സ്വദേശി യുവാവ് ഉല്‍പാദിപ്പിക്കുന്നത് ടണ്‍ കണക്കിന് തേന്‍

ദോഹ: കനത്ത ചൂടും പൊടിക്കാറ്റും വെല്ലുവിളി ഉയര്‍ത്തുമ്പോഴും സ്വാദൂറുന്ന തേന്‍ ഉല്‍പാദിപ്പിക്കുകയാണ് ഖാലിദ് അല്‍ സുവൈദി എന്ന സ്വദേശി യുവാവ്. പത്തുവര്‍ഷമായി നടത്തുന്ന തേനിച്ച കൃഷിയുടെ വിജയഗാഥയാണ് ഈ 40 കാരന്  പറയാനുള്ളത്. 10ാം വയസ്സില്‍ തേനീച്ചയുടെ കുത്തേറ്റത് മുതല്‍ തുടങ്ങിയതാണ് സുവൈദിക്ക് ഇവയോടുള്ള അടുപ്പം. ശാസ്ത്രീയമായി പരിപാലിച്ചും അനുകൂല കാലാവസ്ഥ സൃഷ്ടിച്ചെടുത്തും രാജ്യത്തെ ഏറ്റവും മികച്ച തേനുല്‍പാദന കേന്ദ്രമായി മാറിയിരിക്കുകയാണ് സുവൈദിയുടെ ‘അബു സെയ്ഫ് ആപ്പിയറി’. ശഹാനിയയിലും ഖത്തറിന്‍െറ വിവിധ ഭാഗങ്ങളിലുമായി പരന്നുകിടക്കുകയാണ് അദ്ദേഹത്തിന്‍െറ തേനീച്ചകൃഷി. വീടിന്‍െറ പിന്‍ഭാഗത്തെ സിദ്റ മരത്തില്‍ അരക്കിലോയില്‍ തുടങ്ങിയ തേനുല്‍പാദനം കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ചത് എട്ട് ടണ്ണാണ്.
യൂറോപ്പില്‍നിന്നാണ് ഖാലിദ് തേനീച്ചവളര്‍ത്തലിലുള്ള വിവിധ കോഴ്സുകള്‍ അഭ്യസിച്ചത്. പിന്നീട് ഓണ്‍ലൈനിലൂടെ കൃഷിക്ക് വേണ്ട വിവിധ അറിവുകളും സമ്പാദിച്ചു. അല്‍ വക്റ സൂഖില്‍ മാനേജറായ അദ്ദേഹം ജോലിയില്‍ നിന്ന് വീണുകിട്ടുന്ന ഒഴിവുസയമം മുഴുവന്‍ ഇതിനായി വിനിയോഗിക്കുന്നു. ഖത്തര്‍ ഗവണ്‍മെന്‍റിന്‍െറ വിവിധ സഹായവും തേനീച്ചകൃഷിക്കുണ്ട്. ചുട് കാലാവസ്ഥയില്‍ കൃഷി മുന്നോട്ടുകൊണ്ടുപോകാനുള്ള രീതികളും മറ്റും കൈമാറി, കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നുമുണ്ട്. ഖത്തറില്‍ ഏഴുമാസത്തോളം നീളുന്ന പ്രക്രിയയാണ് തേനുല്‍പാദനം. നാല് വ്യത്യസ്തയിനം തേന്‍ ഇനങ്ങളാ ഉല്‍പാദിപ്പിക്കുന്നത്. സിദ്റ, സമറ്, ലെ മണ്‍, സ്പ്രിങ് തുടങ്ങിയ വിവിധയിനം മരങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന തേനിന് അവയുടെതന്നെ  പേരുകളാണ് നല്‍കിയിട്ടുള്ളത്. രുചി, നിറം, ഗന്ധം, ധാധുക്കള്‍, ഉപ്പുരസം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇവയുടെ ഗുണമേന്മ അളക്കുന്നത്. മിതോഷ്ണ മേഖലയായ യൂറോപ്പിനെ മാറ്റിനിര്‍ത്തി ഖത്തറിലെ സമാന രീതിയിലുള്ള കാലാവസ്ഥയുള്ള ഈജിപ്തില്‍നിന്നാണ് തേനീച്ചകളെ ഇറക്കുമതി ചെയ്യുന്നത്. 20,000 മുതല്‍ 60,000 തേനീച്ചകളെ വരെ വിമാനത്തില്‍ കൊണ്ടുവരികയും ശഹാനിയയിലെ കൃഷി സ്ഥലത്തുള്ള മരക്കൂടുകളിലേക്ക് മാറ്റുകയുമാണ് ചെയ്യുക. ഈ വര്‍ഷം 1500 എണ്ണത്തെ കൊണ്ടുവന്നതായി ഖാലിദ് പറഞ്ഞു. 
മറ്റു രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി ഉല്‍പാദനചെലവും ഗുണമേന്മയും കൂടുതലുള്ള  ഇവിടുത്തെ തേനിന്  യൂറോപ്യന്‍ തേനിനെ അപേക്ഷിച്ച് വില ആറിരട്ടിയാണ്. 50 റിയാലിന് യൂറോപ്യന്‍ തേന്‍ ലഭിക്കുമ്പോള്‍ ഖത്തര്‍ സിദ്റ തേനിന് 300 റിയാല്‍ വിലവരും. മാത്രമല്ല, യൂറോപ്പില്‍ ഒരു പെട്ടിയില്‍ നിന്ന് ഒരു സീസണില്‍ 300 കിലോഗ്രാം തേന്‍ ലഭിക്കുമ്പോള്‍ ഖത്തറില്‍ അഞ്ച് മുതല്‍ 20 കിലോഗ്രാം വരെ മാത്രമേ  ഉല്‍പാദിപ്പിക്കുന്നുള്ളൂ. 
യൂറോപ്പില്‍നിന്നും ആഫ്രിക്കയില്‍നിന്നും വിരുന്നത്തെുന്ന ഒരിനം പക്ഷികളും ഉറുമ്പും മറ്റു കീടങ്ങളും പിന്നെ പൊടിക്കാറ്റുമാണ് കൃഷിക്ക് വെല്ലുവിളി.  ചൂട് 45 ഡിഗ്രിയിലത്തെുമ്പോള്‍ തേനീച്ചകളെ സ്വതന്ത്രമാക്കാറാണ് പതിവെന്നും തങ്ങള്‍ക്ക് ഏറ്റവും ഇണങ്ങിയ സ്ഥലം അവ തനിയെ കണ്ടുപിടിച്ചുകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സീസണ്‍ അവസാനിക്കുന്നതിന്‍െറ രണ്ടു മാസം മുമ്പ് തേനെടുക്കുന്നത് നിര്‍ത്തിവെക്കേണ്ടതുണ്ട്. ഇവയുടെ നിലനില്‍പ്പിനായി തേനീച്ചക്ക് കുറച്ച തേന്‍ സ്വയം  സംഭരിച്ചുവെക്കേണ്ടതിനാലാണിത്. തനീച്ച കര്‍ഷകരുടെ കൂട്ടയ്മയായ ആപ്പിമോണ്‍ഡിയയുടെ ആഗോള സമ്മേളനത്തില്‍ അബു സെയ്ഫ് കേന്ദ്രത്തിന് ഒൗദ്യോഗിക സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. 
രാജ്യാന്തര തലത്തില്‍ വ്യാപാരം നടത്താന്‍ തക്ക ഗുണമേന്മ ഇതിനുള്ളതായും ഖാലിദ് പറഞ്ഞു. സൂഖ് വാഖിഫിലെ അബൂ സെയ്ഫ് കഫേ വിപണന കേന്ദ്രത്തിലൂടെ മാത്രമേ ഈ തേന്‍ വില്‍ക്കപ്പെടുന്നുള്ളൂ. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.