‘വിദ്യാർഥികളുമായി ബന്ധപ്പെടാൻ അധ്യാപകർ സ്വന്തം ഫോൺ ഉപയോഗിക്കരുത്’; പുതിയ സുരക്ഷാ ചട്ടക്കൂട് പുറത്തിറക്കി കെ.എച്ച്.ഡി.എ

ദുബൈ: ദുബൈയിലെ സ്വകാര്യ സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകർ വിദ്യാർഥികളുമായി ബന്ധപ്പെടുന്നതിന് സ്വന്തം മൊബൈൽ ഫോണുകളോ, സ്വകാര്യ വാട്‌സ്ആപ്പ് അക്കൗണ്ടുകളോ, സോഷ്യൽ മീഡിയ പ്രൊഫൈലുകളോ ഉപയോഗിക്കുന്നത് വിലക്കി. ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്‍റ് അതോറിറ്റി (കെ.എച്ച്.ഡി.എ) പുറത്തിറക്കിയ പുതിയ സുരക്ഷാ ചട്ടക്കൂട് പ്രകാരമാണ് ഈ നടപടി. പഠനസംബന്ധമായ എല്ലാ ആശയവിനിമയങ്ങൾക്കും സ്കൂളുകൾ അംഗീകരിച്ച ഔദ്യോഗിക ഉപകരണങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

നവംബർ 13-ന് പ്രഖ്യാപിച്ച ഈ ചട്ടക്കൂട് അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള പ്രൊഫഷനൽ അതിർവരമ്പുകൾ ശക്തിപ്പെടുത്താനും അനുചിതമായ ഇടപെടലുകൾ തടയാനും ലക്ഷ്യമിടുന്നു. വിദ്യാർഥികളുമായി രഹസ്യമായോ വ്യക്തിപരമായോ ഉള്ള ബന്ധങ്ങൾ പാടില്ല. എല്ലാ ആശയവിനിമയങ്ങളും സ്ഥാപനത്തിന്‍റെ നിരീക്ഷണത്തിലും ഉത്തരവാദിത്തത്തിലും ആയിരിക്കണം. ജീവനക്കാരുടെ പെരുമാറ്റം കൃത്യമായി നിരീക്ഷിക്കാനും സുരക്ഷാ വീഴ്ചകൾ റിപ്പോർട്ട് ചെയ്യാനും സ്കൂളുകൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് കെ.എച്ച്.ഡി.എ നിഷ്കർഷിക്കുന്നു.

ഡിജിറ്റൽ ആശയവിനിമയത്തിന് പുറമെ സ്കൂൾ വളപ്പിലെ പെരുമാറ്റച്ചട്ടങ്ങളും പുതിയ നയത്തിൽ ഉൾപ്പെടുന്നു. വിദ്യാർഥികൾക്ക് അനധികൃതമായി സമ്മാനങ്ങൾ നൽകുന്നതോ പ്രത്യേക പരിഗണന നൽകുന്നതോ ഒഴിവാക്കണം. കുട്ടികളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതിനും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിനും സ്ഥാപനത്തിന്‍റെ കർശന നിയമങ്ങൾ പാലിക്കണം. വിദ്യാർഥികളുമായി സംസാരിക്കുമ്പോൾ തുറന്ന അന്തരീക്ഷം തെരഞ്ഞെടുക്കണം. അടച്ചിട്ട മുറികളിൽ തനിച്ചുള്ള കൂടിക്കാഴ്ചകൾ അനിവാര്യമാണെങ്കിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

സ്വകാര്യ സ്കൂളുകൾക്ക് പുറമെ നഴ്സറികൾ, സർവകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൊക്കേഷനൽ പരിശീലന കേന്ദ്രങ്ങൾ എന്നിവക്കും ഈ നിയമം ബാധകമാണ്. ഓൺലൈൻ പഠന വേദികൾക്കും ഇത് ബാധകമായിരിക്കും. അധ്യാപകർക്ക് പുറമെ പരിശീലകർ, സന്നദ്ധപ്രവർത്തകർ, കരാറുകാർ തുടങ്ങി വിദ്യാർഥികളുമായി ഇടപഴകുന്ന മുതിർന്നവരെല്ലാം സ്ഥാപനത്തിന്‍റെ പെരുമാറ്റച്ചട്ടം അംഗീകരിക്കേണ്ടതുണ്ട്.

സൈബർ ബുള്ളിയിങ്, ഓൺലൈൻ ചൂഷണം, എ.ഐ ദുരുപയോഗം എന്നിവയിൽനിന്ന് വിദ്യാർഥികളെ സംരക്ഷിക്കാനും പുതിയ ചട്ടക്കൂട് ലക്ഷ്യമിടുന്നു. ഇതിനായി ഓരോ സ്ഥാപനവും ബോർഡ് തലത്തിൽ ഒരു ‘സേഫ്ഗാർഡിങ് ഗവർണറെ’യും പ്രത്യേക കോഓഡിനേറ്ററെയും നിയമിക്കണം. നിലവിലുള്ള നയങ്ങൾ പരിഷ്കരിക്കാനും ജീവനക്കാർക്ക് പരിശീലനം നൽകാനുമായി 12 മാസം വരെയുള്ള ഘട്ടംഘട്ടമായുള്ള സമയപരിധിയാണ് കെ.എച്ച്.ഡി.എ സ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്നത്.

അധ്യാപകർക്ക് സ്വന്തം ഫോൺ നമ്പറുകൾ ഉപയോഗിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്ന് വുഡ്‌ലം എജ്യുക്കേഷൻ മാനേജിങ് ഡയറക്ടർ നൗഫൽ അഹമ്മദ് പറഞ്ഞു. അധ്യാപകർക്ക് സ്കൂൾ വക ഔദ്യോഗിക സിം കാർഡുകളും ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും നൽകുന്നുണ്ട്. ഇതിലൂടെ അധ്യാപകരുടെയും വിദ്യാർഥികളുടെയും സ്വകാര്യത സംരക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെംസ് എജ്യുക്കേഷനും സമാനമായ സുരക്ഷാ നയങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - KHDA releases safety framework

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.