വേനല്‍: മധ്യാഹ്ന ജോലിക്ക് വിലക്ക് ജൂണ്‍ 15 മുതല്‍

റിയാദ്: സൗദി തൊഴില്‍ നിയമത്തിന്‍െറയും മന്ത്രിസഭ തീരുമാനത്തിന്‍െറയും അടിസ്ഥാനത്തില്‍ വേനലില്‍ നട്ടുച്ചക്ക് പുറത്ത് ജോലി ചെയ്യുന്നതിനുള്ള വിലക്ക് ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വ്യക്തമാക്കി. ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണിവരെയാണ് പുറത്തെ ജോലിക്ക് വിലക്കുള്ളത്. വിലക്ക് സപ്തംബര്‍ 15 വരെ തുടരുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
രണ്ടുവര്‍ഷം മുമ്പ് സൗദി മന്ത്രിസഭ അംഗീകരിച്ച നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് മധ്യവേനലില്‍ നട്ടുച്ചക്ക് സൂര്യന് താഴെയുള്ള ജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ പരിശോധന വിഭാഗം അണ്ടര്‍സെക്രട്ടറി ഡോ. ഫഹദ് ബിന്‍ അബ്ദുല്ല അല്‍ഉവൈദി പറഞ്ഞു.
പെട്രോളിയം, ഗ്യാസ് കമ്പനികള്‍, അവശ്യവിഭാഗത്തിലെ അറ്റകുറ്റപ്പണിക്കാര്‍ തുടങ്ങിയവര്‍ക്ക് നിയമത്തില്‍ ഇളവ് അനുവദിച്ചതോടൊപ്പം സൂര്യതാപമേല്‍ക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രാലയം ഉണര്‍ത്തി. രാജ്യത്തെ മിക്ക മേഖലകളിലും നിയമം ബാധകമാക്കുമ്പോള്‍ അന്തരീക്ഷ താപനില കുറഞ്ഞ ഏതാനും മേഖലകള്‍ നിയമത്തില്‍ നിന്ന് ഇളവ് നല്‍കിയിട്ടുണ്ട്.
ഇത്തരം മേഖലകളിലെ ഇമാറകളുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അണ്ടര്‍സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
തൊഴിലുടമകള്‍ സൂര്യന് താഴെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലി സമയം നിശ്ചയിച്ചുനല്‍കുമ്പോള്‍ നട്ടുച്ച സമയം ഒഴിവാക്കിയുള്ള സമയക്രമം നടപ്പാക്കണമെന്ന് തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍െറ വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ഥിച്ചു. തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും സുരക്ഷ ഉറപ്പുവരുത്താനും ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ പാലിക്കണമെന്നും നിയമലംഘനങ്ങള്‍ കണ്ടത്തൊന്‍ പരിശോധന ഏര്‍പ്പെടുത്തുമെന്നും നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും നിയമം അനുശാസിക്കുന്ന പിഴയും ശിക്ഷയും ലഭിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തൊഴില്‍ നിയമവുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റ് വഴിയോ 19911 എന്ന നമ്പറിലോ അറിയിക്കാവുന്നതാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.