????? ??????? ????????????? ???????????? ???????? ?????? ?????????????

എട്ട് മാസമായി ശമ്പളമില്ല; ദുരിതക്കടലില്‍ ആയിരത്തോളം തൊഴിലാളികള്‍

ദമ്മാം: എട്ട് മാസത്തോളമായി ശമ്പളം കുടിശ്ശികയായതിനാല്‍ ഭക്ഷണത്തിന് പോലും വകയില്ലാതെ ആയിരത്തോളം തൊഴിലാളികള്‍ ദുരിത ജീവിതം നയിക്കുന്നു. ദമ്മാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനി തൊഴിലാളികളാണ് ദുരിതത്തിനറുതിയില്ലാതെ മാസങ്ങളായി നീതിക്കായി കാത്തിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ തൊഴിലാളികളുടെ ശമ്പളം മുടങ്ങിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനി അധികൃതര്‍ പല തവണ ശമ്പള കുടിശ്ശിക തീര്‍ക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല.
ഇതിനിടയില്‍ പലരുടെയും ഇഖാമയുടെയും ഇന്‍ഷുറന്‍സ് കാര്‍ഡിന്‍െറയും കാലാവധി തെറ്റി. കമ്പനി തൊഴിലാളി ആന്ധ്ര സ്വദേശി, നരസിംഹ റാവു ഹൃദയാഘാതം മൂലം താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോവാന്‍ അധികൃതര്‍ വാഹന സൗകര്യം ഒരുക്കാത്തതിനാലാണ് ഇദ്ദേഹം ചികിത്സ കിട്ടാതെ മരിച്ചതെന്ന് പരാതിയുന്നയിച്ച് തൊഴിലാളികള്‍  സമരത്തിനിറങ്ങി. സമാന രീതിയില്‍ മതിയായ ചികിത്സ കിട്ടാതെ മറ്റ് രണ്ട് പാകിസ്ഥാനി സ്വദേശികളും മരിച്ചതായി പറയുന്നു. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കൂടുതല്‍. പെയിന്‍റിങ്, പ്ളമ്പിങ്, വയറിങ്, വര്‍ക് ഷോപ്പ് ജോലികള്‍, നിര്‍മാണ തൊഴില്‍ തുടങ്ങി വിവിധ തരത്തിലുള്ള വിദഗ്ധ തൊഴില്‍ ചെയ്യുന്നവരാണ് നല്ളൊരു ശതമാനവും. ആനുകൂല്യങ്ങള്‍ ഒന്നും ഇല്ളെങ്കിലും നാട്ടിലേക്കു എക്സിറ്റ് വിസയില്‍ വിടണമെന്ന ചില തൊഴിലാളികളുടെ അപേക്ഷയോടു പോലും പ്രതികരിക്കാത്ത  നിലപാടാണ് കമ്പനി അധികൃതരുടേത്. വളരെ ചുരുക്കം ചില തൊഴിലാളികള്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങുകയും മറ്റു കമ്പനികളിലേക്ക് ട്രാന്‍സ്ഫര്‍ ആവുകയും ചെയ്തതൊഴിച്ചാല്‍ ഭൂരിഭാഗവും ഇപ്പോഴും അധികൃതരുടെ കനിവ് കാത്ത് കഴിയുകയാണ്. കമ്പനി ടിക്കറ്റ് നല്‍കുമെങ്കില്‍  ഫൈനല്‍ എക്സിറ്റില്‍ പോവാനും ചിലര്‍ ഒരുക്കമാണ്. മുമ്പ് ഫുഡ് അലവന്‍സായി കൊടുത്തുകൊണ്ടിരുന്ന 200 റിയാലും ഇടക്കാലത്ത് നിര്‍ത്തലാക്കിയത് തിരിച്ചടിയായി. പിന്നീട്, പലപ്പോഴായി സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്തിരുന്ന ഇഫ്താര്‍ കിറ്റും മറ്റു സഹായങ്ങളും ലഭിച്ചതിലാനാണ് വിശപ്പടക്കാന്‍ സാധിച്ചതെന്ന് തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോഴും സുമനുസ്സുകള്‍ നല്‍കുന്ന സഹായത്താലാണ് ഇവരുടെ നിത്യജീവിതം മുന്നോട്ട് പോവുന്നത്. മലയാളി തൊഴിലാളികള്‍ കേരള  മുഖ്യമന്ത്രി, ശശി തരൂര്‍ എം.പി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ ബന്ധുക്കള്‍ ഡല്‍ഹി ജന്തര്‍ മന്ദറില്‍ ധര്‍ണ നടത്തിയത് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്നാണ് വിദേശ മന്ത്രാലയവും എംബസി അധികൃതരും കേസില്‍ പെട്ടെന്ന് ഇടപെടുന്നത്. കഴിഞ്ഞ ദിവസം എംബസി ഉദ്യോഗസ്ഥര്‍ കമ്പനി സന്ദര്‍ശിക്കുകയും തൊഴിലാളുകളുമായും ബന്ധപ്പെട്ട അധികൃതരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എംബസി അധികൃതരുടെയും  സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഉടന്‍ തന്നെ പ്രശ്നപരിഹാരത്തിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലാണ് ദുരിതച്ചൂടില്‍ കഴിയുന്ന ഈ തൊഴിലാളികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.