ളത്. കശേരുക്കള്‍, ഡിസ്കുകള്‍, പേശികള്‍, സ്നായുക്കള്‍, ചലനവള്ളികള്‍ തുടങ്ങിയവയാലാണ് നട്ടെല്ല് നിര്‍മിച്ചിരിക്കുന്നത്. 33 കശേരുക്കളാണ് നട്ടെല്ലിന്‍െറ അടിസ്ഥാന ഘടകം. കശേരുക്കള്‍ തമ്മില്‍ കൂട്ടിയുരയുന്നത് തടയുന്നതും നട്ടെല്ലിന് മുകളിലുള്ള സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതും കശേരുക്കള്‍ക്കിടയിലെ മൃദുഭാഗമായ ഡിസ്കുകള്‍ ആണ്. നട്ടെല്ലില്‍ പ്രധാനമായും നാലു വളവുകള്‍ ഉണ്ട്. കശേരുക്കളും ഡിസ്കുകളും നട്ടെല്ലില്‍ ക്രമീകരിച്ചിരിക്കുന്നത് ഈ വളവുകള്‍ക്കനുസരിച്ചാണ്.

നടുവേദന ഉണ്ടാകുന്നതെങ്ങനെ..?

പുറത്തിന്‍െറ താഴ്ഭാഗത്തുണ്ടാകുന്ന വേദനയാണ് നടുവേദന.  വളരെ വ്യാപകമായി കാണപ്പെടുന്ന നടുവേദനയെ ‘വാതരോഗങ്ങളുടെ’  കൂട്ടത്തിലാണ് ആയുര്‍വേദം പെടുത്തിയിരിക്കുന്നത്. ‘Lower Back ache’ അല്ളെങ്കില്‍ ‘ലംബാഗോ’ എന്നും നടുവേദനക്ക് പേരുണ്ട്.
ഡിസ്കുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍, കശേരുക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന ചലനവള്ളികള്‍ക്കുണ്ടാകുന്ന വലിച്ചിലുകള്‍, നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികള്‍ക്കുണ്ടാകുന്ന ഉളുക്കുകള്‍, തെറ്റായ ജീവിതശൈലി തുടങ്ങിയവയാണ് നടുവേദനക്കിടയാക്കുന്ന  പ്രധാന ഘടകങ്ങള്‍. കൂടാതെ നട്ടെല്ലിനേല്‍ക്കുന്ന പരിക്കുകള്‍, കഠിനമായ ആയാസമുള്ള ജോലികള്‍, പൊട്ടിയതോ പുറത്തേക്ക് തള്ളിയതോ ആയ ഡിസ്കുകള്‍, കിടപ്പ് തുടങ്ങിയ ശാരീരിക നിലകളിലെ പ്രശ്നങ്ങള്‍, അസ്ഥിക്ഷയം, നട്ടെല്ലിന്‍െറ സ്വാഭാവിക വളവുകളിലുണ്ടാകുന്ന മാറ്റങ്ങള്‍, അമിതവണ്ണം ,മാനസിക പിരിമുറുക്കം, അര്‍ബുദം ഇവയും  നടുവേദനക്കിടയാക്കാറുണ്ട്.

ഡിസ്ക് പ്രശ്നങ്ങളും നടുവേദനയും

കശേരുക്കള്‍ക്കിടയിലെ മൃദുഭാഗമായ ഡിസ്കുകളില്‍ സാധാരണഗതിയില്‍ ധാരാളം ജലാംശം ഉണ്ടായിരിക്കും. പ്രായമാകുന്തോറും ഡിസ്കിനുള്ളിലെ  ജലാംശം കുറയുന്നത് ഡിസ്കിന്‍െറ ഇലാസ്തികതയും വഴക്കവും നഷ്ടമാക്കുന്നു. ഇത് ഡിസ്കുകള്‍ പൊട്ടാനും  തെന്നാനുമുള്ള സാധ്യത കൂട്ടും. ഘടനാമാറ്റം വന്ന ഡിസ്കുകള്‍ നാഡികളില്‍ ചെലുത്തുന്ന സമ്മര്‍ദമാണ് നടുവേദനയായി അനുഭവപ്പെടുന്നത്. വേദന കാലിലേക്കും വ്യാപിക്കാറുണ്ട്. കാലിന്‍െറ പിന്‍വശത്ത് കൂടി താഴേക്ക് പോകുന്ന വേദനയെ ‘ഗൃധ്രസി’ അഥവാ ‘സയാറ്റിക്ക’ എന്നാണ് പറയുക. ശരീരം തെറ്റായ രീതിയില്‍ പെട്ടെന്ന് തിരിയുകയോ, അമിത ഭാരം എടുക്കുകയോ ചെയ്യുമ്പോള്‍ കശേരുക്കളില്‍ സമ്മര്‍ദമുണ്ടായി ഡിസ്ക് തെറ്റാം.

നടുവേദനയുടെ  ലക്ഷണങ്ങള്‍

നടുഭാഗത്തോ പുറത്തോ വേദന
കുനിയാനും നിവരാനും ബുദ്ധിമുട്ട്
നടുവില്‍ പെട്ടെന്നുണ്ടാകുന്ന വേദന
നില്‍ക്കാനും നടക്കാനും പ്രയാസം
നില്‍ക്കുമ്പോഴും  ഇരിക്കുമ്പോഴും വേദന കൂടുക
കാലിന് ബലക്ഷയം തുടങ്ങിയവയാണ് കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങള്‍.

സ്ത്രീകളും നടുവേദനയും

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ 2-3 ഇരട്ടിയോളം നടുവേദന കൂടുതലാണ്. ഗര്‍ഭാശയത്തതിലും അണ്ഡാശയങ്ങളിലുമുണ്ടാകുന്ന അണുബാധയും  രോഗങ്ങളും സ്ത്രീകളില്‍ നടുവേദനക്കിടയാക്കാറുണ്ട്. ഗര്‍ഭകാലം, പ്രസവം, വയര്‍ ചാടല്‍, പേശികളുടെ ബലക്ഷയം, ഇവയും സ്ത്രീകളില്‍ നടുവേദന കൂട്ടാറുണ്ട്. അസ്ഥിക്ഷയം പോലുള്ള  രോഗങ്ങള്‍ സ്ത്രീകളില്‍ കൂടുതലായതിനാല്‍ നടുവേദനക്കുമിത് കാരണമാകാറുണ്ട്.

കുട്ടികളും നടുവേദനയും

കുട്ടികളില്‍ പൊതുവെ നടുവേദന കാണാറില്ല. ജന്മനായുള്ള ഘടനാവൈകല്യം, അര്‍ബുദം തുടങ്ങിയ ഗൗരവമുള്ള കാരണങ്ങളാലാണ്  കുട്ടികളില്‍ നടുവേദന ഉണ്ടാവുക. ഉടന്‍ ചികിത്സ തേടേണ്ടതാണ്. പ്രായമായവരിലുണ്ടാകുന്ന നടുവേദനയും ശ്രദ്ധയോടെ കാണണം.

കുടവയറും നടുവേദനയും

നട്ടെല്ലിനെ താങ്ങിനിര്‍ത്തുന്നത് അവയോട് ചേര്‍ന്നുള്ള പേശികളാണ്. കുടവയറ് നട്ടെല്ലിന് മുമ്പിലുള്ള ഉദരപേശികളുടെ ബലവും ദൃഢതയും കുറയ്ക്കും. ഇത് പിന്നിലുള്ള പേശികളുടെ ആയാസത്തെ കൂട്ടുന്നു. പേശികള്‍ക്കും കശേരുക്കള്‍ക്കും ഡിസ്കിനും ചലനവള്ളികള്‍ക്കുമുണ്ടാകുന്ന അമിത ആയാസം കുടവയറുകാരില്‍ നടുവേദനക്കിടയാക്കുന്നു.

നടുവേദനയും സന്ധിവാതരോഗങ്ങളും

കൈകാലുകളിലെ സന്ധികളെ അപേക്ഷിച്ച് നട്ടെല്ലിനെ കൂടുതലായി ബാധിക്കുന്ന സന്ധിവാത രോഗങ്ങളുണ്ട്. വിട്ടുമാറാത്ത നടുവേദനയാണിവയുടെ പ്രധാന ലക്ഷണം. അന്‍കൈലോസിങ് സ്പോണ്ടലൈറ്റിസ്, സോറിയാറ്റിക്  ആര്‍ത്രൈറ്റിസ്, റിയാക്ടീവ് ആര്‍ത്രൈറ്റിസ്, എന്‍ററോപതിക് ആര്‍ത്രൈറ്റിസ് തുടങ്ങിയവയാണ് നട്ടെല്ലിനെ ബാധിക്കുന്ന പ്രധാന സന്ധിവാത രോഗങ്ങള്‍.

സങ്കീര്‍ണതകള്‍

വിവിധ ഘട്ടങ്ങളിലൂടെ കടന്നാണ് നടുവേദന സങ്കീര്‍ണതയിലത്തെുക. നടുവേദനയുടെ ആദ്യഘട്ടത്തില്‍ വേദന നടുവില്‍ മാത്രമായി ഒതുങ്ങിനില്‍ക്കും. ഡിസ്ക് ഘടനാ വ്യതിയാനം വന്ന് താഴേക്ക് പോകുന്ന നാഡിയില്‍ സമ്മര്‍ദമേല്‍പിക്കുന്നതോടെ വേദന നടുവിന്‍െറ ഒരുവശത്തും കാലിലും വ്യാപിക്കും. ഒപ്പം കാലിന് പിടുത്തവും കാല് നിവര്‍ത്താന്‍  ബുദ്ധിമുട്ടും ഉണ്ടാകും. നടുവേദനയുടെ രണ്ടാംഘട്ടമാണിത്. മൂന്നാംഘട്ടത്തില്‍ കാലിന് ബലക്കുറവും തരിപ്പും അനുഭവപ്പെടും. അടുത്തഘട്ടത്തില്‍ കാല്‍വിരല്‍ ഉയര്‍ത്താനാകാതെയും മുട്ടുമടക്കാനാകാതെയും  വരും. ഉദ്ധാരണശേഷി കുറയുക, നേരെ നില്‍ക്കാന്‍ വയ്യാതാവുക ഇവയും  നടുവേദന സങ്കീര്‍ണമാകുമ്പോള്‍ ഉണ്ടാകാം.

പരിഹാരങ്ങള്‍

ചികിത്സ: നടുവേദനയുടെ കാരണങ്ങള്‍ക്കനുസരിച്ച് ചികിത്സയും വ്യത്യസ്തമായിരിക്കും. ഒൗഷധങ്ങള്‍ കഴിക്കുന്നതോടൊപ്പം സ്വേദനം, ധാര, വസ്തി ഇവയും നല്‍കാറുണ്ട്.  കൂടാതെ ഇലക്കിഴി, മാംസക്കിഴി, ഞവരക്കിഴി ഇവയം നല്ല ഫലം നല്‍കും.
കഴുത്തിലെയും നടുവിലെയും പേശികള്‍ മാനസിക പിരിമുറക്കത്തോട് ശക്തമായി പ്രതികരിക്കാറുണ്ട്. പിരിമുറുക്കം കൂടുമ്പോള്‍ പേശികള്‍ വഴക്കം കുറഞ്ഞ് പേശിപിടിത്തത്തിനിടയാക്കിയാണ് നടുവേദനയുണ്ടാകുന്നത്. ഇത്തരം വേദനകള്‍ക്ക് ശിരോധാര ഫലപ്രദമാണ്.

നടുവേദന തടയാന്‍
നിത്യവും ലഘുവ്യായാമങ്ങള്‍ ശീലമാക്കുന്നത് നടുവേദനയുടെ  കടന്നുവരവിനെ തടയും. നീന്തല്‍, നടത്തം ഇവ ശീലമാക്കാം. ഭുജംഗാസനം, മേദണ്ഡാസനം ഇവ ഗുണംചെയ്യും.
നിത്യവും ശരീരത്തില്‍ എണ്ണതേച്ച്് കുളിക്കുന്നതും നടുവേദന പോലെയുള്ള പ്രശ്നങ്ങളെ തടയും. ധന്വന്തരം, സഹചരാദി ഇവ നല്ല ഫലം തരും.  ആഴ്ചയിലൊരിക്കല്‍ ശീലമാക്കിയാലും മതിയാകും.
നട്ടെല്ലിന് ആയാസമുണ്ടാകാത്ത രീതിയില്‍ ഇരിക്കുകയും കിടക്കുകയും വേണം. മൃദുവായതോ കട്ടിയായതോ ആയ കിടക്കകള്‍ ഒഴിവാക്കണം.
മോര്-മുതിര, പാല്‍-കോഴിയിറച്ചി, തൈര്-മീന്‍ തുടങ്ങിയ വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കുക.  ചുവന്നുള്ളി, മോര്, ചേന, ഇലക്കറികള്‍ ഇവ ധാരാളമായി ഭക്ഷണത്തില്‍ പെടുത്തുക.
ഇരുചക്രവാഹനങ്ങളില്‍ ദീര്‍ഘദൂരയാത്ര ഒഴിവാക്കുക.


drpriyamannar@gmail.com

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.