സുരക്ഷാ നിരീക്ഷണ കാമറകൾ സ്ഥാപിക്കണം; ലംഘിച്ചാൽ പിഴ

ജിദ്ദ: രാജ്യത്ത്​ സുരക്ഷാ നിരീക്ഷണ കാമറകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നിർണയിച്ചു. സുരക്ഷാ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന നിബന്ധന രാജ്യവ്യാപകമായി നടപ്പാക്കാൻ​ മന്ത്രിസഭ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ആഭ്യന്തരമന്ത്രാലയം​​ കാമറകൾ സ്ഥാപിക്കാൻ അനുവാദമുള്ളതും ഇല്ലാത്തതുമായ സ്ഥലങ്ങൾ നിർണയിച്ചിരിക്കുന്നത്​.

കാമറകൾ നിർബന്ധമായും സ്ഥാപിക്കേണ്ട ഓരോ വിഭാഗത്തോടും നിശ്ചിത കാലാവധിക്കുള്ളിൽ അത് പാലിക്കാൻ നിർബന്ധിക്കും. അതിനായി സമയ പദ്ധതി തയാറാക്കുന്നതിന് മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തും​.

അതോറിറ്റികൾ, മന്ത്രാലയങ്ങൾ, ഷോപ്പിങ്​ സെൻററുകൾ, വാണിജ്യ സമുച്ചയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ നിരീക്ഷണ കാമറ സംവിധാനം സ്ഥാപിക്കാനും സജ്ജീകരിക്കാനും മന്ത്രാലയം ആവിഷ്കരിച്ച വ്യവസ്ഥ ആവശ്യപ്പെടുന്നുണ്ട്​. ഇത്​ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട വിശദാംശങ്ങൾ ഇവയാണ്.

കാമറകൾ നിർബന്ധമായും സ്ഥാപിക്കേണ്ട സ്ഥലങ്ങൾ:

പാർപ്പിട കേന്ദ്രങ്ങൾ, കെട്ടിട സമുച്ചയങ്ങൾ, വാണിജ്യ വെയർഹൗസുകൾ, ഷോപ്പിങ്​ സെൻററുകൾ, പൊതു-സ്വകാര്യ വിനോദ സ്ഥാപനങ്ങൾ, പൊതു-സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, ആശുപത്രികളും ക്ലിനിക്കുകളും, നഗരങ്ങളിലെ പ്രധാന റോഡുകളും അവയുടെ കവലകളും, നഗരങ്ങളെയും മറ്റ് പട്ടണങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈവേകൾ, ഇന്ധന സ്​റ്റേഷനുകൾ, ഗ്യാസ് വിൽപ്പന സ്ഥലങ്ങൾ, പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഭക്ഷണ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, എണ്ണ, പെട്രോകെമിക്കൽ സ്ഥാപനങ്ങൾ, വൈദ്യുതി ഉൽപ്പാദന-ജലശുദ്ധീകരണ സ്ഥാപനങ്ങൾ, ടൂറിസ്റ്റുകൾക്കുള്ള അപ്പാർട്ടുമെന്റുകളും ഹോട്ടലുകളും, ധനകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, എക്സ്ചേഞ്ച്, മണി ട്രാൻസ്​ഫർ സെൻററുകൾ, പാർപ്പിട സമുച്ചയങ്ങൾ, പള്ളികൾ, മക്കയിലെ മസ്​ജിദുൽഹറാം, മദീനയിലെ മസ്​ജിദുന്നബവി, മറ്റ് പുണ്യസ്ഥലങ്ങൾ, യുവജന കേന്ദ്രങ്ങൾ, ക്ലബ്ബുകൾ, സ്​പോർട്സ് സ്​റ്റേഡിയങ്ങൾ, സ്വകാര്യ സാംസ്​കാരിക സ്ഥാപനങ്ങൾ, പൊതുഗതാഗതം, ഇവൻറുകൾക്കും ഉത്സവങ്ങൾക്കുമുള്ള വേദികൾ, സാമ്പത്തിക വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള സ്ഥലങ്ങൾ, പൊതു-സ്വകാര്യ മ്യൂസിയങ്ങൾ, സന്ദർശകരെത്തുന്ന പുരാവസ്തു, ചരിത്ര, പൈതൃക സ്ഥലങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷാ നിരീക്ഷണ കാമറകൾ നിർബന്ധമായും സ്ഥാപിച്ചിരിക്കണം​.

കാമറകൾക്ക് അനുവാദമില്ലാത്ത സ്ഥലങ്ങൾ

മെഡിക്കൽ പരിശോധനാ മുറികൾ, രോഗികളെ അഡ്​മിറ്റ്​ ചെയ്യുന്ന സ്ഥലങ്ങൾ, ഫിസിയോതെറാപ്പി സെന്റർ, വസ്ത്രങ്ങൾ മാറാനുള്ള സ്ഥലങ്ങൾ, ടോയ്‌ലറ്റുകൾ, വനിതാ സലൂണുകൾ, വനിതാ ക്ലബ്ബുകൾ, ടൂറിസ്റ്റുകൾക്കുള്ള ഹൗസിങ്​ യൂനിറ്റ്, മെഡിക്കൽ ഓപ്പറേഷൻസ് നടത്താനുള്ള മുറികൾ, സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കാമറകൾ സ്ഥാപിക്കാൻ പാടില്ല.

കാമറകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നിരവധി നിയന്ത്രണങ്ങളും വ്യവസ്ഥയിലുൾപ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ അല്ലെങ്കിൽ ജുഡീഷ്യറിയുടെ ഉത്തരവ്, അംഗീകൃത അന്വേഷണ അതോറിറ്റിയുടെ അഭ്യർഥന എന്നിവയില്ലാതെ കാമറാ ദൃശ്യങ്ങൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാൻ പാടില്ല. അത് കർശനമായി​ നിരോധിച്ചിട്ടുണ്ട്​. സുരക്ഷാ കാമറകളുടെ നിർമാണം, ഇറക്കുമതി, വിൽപന, സ്ഥാപിക്കൽ, പ്രവർത്തിപ്പിക്കൽ, പരിപാലിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന്​ ആവശ്യമായ അനുമതികൾ നേടിയിരിക്കണം.

സ്ഥലങ്ങളിൽ സുരക്ഷാ നിരീക്ഷണ കാമറകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കണം. കാമറകളെ കുറിച്ചുള്ള വിശദവിവരങ്ങൾ, എണ്ണം, ഘടിപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവ ഈ ബോർഡുകളിൽ വ്യക്തമാക്കിയിരിക്കണം. നിശ്ചയിച്ച സാങ്കേതിക സവിശേഷതകൾ ലംഘിച്ചാൽ ഓരോ കാമറക്കും 500 റിയാൽ പിഴയും വ്യവസ്ഥപ്രകാരം സ്ഥാപിക്കാത്ത ഓരോ കാമറക്കും 1,000 റിയാൽ പിഴയും ശിക്ഷയുണ്ടാകും. രേഖകൾ സൂക്ഷിക്കാത്തതിന് 5,000 റിയാലും വ്യവസ്ഥകൾ ലംഘിച്ച് റെക്കോർഡിങുകൾ കൈമാറുകയോ പ്രസിദ്ധീകരിക്കുകയോ സുരക്ഷാ കാമറ സംവിധാനങ്ങളുടെയോ റെക്കോർഡിങ്ങുകളുടെയോ ഉപകരണങ്ങൾ നശിപ്പിക്കുകയോ ചെയ്യുന്ന ആൾക്ക്​ 20,000 റിയാൽ പിഴയും ഉണ്ടാകുമെന്നും​ വ്യവസ്ഥയിലുണ്ട്​.

Tags:    
News Summary - Security surveillance cameras should be installed, Penalty for violation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.