ബഹ്‌റൈന് നേരെ ഇറാൻ ആക്രമണം: കുവൈത്ത് ശക്തമായി അപലപിച്ചു
കുവൈത്ത് സിറ്റി: ബഹ്‌റൈൻ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. ബഹ്‌റൈന്റെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്നമായ ലംഘനമാണിതെന്നും, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭ ചാർട്ടർ, യു.എൻ സുരക്ഷാ സമിതി പ്രമേയം എന്നിവയുടെ വ്യക്തമായ ലംഘനമാണിതെന്നും കുവൈത്ത് ചൂണ്ടികാട്ടി.
ആക്രമണങ്ങളെ കുവൈത്ത് ശക്തമായി തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക സുരക്ഷ, സ്ഥിരത എന്നിവക്ക് ഭീഷണിയും, അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കുന്നതുമാണ് ഈ ആക്രമണങ്ങളെന്നും മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈന് പൂർണ്ണ ഐക്യദാർഢ്യം അറിയിച്ച കുവൈത്ത് രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ ആവർത്തിച്ചു.
ഞായറാഴ്ച പുലർച്ചെയാണ് ബഹ്‌റൈന് നേരെ ആക്രമണം ഉണ്ടായത്. രാജ്യാതിർത്തിയിൽ എത്തിയ ഇറാനിയൻ ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു. സംഭവത്തെത്തുടർന്ന് രണ്ട് തവണ അപായ സൈറൺ മുഴങ്ങി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൗരന്മാരും താമസക്കാരും പരിഭ്രാന്തരാകരുതെന്നും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.