ഉ​ണ്ണീ​ൻ പൊ​ന്നേ​ത്തും ഭാ​ര്യ ഖ​മ​റു​ൽ ലൈ​ല​യും

സൗഹൃദ പ്രവാസത്തോട് വിടചൊല്ലി ഉണ്ണീൻ പൊന്നേത്ത് നാട്ടിലേക്ക്

പെരിന്തൽമണ്ണ കരിങ്കല്ലത്താണി സ്വദേശിയായ ഉണ്ണീൻ പൊന്നേത്ത് 1983ൽ പ്രവാസത്തിലേക്കു ജീവിതം പറിച്ചുനട്ടപ്പോൾ ഫുട്ബാളിനോടുള്ള അടങ്ങാത്ത ആവേശം ഉപേക്ഷിച്ചിരുന്നില്ല. ആദ്യം സഹോദരന്‍റെ ടൈപ്പിങ് ഓഫിസിലും പിന്നീട് ഇന്ത്യൻ ഇസ്ലാഹി സ്കൂൾ, യുനൈറ്റഡ് അറബ് ബാങ്ക്, അൽഐനിലെ നാഷനൽ ബാങ്ക് ഓഫ് അബൂദബി എന്നിവിടങ്ങളിലും മികവാർന്ന സേവനമനുഷ്ഠിച്ചു. ഒഴിവു സമയത്തല്ലാം ഫുട്ബാളിനും സേവന പ്രവർത്തനങ്ങൾക്കു വേണ്ടിയും സമയം മാറ്റിവെച്ചു. ഫുട്ബാൾ ആവേശം ഉണ്ണീൻ 1995ൽ കളിതൽപരരായ കുറച്ചു സുഹൃത്തുക്കളുമായി പങ്കുവെച്ചതാണ് 'ബ്ലൂ സ്റ്റാർ' എന്ന ടീം രൂപവത്കരിക്കുന്നതിലേക്ക് നയിച്ചത്. അന്ന് മുതൽ ബ്ലൂ സ്റ്റാറിന്‍റെ അവസാന വാക്കായി തുടരുകയാണിദ്ദേഹം.

തുടക്കത്തിൽ അൽഐനിലും പിന്നീട് യു.എ.ഇയിലുടനീളവും വിവിധ മത്സരങ്ങളിൽ ബ്ലൂ സ്റ്റാർ പങ്കെടുത്തു. നിരവധി മത്സരങ്ങളിൽ ജേതാക്കളായി. അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്‍റർ നടത്തുന്ന മത്സരങ്ങളിലും പലപ്പോഴും ബ്ലൂ സ്റ്റാർ കിരീടംചൂടി. യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ബ്ലൂ സ്റ്റാർ നടത്തുന്ന ബ്ലൂ സ്റ്റാർ ഫാമിലി സ്പോർട്സ് ഫെസ്റ്റിവൽ ജി.സി.സിയിലെ തന്നെ ഇന്ത്യക്കാരുടെ മിനി ഒളിമ്പിക്സാണ്. കലാ രംഗത്തും സാമൂഹിക സേവന രംഗത്തും ബ്ലൂ സ്റ്റാർ അൽഐനിലെ നിറസാന്നിധ്യമാണ്. ഇന്ത്യൻ സോഷ്യൽ സെന്‍ററിന്‍റെ ഉന്നമനത്തിനു വേണ്ടിയും ബ്ലൂ സ്റ്റാർ മറ്റു സംഘടനകൾക്കൊപ്പം പ്രവർത്തിച്ചു. ഇന്ത്യൻ സോഷ്യൽ സെന്‍റർ കോർ കമ്മിറ്റി കൺവീനറായി ഉണ്ണീൻ പ്രവർത്തിച്ചിട്ടുണ്ട്. സെന്‍റർ ലൈഫ് മെംബർഷിപ്പും ഇദ്ദേഹത്തിനുണ്ട്. 11 വർഷത്തോളമായി എം.ഇ.എസിന്‍റെ സെൻട്രൽ കമ്മിറ്റി മെംബറും ആറുവർഷം എം.ഇ.എസ് അൽഐൻ സെക്രട്ടറിയുമായും പ്രവർത്തിച്ചിട്ടുണ്ട്. കുടാതെ അൽഐൻ റിട്ടേൺ അസോസിയേഷൻ സെക്രട്ടറി, മാപ്പിളകല അക്കാദമി സെക്രട്ടറി എന്നീ നിലകളിലും അൽഐൻ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം പ്രസിഡൻറ് എന്നീ നിലകളിലും നിയോഗിതനായി. അൽഐൻ സുന്നി സെന്‍ററിൽ നിറസാന്നിധ്യമായിരുന്നു ഉണ്ണീൻ. ഇന്ത്യക്കാർക്കിടയിലെന്നപോലെ പൊലീസ് ഓഫിസർമാർ മുതൽ ഒട്ടനവധി സ്വദേശികൾക്കിടയിലും ഉണ്ണീന് സൗഹൃദമുണ്ട്.

ഭാര്യ ഖമറുൽ ലൈലയും മക്കളായ ഡോ. ഫാത്തിമ മുഹ്സിനയും ആയിഷ അഹ്സനയും എല്ലാ കാര്യത്തിലും ഉണ്ണീനൊപ്പമുണ്ട്. ബ്ലൂ സ്റ്റാറിന്‍റെ വനിത വിഭാഗത്തിന്‍റെ നേതൃത്വം വഹിച്ചുണ്ട് ലൈല. ബ്ലൂസ്റ്റാർ ചിൽഡ്രൻസ് വിങ്ങിൽ മക്കളും സജീവമായിരുന്നു. പ്രവാസത്തിലെപോലെ തന്നെ നാട്ടിലെ സാംസ്കാരിക സാമൂഹിക രംഗത്ത് സജീവമാകാനാണ് ഉണ്ണീന് താൽപര്യം. കരിങ്കല്ലത്താണിയിൽ ടർഫ് തുടങ്ങുകയും കുരുന്നു പ്രതിഭകളെ കണ്ടെത്തി വാർത്തെടുക്കാനുമുള്ള ഒരുക്കത്തിലാണ്. മലപ്പുറം ജില്ല ടെർഫ് അസോസിയേഷൻ സെക്രട്ടറിയാണ് ഉണ്ണീൻ.

Tags:    
News Summary - Saying goodbye to friendly exile, Unneen Ponneth returned home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.