അബൂദബിയിൽ 12 പുതിയ പാർക്കുകൾ തുറന്നു, ചെലവ് 15 കോടി ദിർഹം
അബൂദബി: നഗരത്തിന്‍റെ പച്ചപ്പ് വർധിപ്പിക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള വൻകിട പദ്ധതികളുടെ ഭാഗമായി അബൂദബിയിൽ 15 കോടി ദിർഹമിലധികം ചെലവഴിച്ച് നിർമിച്ച 12 പുതിയ പാർക്കുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. നഗരസഭ-ഗതാഗത വകുപ്പാണ് (ഡി.എം.ടി) അൽ റിയാദ് സിറ്റി, ശഖ്ബൂത് സിറ്റി എന്നിവിടങ്ങളിൽ ഈ പാർക്കുകൾ സജ്ജമാക്കിയത്. 19 ഫിഫ സർട്ടിഫൈഡ് ഫുട്ബാൾ മൈതാനങ്ങൾക്ക് തുല്യമായി 1,35,000ത്തിലധികം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പാർക്കുകൾ വ്യാപിച്ചുകിടക്കുന്നത്.
അൽ റിയാദ് സിറ്റിയിലെ ഏഴ് പാർക്കുകൾ ഒരു ലക്ഷം ചതുരശ്ര മീറ്ററിലും ശഖ്ബൂത് സിറ്റിയിലെ അഞ്ച് പാർക്കുകൾ 37,000 ചതുരശ്ര മീറ്ററിലുമാണ് നിർമിച്ചിരിക്കുന്നത്. പ്രദേശത്തിന്‍റെ സ്വാഭാവിക അന്തരീക്ഷത്തിന് ഇണങ്ങുന്ന 3,129 ലധികം തദ്ദേശീയ മരങ്ങൾ നടുകയും 87,200 ചതുരശ്ര മീറ്ററിൽ തുറസ്സായ ഹരിത ഇടങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
പാഡെൽ ടെന്നീസ് കോർട്ടുകൾ, മൾട്ടി യൂസ് കോർട്ടുകൾ, വോളിബോൾ, ബാഡ്മിന്റൺ കോർട്ടുകൾ, സൈക്ലിങ് ട്രാക്കുകൾ, ഫിറ്റ്നസ് സ്റ്റേഷനുകൾ, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, പിക്നിക് ടേബിളുകൾ, കുടിവെള്ള വിതരണ കേന്ദ്രങ്ങൾ തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങളാണ് പാർക്കുകളിൽ ഒരുക്കിയിട്ടുള്ളത്. ഊർജ്ജക്ഷമതയുള്ള ലൈറ്റിങ് സംവിധാനങ്ങളും പരിസ്ഥിതി സൗഹൃദ ജലസേചന രീതികളുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.